XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നേരത്തെ അവതരിപ്പിക്കാന്‍ Mahindra; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
2019-ലാണ് നിര്‍മാതാക്കളായ മഹീന്ദ്ര ഇന്ത്യയില്‍ XUV300 സബ്-കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കുന്നത്. പിന്നാലെ വാഹനത്തിന്റെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിക്കുകയും വാഹനത്തിന് ആവശ്യക്കാര്‍ ഏറുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനി പ്രതീക്ഷിക്കുന്ന ഒരു മികവ് മോഡലില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍. ഇതിന്റെ ഭാഗമായി മോഡലിന് ഇപ്പോള്‍ XUV300-യ്ക്ക് ഒരു മിഡ്ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഈ പതിപ്പിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അപ്ഡേറ്റ് ചെയ്ത മോഡല്‍ 2023-ന്റെ തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതി ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം അതിന് മുന്നെ തന്നെ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന.

കോസ്മെറ്റിക് മാറ്റങ്ങള്‍ കൂടാതെ, കുറച്ച് മെക്കാനിക്കല്‍ മാറ്റങ്ങളും ചില അധിക സവിശേഷതകളും ഇതില്‍ അവതരിപ്പിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും എക്സ്റ്റീരിയര്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ എസ്‌യുവി അവതരിപ്പിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു പുതിയ ഫ്രണ്ട് ഗ്രില്‍, അല്‍പ്പം പുനര്‍നിര്‍മ്മിച്ച ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും വ്യത്യസ്ത അലോയ് വീലുകളും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള ബോഡി പാനലുകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ഇരുവശത്തും C ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളാല്‍ ചുറ്റപ്പെട്ട പരിഷ്‌ക്കരിച്ച ക്രോം സ്ലാറ്റഡ് ഫ്രണ്ട് ഗ്രില്‍ ഇതില്‍ അവതരിപ്പിക്കും. ഗ്രില്ലിന്റെ മധ്യത്തില്‍ പുതിയ മഹീന്ദ്ര 'ട്വിന്‍ പീക്ക്സ്' ലോഗോയും ഉള്‍പ്പെടുത്തും.

ഫെയ്‌സ്‌ലിഫ്റ്റ് മഹീന്ദ്ര XUV300-യുടെ ഇന്റീരിയര്‍ ഡിസൈന്‍ നിലവിലെ പതിപ്പിന് സമാനമായിരിക്കും. എന്നിരുന്നാലും വ്യത്യസ്ത അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ കണ്ടേക്കാം, കൂടാതെ അപ്ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അപ്ഡേറ്റ് ചെയ്ത കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടെ, അതിന്റെ ഫീച്ചറുകളുടെ ലിസ്റ്റിലേക്ക് കുറച്ച് പുതിയ സവിശേഷതകളും കമ്പനി ഉള്‍പ്പെടുത്തിയേക്കും.

നിലവില്‍, മഹീന്ദ്ര XUV300 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറാണ്. ഈ യൂണിറ്റ് 110 bhp കരുത്തും 200 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

രണ്ടാമത്തേത് 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 117 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. രണ്ട് യൂണിറ്റുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് AMT എന്നിവയില്‍ തെരഞ്ഞെടുക്കാനും സാധിക്കും.

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ബ്രാന്‍ഡിന്റെ പുതിയ 1.2 ലിറ്റര്‍ 'mStallion' പെട്രോള്‍ മോട്ടോര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മോട്ടോര്‍ യഥാക്രമം 130 bhp കരുത്തും 230 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. ഈ പുതിയ പെട്രോള്‍ മോട്ടോര്‍ വില്‍പ്പനയ്ക്കെത്തുമ്പോള്‍, മഹീന്ദ്ര XUV300 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ വാഹനമായി മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

മഹീന്ദ്ര XUV300-യുടെ ഒരു ഇലക്ട്രിക് പതിപ്പും നിര്‍മ്മാണത്തിലാണ്, അത് അടുത്ത വര്‍ഷവും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 'eXUV300' അല്ലെങ്കില്‍ 'XUV400' എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്ന, ഈ ഇലക്ട്രിക് എസ്‌യുവി രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകും.

ഇത് ലോഞ്ച് ചെയ്യുമ്പോള്‍, ടാറ്റ നെക്സോണ്‍ ഇവിയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും. അതേസമയം ICE മഹീന്ദ്ര XUV300-ന്റെ നിലവിലെ പതിപ്പിന്റെ പ്രാരംഭ മോഡലിന് 8.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 14.07 ലക്ഷം രൂപയും എക്സ്‌ഷോറൂം വിലയായി നല്‍കണം.

പുതിയ പതിപ്പിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും നിലവിലെ പതിപ്പിനെക്കാള്‍ വില ഉയരുമെന്ന് തന്നെ വേണം പറയാന്‍. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയവരായിരിക്കും XUV300-യുടെ എതിരാളികള്‍.


Click it and Unblock the Notifications








