ഇന്ത്യയിലെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്ന്! പുത്തൻ Lexus LX 500d വിപണിയിലെത്തി
ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്ന് അവതരിപ്പിച്ച് ടൊയോട്ടയുടെ ആഡംബര വാഹന ബ്രാൻഡായ ലെക്‌സസ്. LX 500d എന്ന ലാൻഡ് ക്രൂയിസറിന്റെ ലെക്‌സസ് പതിപ്പിനെയാണ് കമ്പനി ഇപ്പോൾ നിരത്തിലേക്ക് എത്തിക്കുന്നത്. 2.82 കോടി രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് വാഹനത്തിനെ വിപണിയിൽ എത്തിക്കുന്നത്.
പുതിയ LX 500d എസ്‌യുവി മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഈ ലക്ഷ്വറി വാഹനത്തെ ലെക്‌സസ് ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത്. 2023 ജനുവരിക്കും മാർച്ചിനുമിടയിൽ ആഡംബര എസ്‌യുവിയുടെ ആദ്യ ബാച്ച് വിതരണം ചെയ്യാനാണ് ജാപ്പനീസ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ ലെക്‌സസ് ആദ്യമായി പങ്കെടുക്കും. വരാനിരിക്കുന്ന RX എസ്‌യുവിയ്‌ക്കൊപ്പം LX 500d, LC കൂപ്പെ എന്നീ മോഡലുകളും കമ്പനി പരിപാടിയിൽ പ്രദർശിപ്പിക്കും.

എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ LC300-ന് അടിസ്ഥാനപരമായി കൂടുതൽ ആഡംബരം നൽകാനാണ് ലെക്‌സസ് LX 500d എസ്‌യുവി അവതരിപ്പിക്കുന്നത്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും വലിയ അലോയ് വീലുകളും കൊണ്ട് നിറയുന്ന നിവർന്നുനിൽക്കുന്ന സ്റ്റൈലിഷ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം വലിയ ലെക്സസ് സിഗ്നേച്ചർ ഗ്രിൽ, ഹെഡ്‌ലാമ്പ് ഡിസൈൻ, മറ്റ് ബിറ്റുകൾ എന്നിവ ഉൾപ്പെടുന്ന തനതായ ഡിസൈൻ ശൈലികളും ഈ കൂറ്റൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ലഭിക്കുന്നുണ്ട്.
LX 500d വശക്കാഴ്ച്ചയിൽ ലാൻഡ് ക്രൂയിസറിനോട് സാമ്യമുള്ളതാണെങ്കിലും ഇതിന് അല്പം വ്യത്യസ്തമായ പിൻ ക്വാർട്ടർ വിൻഡോകൾ ലഭിക്കുന്നുണ്ട്. പുറകിൽ ലെക്‌സസ് ലക്ഷ്വറി എസ്‌യുവിക്ക് കണക്റ്റഡ് ലൈറ്റ് ബാറും ഇടംപിടിച്ചിട്ടുണ്ട്. ലോഗോയ്ക്ക് പകരം ടെയിൽഗേറ്റിൽ ലെക്‌സസ് അക്ഷരങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 2,850 മില്ലീമീറ്റർ വീൽബേസ് നിലവിലുണ്ടായിരുന്ന മോഡലിന് സമാനമായി തുടരുകയാണ് ചെയ്‌തിരിക്കുന്നത്. കുറഞ്ഞത് അഞ്ച് മുതിർന്നവർക്കും അവരുടെ ലഗേജുകൾക്കും വിശാലമായ സ്പേസും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
ലെക്‌സസ് LX 500d എസ്‌യുവിക്കായി ഇന്റീരിയറും പുനർനിർമിച്ചിട്ടുണ്ട്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, രണ്ട് വരികളിലെയും സീറ്റുകളുടെ ഇലക്ട്രോണിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയ്‌ക്കൊപ്പം പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയർ ഇതിന് ലഭിക്കുന്നതാണ് ആകർഷകം. കൂടാതെ മോഡലിന്റെ ഇന്റീരിയറിനായി ടാൻ, റെഡ്, ബ്ലാക്ക്, വൈറ്റ്-ബ്രൗൺ എന്നിങ്ങനെ നാല് നിറങ്ങളും തെരഞ്ഞെടുക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഫംഗ്‌ഷനുകളെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്.
ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് കീഴിൽ മറ്റൊരു 7 ഇഞ്ച് ഡിസ്പ്ലേ ഇരിക്കുന്നു. ഇത് ടെംപ്രേച്ചർ ക്രമീകരിക്കാനും മറ്റ് കൺട്രോളുകൾ ആക്സസ് ചെയ്യാനും അനുവദിക്കുന്നു.ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയും ഇതിലുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് വയർലെസ് റിമോട്ട് കൺട്രോളോടുകൂടിയ രണ്ട് 11.6 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ലഭിക്കും. മുമ്പത്തെ LX മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഡീസൽ എഞ്ചിനൊപ്പം മാത്രമേ LX 500d ഇനി മുതൽ വാഗ്ദാനം ചെയ്യുകയുള്ളൂ.
LX570 പെട്രോൾ എഞ്ചിനുമായി ലഭ്യമാണെങ്കിലും പുതിയ LX 500 എസ്‌യുവി 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനിലാണ് വരുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 304 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിൽ വരുന്ന ഇതിന് വെറും എട്ട് സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
പുതിയ ഇലക്‌ട്രോണിക് പവർ സ്റ്റിയറിംഗ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഡേർട്ട്, സാൻഡ്, മഡ്, ഡീപ് സ്നോ, റോക്ക്, ഓട്ടോ മോഡ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടെറൈൻ മോഡുകളും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഒരു ലെക്‌സസ് മോഡലിൽ ലഭിക്കുന്ന ആദ്യ സവിശേഷതയാണ്. നോർമൽ, ഇക്കോ, കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് എസ്, സ്‌പോർട്ട് എസ് പ്ലസ്, കസ്റ്റം തുടങ്ങിയ ഡ്രൈവ് മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
സുരക്ഷയുടെ കാര്യത്തിൽ പുതിയ LX500 ഇലക്‌ട്രോണിക് കൺട്രോൾഡ് ബ്രേക്കുകൾ (ECB), അഡാപ്റ്റീവ് വേരിയബിൾ സസ്‌പെൻഷൻ, ആക്റ്റീവ് ഹൈറ്റ് കൺട്രോൾ സസ്‌പെൻഷൻ, ഫിംഗർപ്രിന്റ് ആധികാരികത, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ക്ലിയറൻസ് സോണാർ എന്നീ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിലയുടെ കാര്യത്തിൽ മുൻ തലമുറ LX 570 മോഡലുകളേക്കാൾ ഏകദേശം 50 ലക്ഷം രൂപ വില കൂടുതലാണ് ലെക്‌സസ് LX 500d പതിപ്പിന്. ലെക്സസിൽ നിന്നുള്ള പുതിയ ആഡംബര എസ്‌യുവി പുതിയ റേഞ്ച് റോവറിന്റെ ലോംഗ്-വീൽബേസ് മോഡലുകളുമായാണ് മത്സരിക്കുന്നത്.


Click it and Unblock the Notifications








