ലിഥിയം അർബൻ ടെക്നോളജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Tata, 5,000 Xpress-T ഇലക്ട്രിക് സെഡാനുകൾ കൈമാറും
സുസ്ഥിര മൊബിലിറ്റി ഒരു പ്രധാന വിഷയമായതിനാൽ ഓരോ ദിവസം കഴിയുന്തോറും ധാരാളം കോർപ്പറേറ്റുകൾ ഈ രംഗത്തേക്ക് എത്തുകയാണ്. എന്നിരുന്നാലും പല കാരണങ്ങളാൽ കൊണ്ടും ഈ പരിവർത്തനം പൂർത്തിയാവാൻ അൽപംകൂടി സമയമെടുത്തേക്കാം എന്നതാണ് വസ്‌തുത.

ലിഥിയം അർബൻ ടെക്‌നോളജീസുമായി ടാറ്റ മോട്ടോർസ് ഇപ്പോൾ ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാമത്തേത് ഒരു ഇവി അധിഷ്ഠിത നഗര ഗതാഗത സർവീസ് ദാതാവാണ്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി 5,000 ടിഗോർ ഇലക്ട്രിക് എക്സ്പ്രസ് ടി ഇവികൾ രാജ്യവ്യാപകമായി വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ ഗതാഗതത്തിനായി ടാറ്റ ഇലക്ട്രിക് കാർ ഫ്ലീറ്റ് പ്രത്യേകമായി ഉപയോഗിക്കും. ടാറ്റ മോട്ടോർസ് ഷെഡ്യൂൾ ചെയ്ത ലോട്ട് ഘട്ടം ഘട്ടമായി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് അടുത്ത വർഷത്തിന് മുമ്പായി പൂർത്തായാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മൊബിലിറ്റി സേവനങ്ങൾ, കോർപ്പറേറ്റ്, ഗവൺമെന്റ് ഫ്ളീറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള എക്‌സ്‌പ്രെസ്-ടി ഇവി ഒപ്റ്റിമൽ ബാറ്ററി വലിപ്പവും ക്യാപ്‌റ്റീവ് ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനും വാഗ്ദാനം ചെയ്യുന്നുവെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്, ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

സുരക്ഷിതത്വത്തിനും യാത്രക്കാരുടെ സൗകര്യത്തിനും പുറമെ ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ് വാഹനം ഉറപ്പാക്കുകയും, ഫ്ലീറ്റ് ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഇത് സമഗ്രവും ആകർഷകവുമായ നിർദ്ദേശമാക്കി മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ്, വാണിജ്യ യാത്രാ ആവശ്യങ്ങളുടെ മുഴുവൻ നിർദേശങ്ങളും നിറവേറ്റുന്ന വാഹനങ്ങളുടെ ഒരു ശ്രേണി ടാറ്റ മോട്ടോർസ് വിപണിയിലെത്തിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലിഥിയം അർബൻ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ സഞ്ജയ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.

ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ വാഹനങ്ങളെ ടാക്സി ഫ്ലീറ്റ് സേവനങ്ങളുടെ ഭാഗമാക്കാതിരിക്കാൻ കമ്പനിക്ക് ദീർഘകാലമായി താൽപര്യമുണ്ട്. ആയതിനാലാണ് ടിഗോർ ഇവിയുടെ ടാക്‌സി വേരിയന്റായി എക്‌സ്പ്രെസ്-ടിയെ ബ്രാൻഡ് പരിചയപ്പെടുത്തിയത്. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് കാർ വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ ഏറെക്കുറെ ആധിപത്യം പുലർത്തിവരികയാണിപ്പോൾ.

മറ്റ് ബ്രാൻഡുകൾ ഇപ്പോഴും തങ്ങളുടെ മോഡലുകളെ അണിയറയിൽ ഒരുക്കികൊണ്ടിരിക്കുമ്പോഴും ടാറ്റ നിലവിൽ രണ്ട് ഇലക്ട്രിക് കാറുകളാണ് പാസഞ്ചർ വാഹന വിഭാഗത്തിൽ ഇറക്കിയിരിക്കുന്നത്. അതും രണ്ടും താരതമ്യേന വില കുറഞ്ഞ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നതും ടാറ്റയാണ്.

