ഗ്രാൻഡാവാൻ ജീപ്പ്, Grand Cherokee എസ്‌യുവിയുടെ പ്രാദേശികമായി നിർമിച്ച മോഡൽ ഉടൻ വരും
കോമ്പസ് അടിസ്ഥാനമാക്കിയുള്ള മെറിഡിയൻ എസ്‌യുവി പുറത്തിറക്കിയതിന് ശേഷം അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ഇന്ത്യക്കായി അവതരിപ്പിക്കുന്ന മോഡലാകും ഏറ്റവും പുതിയ ഗ്രാൻഡ് ചെറോക്കി.

ഗ്രാൻഡ് ചെറോക്കിയെ പ്രാദേശികമായി അസംബിൾ ചെയ്ത് ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി വാഹനത്തിന്റെ നിരത്തിലെ പരീക്ഷണവും ജീപ്പ് ആരംഭിച്ചിട്ടുണ്ട്.

മുൻ മോഡൽ ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നില്ല. പ്രാദേശികമായി നിർമിക്കാനുള്ള പദ്ധതികൾ മുന്നോട്ടു നീങ്ങുന്നതിനാലാണ് കമ്പനി ഈ തീരുമാനം കൈകൊണ്ടത്. അടുത്തിടെ ഇന്ത്യയ്ക്കുള്ള ഏറ്റവും പുതിയ തലമുറ ഗ്രാൻഡ് ചെറോക്കിയുടെ അവതരണവും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ ഗ്രാൻഡ് ചെറോക്കി ആദ്യമായി ഇന്ത്യയിൽ അസംബിൾ ചെയ്യും. റാങ്ലർ, കോമ്പസ്, വരാനിരിക്കുന്ന മെറിഡിയൻ ത്രീ-വരി എസ്‌യുവി എന്നിവയുടെ ചുവടുപിടിച്ച് ജീപ്പിന്റെ പ്രാദേശികമായി അസംബിൾ ചെയ്യുന്ന നാലാമത്തെ മോഡലായിരിക്കും ഇതെന്നതാണ് ശ്രദ്ധേയം. ജീപ്പ് ഗ്രാൻഡ് ചെറോക്കി വിദേശത്ത് രണ്ട് വലിപ്പത്തിൽ ലഭ്യമാണെങ്കിലും ആഭ്യന്തര വിപണിക്ക് സാധാരണ 5-സീറ്റർ വേരിയന്റാകും ലഭിക്കുക.

ലോംഗ് വിൽ ബേസ് മൂന്ന്-വരി ഗ്രാൻഡ് ചെറോക്കിയെ ഇവിടെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരു പദ്ധതിയും നിലവിൽ അമേരിക്കൻ വാഹന നിർമാതാക്കൾക്കില്ല. വടക്കേ അമേരിക്കയ്ക്ക് പുറത്ത് എസ്‌യുവി ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയായിരിക്കുമെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ജീപ്പ് ഗ്രാൻഡ് വാഗനീർ ആശയത്തിൽ നിന്നാണ് അഞ്ചാം തലമുറ മോഡൽ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇത് ഇപ്പോഴും ഒരു ജീപ്പായി തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന ശൈലിയായിരിക്കും പുതിയ ചെറോക്കി എസ്‌യുവിക്ക് ഉണ്ടായിരിക്കുക. കൂറ്റൻ ബോണറ്റും നീളമുള്ള ബോക്‌സി ക്യാബിനും ഗ്രാൻഡ് ചെറോക്കിയുടെ പരമ്പരാഗത 2-ബോക്‌സ് ഡിസൈൻ ഫിലോസഫിയോട് ചേർന്നുനിൽക്കും.

റാപ്പറൗണ്ട് എൽഇഡി കോമ്പിനേഷൻ ലൈറ്റുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഒരു പ്രമുഖ ലൈസൻസ് പ്ലേറ്റ് എൻക്ലോഷർ എന്നിവയാണ് പിൻഭാഗത്തിന്റെ സവിശേഷത. അകത്ത് ഡാഷ്‌ബോർഡിൽ ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്‌യുവിക്ക് ഒന്നിലധികം ഡിസ്‌പ്ലേകൾ ലഭിക്കുന്നുണ്ട്. അതിൽ വലിയ 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, കോ-ഡ്രൈവറിന് മുന്നിൽ ഒരു സമർപ്പിത ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു.

ഈ മൂന്നാമത്തെ ഡാഷ്‌ബോർഡ് മൗണ്ടഡ് ഡിസ്‌പ്ലേ പ്രാദേശികമായി നിർമിക്കുന്ന ഇന്ത്യയിലെ എസ്‌യുവി മോഡിലനും ലഭിക്കുമെന്ന് ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് ചെറോക്കിയിൽ പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവർഡ് ടെയിൽഗേറ്റ് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യും.

മുൻ ഗ്രാൻഡ് ചെറോക്കി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായിരുന്നെങ്കിൽ പുതിയ എസ്‌യുവി പെട്രോൾ മാത്രമുള്ള മോഡലായിരിക്കും. എന്നാൽ വാഹനത്തിന്റെ പവർ കണക്കുകളൊന്നു തന്നെ ജീപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എസ്‌യുവിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോ, സ്‌പോർട്ട്, മഡ്/സാന്റ്, സ്‌നോ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന ടെറൈൻ മോഡുകളുള്ള ഫോർ വീൽ ഡ്രൈവുമായാണ് പുതിയ ഗ്രാൻഡ് ചെറോക്കി വരുന്നത്. വിദേശ വിപണികളിൽ അഞ്ചാം തലമുറ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 3.6 ലിറ്റർ പെന്റാസ്റ്റാർ V6 പെട്രോൾ കൂടുതൽ ശക്തമായ 5.7 ലിറ്റർ V8, പുതിയ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ്, 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ തുടങ്ങീ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ ആഡംബര എസ്‌യുവികളായ മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയ്‌ക്കെതിരെയാണ് ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ മാറ്റുരയ്ക്കുക.

പ്രാദേശികമായി അസംബിൾ ചെയ്യുന്ന മോഡൽ കാരണം അതിന്റെ എതിരാളികളുമായി മത്സരാധിഷ്ഠിതമായി സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ റാങ്‌ലർ CBU ഇറക്കുമതിയിൽ നിന്ന് പ്രാദേശികമായി അസംബിൾ ചെയ്ത മോഡലിലേക്ക് മാറിയപ്പോൾ ഏകദേശം 10 മുതൽ 11 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു.

ഇതേ സംവിധാനം ഇവിടെയും നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഗ്രാൻഡ് ചെറോക്കിയുടെ വിലയെ പ്രാദേശിക അസംബ്ലി എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. 2022 പകുതിയോടെ ജീപ്പ് ഏറെ നാളായി കാത്തിരിക്കുന്ന മെറിഡിയൻ ഇന്ത്യയിൽ അവതരിപ്പിക്കും. അതിനു ശേഷമാകും പ്രാദേശികമായി നിർമിച്ച എസ്‌യുവി വിപണിയിൽ എത്തുക.


Click it and Unblock the Notifications








