സുരക്ഷയുടെ കാര്യത്തിൽ Sonet എസ്‌യുവിയെ മിടുമിടുക്കനാക്കാൻ Kia, മാറ്റങ്ങളുമായി ഉടൻ വിപണിയിലേക്ക്
ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസയുവി സെഗ്മെന്റിലേക്ക് പല ആധുനിക സവിശേഷതകളും പരിചയപ്പെടുത്തിയ മോഡലായിരുന്നു കിയ സോനെറ്റ്. ബ്രാൻഡിന്റെ മൂന്നാമനായി രാജ്യത്തേക്ക് എത്തിയ മോഡലിന് മികച്ച സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്.

ആധുനിക സാങ്കേതികവിദ്യകൾക്കും ഫീച്ചറുകൾക്കും കൂടുതൽ ഊന്നൽ കൊടുത്ത ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് സുരക്ഷയുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധകൊടുക്കാൻ തുടങ്ങിയിരിക്കുകയാണ്. നേരത്തെ തന്നെ സേഫ്റ്റിയിലും സേനെറ്റ് മിടുക്കനായിരുന്നെങ്കിലും ഈ വിഭാഗത്തിൽ മിടുമിടുക്കനാവാൻ ഒരുങ്ങുകയാണ്.

സുരക്ഷാ ഫീച്ചറുകളുടെ വിഭാഗത്തിൽ സോനെറ്റിന് ഒരു ഉത്തേജനം നൽകാൻ കിയ ഇന്ത്യ പ്രവർത്തിച്ചു വരികയാണ് എസ്‌യുവിക്ക് ഉടൻ വില വർധനവ് ലഭിക്കുമ്പോൾ ഈ പരിഷ്ക്കാരങ്ങൾ കൂടി അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യം. കൂടാതെ കോംപാക്‌ട് എസ്‌യുവിയുടെ ഏറ്റവും താഴെയുള്ള രണ്ടാമത്തെ HTX വേരിയനറിന് ടോപ്പ്-എൻഡ് GTX പ്ലസിൽ നിന്ന് കൂടുതൽ സവിശേഷതകൾ ലഭിക്കും.

പുതിയ പരിഷ്ക്കാരങ്ങളിൽ കിയ സോനെറ്റിന് നാല് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് വിവരം. ഇതുവരെ ഡ്യുവൽ എയർബാഗുകൾ ബേസ് മുതൽ HTX പ്ലസ് വേരിയന്റ് വരെയാണ് കിയ മോട്ടോർസ് ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇവിടെയാണ് നാല് എയർബാഗുകൾ കടന്നുവരുന്നത്. അതേസമയം മോഡലിന്റെ GTX+ പതിപ്പിന് കമ്പനി ആറ് എയർബാഗുകളാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ സോനെറ്റിന്റെ HTX മോഡലിന് ടോപ്പ് എൻഡ് GTX പ്ലസിൽ നിന്ന് രണ്ട് സവിശേഷതകൾ കൂടി ലഭിക്കും. 8 ഇഞ്ചിൽ നിന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 10.25 ഇഞ്ച് യൂണിറ്റായി മാറുന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിലേക്ക് കൂടിയെത്തും.

എല്ലാ മോഡലുകളിലും ചില സവിശേഷതകള്‍ ചേര്‍ത്തോ അല്ലെങ്കില്‍ ഓഫറിലുള്ള വേരിയന്റുകള്‍ പരിഷ്‌കരിച്ചോ കിയ തങ്ങളുടെ നിരയിലേക്ക് ചെറിയ അപ്ഡേറ്റുകള്‍ നിരന്തരം നൽകികൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നവീകരണങ്ങൾ വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്താനും ബ്രാൻഡിനെ സഹായിക്കുന്നുണ്ട്.

8 സീറ്റുകള്‍ വരെയുള്ള എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ആറ് എയര്‍ബാഗുകള്‍ നൽകണമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയതോടെയാണ് കിയയും ഈ നീക്കത്തിന് ഒരുങ്ങുന്നത്. കൂടുതൽ എയര്‍ബാഗുകള്‍ക്ക് പുറമേ രണ്ട് എസ്‌യുവികള്‍ക്കും ഒരു പുതിയ കളര്‍ ഓപ്ഷനും കമ്പനി സമ്മാനിച്ചേക്കുമെന്നാണ് സൂചന.

ഇത് അടുത്തിടെ പുറത്തിറക്കിയ കാരെന്‍സ് എംപിവിയിൽ കണ്ടതിന് സമാനമായിരിക്കാനാണ് സാധ്യത. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസിനൊപ്പം ചുവടുവെച്ചതുമുതല്‍ കിയയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരുന്നത്. അതിന്റെ പ്രധാന കാരണം മികച്ച മോഡലുകൾ വാഗ്ദാനം ചെയ്യുന്നത് മാത്രമല്ല, അവയിലേക്ക് കൃത്യമായ ഇടവേളകളിൽ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കുന്നകതും കിയയുടെ വിജയമാണ്.

മേൽപ്പറഞ്ഞ സവിശേഷതകൾ കൂടാതെ സോനെറ്റ് മാറ്റമില്ലാതെ തുടരും. ഇതിന് 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനുകളാണ് കിയ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ എഞ്ചിനെ ആശ്രയിച്ച്, 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി, ഐഎംടി എന്നിങ്ങനെ വ്യത്യസ്‌തമായ ഓഫറിലാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്.

മൊത്തം 17 വേരിയന്റുകളിലാണ് കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുന്നത്. പുഷ് ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഇലക്ട്രിക് സൺറൂഫ്, ക്രോം ഡോർ ഹാൻഡിൽ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക് സണ്‍റൂഫ്, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, യുവിഒ കണക്‌ട്, ക്രൂയിസര്‍ കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളെല്ലാം വാഹനത്തിൽ കമ്പനി കോർത്തിണക്കിയിട്ടമുണ്ട്.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകൾ, ആംബിയന്റ് ലൈറ്റിംഗ്, റിയർ എസി വെന്റുകൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, കൂടാതെ സൺറൂഫ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് റിയർ ഡോർ സൺഷെയ്ഡ് കർട്ടൻസ്, വോയ്‌സ് കമാൻഡ് എന്നിവ പോലുള്ള സജ്ജീകരണങ്ങളും കിയ സോനെറ്റിനെ ഫീച്ചർ റിച്ചാക്കാൻ സഹായിക്കുന്നു.

ഇനി കോംപാക്ട് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM)), ബ്രേക്ക് അസിസ്റ്റ് (BA), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയയെല്ലാം കിയ ഇന്ത്യ അണിനിരത്തുന്നുണ്ട്. നിലവില്‍ കിയ സോനെറ്റിന് 6.89 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








