EV6 ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കി Kia, പ്രാരംഭ വില 59.95 ലക്ഷം രൂപ
EV6 ഇലക്ട്രിക് കാർ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി എത്തുന്ന ഇവി ക്രോസ്ഓവർ മോഡലിന് 59.95 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് വാഹനം പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലെത്തുന്നതെന്ന് സാരം.

കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവറിന്റെ 100 യൂണിറ്റുകൾ മാത്രമാണ് ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. ഇത് ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മോഡലുകൾക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് വില.

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്‌ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ E-GMP ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് കിയ EV6 ഇലക്ട്രിക് കാറിനെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഇവി 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്.

ഇത് പരമാവധി 528 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമായിരിക്കുമെന്നും കിയ അവകാശപ്പെടുന്നു. EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. അതേസമയം 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ ഇവി മോഡൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കും.

EV6 ഇവിയുടെ ബാറ്ററി അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ് എന്നതും ഏറെ ഗുണകരമായ കാര്യമാണ്. ഇതിലൂടെ വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ വാഹനത്തെ സഹായിക്കും. 225 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന റിയർ വീൽ ഡ്രൈവായ സിംഗിൾ മോട്ടോർ പതിപ്പാണ് ജിടി ലൈൻ വേരിയന്റ്.

അതേസമയം EV6 ഇലക്ട്രിക്കിന്റെ രണ്ടാമത്തെ വേരിയന്റായ ജിടി ലൈൻ AWD ഫോർവീൽ ഡ്രൈവ് സംവിധാനമുള് ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് നൽകുന്നത്. ഇത് പരമാവധി 321 bhp പവറിൽ 605 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്. EV6 വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്.

ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ EV6 ഇവിക്ക് 4,695 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,550 മില്ലീമീറ്റർ ഉയരവും 2,900 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, സ്നോ വൈറ്റ് പേൾ, യാച്ച് ബ്ലൂ, മൂൺസ്‌കേപ്പ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് ക്രോസ്ഓവർ വാഗ്ദാനം ചെയ്യുന്നത്.

കൊറിയൻ ബ്രാൻഡ് ഒരു പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവറായാണ് EV6 വാഗ്ദാനം ചെയ്യുന്നത്. ആയതിനാൽ വാഹനത്തിന്റെ രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിനുമായി ഡ്യുവൽ 12.3 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേകളാണ് അവതരിപ്പിക്കുന്നത്.

ഇതുകൂടാതെ പൂർണ എൽഇഡി ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ ടോപ്പ് എൻഡ് ജിടി ലൈൻ AWD വേരിയന്റ് ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 14 സ്പീക്കറുകളുള്ള ഒരു മെറിഡിയൻ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള അധിക സുഖസൗകര്യങ്ങളും കൊറിയൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എട്ട് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെയാണ് EV6 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് സുരക്ഷാ സാങ്കേതികവിദ്യയ്ക്ക് പുറമെ ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സേഫ് എക്സിറ്റ് അസിസ്റ്റ്, ലെയ്ൻ ഫോളോ അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ എന്നിവയും മറ്റും ഉൾപ്പെടെ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ന് കീഴിൽ വിപുലമായ ഫീച്ചറുകളും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








