കുതിച്ചു പായാൻ 577 bhp കരുത്തുമായി 2023 Kia EV6 GT അവതരിച്ചു, ഇന്ത്യയിലേക്ക് എത്തുമോ എന്ന് ആരാധകർ
ആഗോള വിപണിയിലെന്ന പോലെ ചൂടപ്പം പോലെ ഇന്ത്യയിലും വിറ്റഴിഞ്ഞ ഇലക്‌ട്രിക് വാഹനമാണ് കിയയുടെ EV6. നിലവിൽ വിപണിയിൽ ശക്തമായ ഡിമാന്റുള്ള പ്രീമിയം കാറിന്റെ പുതിയൊരു പെർഫോമൻസ് വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിപ്പോൾ.

EV6 GT എന്നറിയപ്പെടുന്ന പെർഫോമൻസ് മോഡലിനെ ഈ വർഷം അവസാനത്തോടെ നോർത്ത് അമേരിക്കൻ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിയ ഇപ്പോൾ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ സ്ഥിരീകരണമൊന്നും തന്നെ നൽകിയിട്ടില്ല.
Recommended Video

ഈ ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഏറ്റവും ശക്തവും വേഗതയേറിയതുമായ ആവർത്തനമാണ് പുതിയ EV6 GT. കൂടാതെ 577 bhp കരുത്തിൽ പരമാവഝി 740 Nm torque വരെ വികസിപ്പിക്കാനുള്ള കഴിവും ഈ ഇലക്‌ട്രിക് കാറുനുണ്ട്. ഫോർവീൽ ഡ്രൈവ് സജ്ജീകരണവുമായി എത്തുന്ന ഇവിക്ക് വെറും 3.4 സെക്കൻഡിൽ 0-60 mph വേഗത പുറത്തെടുക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

എന്നാൽ പരമാവധി വേഗത മണിക്കൂറിൽ 260 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് കിയ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. ഒരു വലിയ 77.4 kWh നിക്കൽ-കൊബാൾട്ട്-മാംഗനീസ് ബാറ്ററി പായ്ക്കാണ് EV6 GT മോഡലിൽ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ 330 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ സജ്ജീകരണം അനുവദിക്കും.

350 kW ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 800V ആർക്കിടെക്ച്ചർ പവർട്രെയിനും കിയ EV6 ഇവിക്ക് ഉമ്ട്. ഈ സംവിധാനത്തിന് 18 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ കിയ EV6 GT ഒരു സ്പോർട്ടിയർ ആക്റ്റീവ് സസ്പെൻഷൻ, ഒരു e-LSD, വലിയ ഡിസ്ക് ബ്രേക്കുകൾ, GT, My എന്നിങ്ങനെ അധിക ഡ്രൈവിംഗ് മോഡുകൾ എന്നിവയും നൽകുന്നുണ്ട്. റിയർ ആക്‌സിലിലേക്ക് പവർ കൈമാറുന്ന ഒരു ഡ്രിഫ്റ്റ് മോഡും ആക്റ്റീവ് സൗണ്ട് ഡിസൈൻ മെനുവിൽ രണ്ട് പുതിയ സൗണ്ട് ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

വലിയ 21 ഇഞ്ച് വീലുകൾ, ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ ക്രോം ആക്‌സന്റുകൾ, പിൻ ബമ്പറിൽ വെർട്ടിക്കൽ റിഫ്‌ളക്ടറുകൾ, നിയോൺ നിറമുള്ള ബ്രേക്ക് കാലിപ്പറുകൾ എന്നിങ്ങനെ നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും കാറിന് ലഭിക്കുന്നു. ക്യാബിനിനുള്ളിലെ മാറ്റങ്ങൾ പുതിയ ബക്കറ്റ് സീറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നത് ചിലപ്പോകൾ നിരാശപ്പെടുത്തിയേക്കാം.

എന്നാൽ ഇവയ്ക്കൊപ്പം EV6 GT പതിപ്പിന്റെ ഡാഷ്‌ബോർഡിൽ വെഗൻ സ്വീഡ് അപ്‌ഹോൾസ്റ്ററിയും നിയോൺ ഗ്രീൻ ഇൻസേർട്ടുകളും ചേർന്ന് മനോഹരമാക്കാൻ കിയ മോട്ടോർസ് പ്രത്യേകം ഓർമിച്ചുവെന്നു വേണം പറയാൻ.

പുതിയ കിയ EV6 GT അടുത്ത വർഷം നാലാം പാദത്തിൽ പുറത്തിറങ്ങും. അത് EV6 GT ലൈൻ e-AWD വേരിയന്റിന് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. ഈ വേരിയന്റിന് 56,400 ഡോളറാണ് വില വരുന്നത്. EV6 GT-യുടെ കൃത്യമായ ലോഞ്ച് തീയതിയും വില വിവരങ്ങളും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബ്രാൻഡ് പ്രഖ്യാപിക്കും.

ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ബാച്ചിലെ 100 യൂണിറ്റുകളും കമ്പനി അതിവേഗമാണ് വിറ്റഴിച്ചത്. കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി എത്തുന്ന ഇവി ക്രോസ്ഓവർ മോഡലിന് 59.95 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് വാഹനം പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലെത്തുന്നതെന്ന് ചുരുക്കം.

ഇതിനാലാണ് ആദ്യഘട്ടത്തിൽ പരിമിതമായ എണ്ണത്തിൽ EV6 ഇവിയെ കമ്പനി പരിചയപ്പെടുത്തിയത്. ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ആദ്യത്തെ ബാച്ച് വിൽപ്പനയ്ക്ക് എത്തിയത്. ഈ മോഡലുകൾക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നതും.

രണ്ട് വേരിയന്റുകളിലായാണ് എത്തുന്നതെങ്കിലും ഇന്ത്യയിൽ ഇവി 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ മാത്രമേ ലഭ്യമാകൂ. ഇത് പരമാവധി 528 കിലോമീറ്റർ റേഞ്ച് വരെ നൽകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും.

അതേസമയം 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ ഇവി മോഡൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കും. അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സജ്ജീകരണവും ഉള്ളതിനാൽ വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ വാഹനത്തെ സഹായിക്കും.


Click it and Unblock the Notifications