2022 സാമ്പത്തിക വർഷത്തിൽ ബ്രാൻഡിന് ഇലക്ട്രിക് വാഹന വിഭാഗത്തിൽ 87 ശതമാനം വിപണി വിഹിതമാണുള്ളത്. പേഴ്‌സണൽ, ഫ്ലീറ്റ് വിഭാഗങ്ങളിലായി 24,000-ലധികം ടാറ്റ ഇവികൾ ഇന്നുവരെ നിരത്തിലുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്ന ടിഗോർ ഇവിയുടെ ഫ്ലീറ്റ് മോഡലാണ് എക്‌സ്‌പ്രെസ്-ടി എന്ന പേരിൽ അറിയപ്പെടുന്നത്.

2021 ജൂലൈയിലാണ് 'എക്‌സ്‌പ്രെസ്' ബ്രാൻഡ് ടാറ്റ മോട്ടോർസ് പുറത്തിറക്കുന്നത്. ഇത് ഫ്ലീറ്റ് കസ്റ്റമർമാർക്ക് മാത്രമായാണ് നൽകുന്നത്. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് എക്‌സ്‌പ്രെസ് ഇവി. 213 കിലോമീറ്റർ, 165 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളിൽ ഇലക്ട്രിക് സെഡാൻ സ്വന്തമാക്കാം.

വേരിയന്റിനെ ആശ്രയിച്ച് 21.5 kWh അല്ലെങ്കിൽ 16.5 kWh ബാറ്ററി പായ്ക്കാണ് കമ്പനി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റ എക്‌സ്‌പ്രെസ് -ടി ഇലക്ട്രിക് സെഡാൻ യഥാക്രമം 90 മിനിറ്റിലും 110 മിനിറ്റിലും 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫാസ്റ്റ് ചാർജിംഗ് സംവിധാനം കൂടാതെ 15 A പ്ലഗ് പോയിന്റ് വഴി സാധാരണ ചാർജിംഗും ടാറ്റ എക്‌സ്‌പ്രെസ്-ടിയിൽ സാധ്യമാണ്. രണ്ടാമത്തേത് എളുപ്പവും സൗകര്യപ്രദവുമാണ്. സീറോ ടെയിൽ-പൈപ്പ് എമിഷനോടുള്ള പ്രതിബദ്ധതയോടെ സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സെഡാനുകളിൽ ഡ്യുവൽ എയർബാഗുകളും എബിഎസും ഇബിഡിയും വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡായി ഘടിപ്പിച്ചിട്ടുണ്ട്.

പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ ഇലക്ട്രിക് ബ്ലൂ ആക്‌സന്റുമായി പൊരുത്തപ്പെടുന്നതും മനോഹരമാണ്. എക്സ്റ്റീരിയറിലും ആക്സന്റുകൾ കാണാം. സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആണ് ഇലക്ട്രിക് സെഡാന്റെ മറ്റൊരു പ്രധാന സവിശേഷത.

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹർമൻ സൗണ്ട് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇക്കോ, സ്‌പോർട്ട് എന്നീ വ്യത്യസ്‌ത ഡ്രൈവിംഗ് മോഡുകൾ തുടങ്ങിയവയും ടാറ്റ എക്‌സ്‌പ്രെസ്-ടിയെ വ്യത്യസ്‌തമാക്കുന്നുണ്ട്. മറ്റ് ടാറ്റ പാസഞ്ചർ കാറുകളിൽ നിന്ന് ഫ്ലീറ്റ് കാറിനെ വ്യത്യസ്തമാക്കാൻ നിർദ്ദിഷ്ട മാറ്റങ്ങളും ടാറ്റയെ സഹായിക്കുന്നുണ്ട്. 9.54 ലക്ഷം മുതൽ 10.64 ലക്ഷം രൂപ വരെയാണ് സെഡാന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.


Click it and Unblock the Notifications