വിപണിയിൽ ഇടിവെട്ടായി പുത്തൻ മോഡൽ, Scorpio എസ്‌യുവിയുടെ വിൽപ്പനയിൽ 125 ശതമാനത്തോളം വളർച്ച
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജൂണിലാണ് പുതിയ സ്കോർപിയോ N അവതരിപ്പിക്കുന്നത്. തുടർന്ന് നിലവിലുണ്ടായിരുന്ന മോഡലിനെയും പുതുക്കി ക്ലാസിക് എന്ന പേരോടു കൂടി ഓഗസ്റ്റ് മാസവും കമ്പനി വിപണിയിൽ അണിനിരത്തി.

മഹീന്ദ്രയുടെ ഈ പുതിയ നീക്കമെല്ലാം സ്കോർപിയോ ശ്രേണിയുടെ വിൽപ്പന വർധിപ്പിച്ചിരിക്കുകയാണ്. 2022 ഒക്ടോബറിൽ 125 ശതമാനം വിൽപ്പന വർധനവാണ് എസ്‌യുവി നേടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 3,304 യൂണിറ്റുകളിൽ നിന്ന് 7,438 സ്കോർപിയോ യൂണിറ്റുകൾ വിറ്റഴിക്കാൻ ഇത്തവണ കമ്പനിക്ക് കഴിഞ്ഞുവെന്ന് സാരം. 2022 സെപ്റ്റംബറിൽ സ്കോർപിയോ എസ്‌യുവി 9,536 യൂണിറ്റ് വിൽപ്പനയാണ് നേടിയെടുത്തത്. മുൻ വർഷം ഇതേ മാസത്തിൽ ഇത് 2,588 യൂണിറ്റായിരുന്നു.
ഇത് 268 ശതമാനം വളർച്ചയാണ് വാർഷിക കണക്കുകളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം അതായത് 2022 ഒക്ടോബറിൽ 8,772 യൂണിറ്റ് വിൽപ്പനയോടെ മഹീന്ദ്ര ബൊലേറോ ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന പട്ടവും നേടിയെടുത്തു.
6,282 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയോടെ മഹീന്ദ്ര XUV300 സ്വദേശീയ വാഹന നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവിയായി മാറി. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്തിരിക്കുന്നത്.
ടർബോ പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്‌സിനൊപ്പം 203 bhp കരുത്തിൽ പരമാവധി 370 Nm torque ഉം, ഓട്ടോമാറ്റിക് പതിപ്പിൽ 380 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയുടെ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത പവർ കണക്കുകളിൽ തെരഞ്ഞെടുക്കാം.
അതിൽ 132 bhp കരുത്തിൽ 300 Nm torque, അല്ലെങ്കിൽ 175 bhp പവറിൽ 370 Nm torque നൽകുന്നവയാണുള്ളത്. ഓട്ടോമാറ്റിക്കിൽ ഈ ഓപ്ഷൻ 400 Nm torque വരെയും വികസിപ്പിക്കും. എസ്‌യുവി സിപ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഓൺ-റോഡ് ഡ്രൈവ് മോഡുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ എസ്‌യുവി മോഡൽ ലൈനപ്പിന് S, S11 എന്നീ രണ്ട് വേരിയന്റുകളുണ്ടാകും. അടിസ്ഥാന മോഡലിന് 11.99 ലക്ഷം രൂപയും ടോപ് എൻഡ് വേരിയന്റിന് 15.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
പുതിയ സ്കോർപിയോ ക്ലാസിക്കിൽ പുതുക്കിയ 2.2 ലിറ്റർ ടർബോ ജെൻ 2 എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 132 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് നിരയിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുന്നു. RWD (റിയർ-വീൽ ഡ്രൈവ്) സംവിധാനത്തോടെയാണ് ഇത് വരുന്നത്.
ഓട്ടോമാറ്റിക് ഓപ്ഷൻ ഇപ്പോഴും സ്കോർപിയോ ക്ലാസിക്കിൽ ലഭ്യമല്ലെന്നതും പ്രത്യേകം ഓർമിക്കാം. സ്കോർപിയോ ക്ലാസിക്കിന്റെ പുതിയ എഞ്ചിന് മുമ്പത്തേക്കാൾ 55 കിലോ ഭാരം കുറവാണെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ആയതിനാൽ ഇത് 14 ശതമാനം അധിക മൈലേജും നൽകുന്നു.
പുതിയ മോഡൽ തീർച്ചയായും പല തരത്തിലും മികച്ചതാണെങ്കിലും, പഴയ പതിപ്പിന് ഇപ്പോഴും ശക്തമായ ഡിമാൻഡുണ്ട് എന്നതിനാലാണ് ക്ലാസിക് അവതാരത്തിൽ ഭീമനെ നിലനിർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ശരിവെക്കുന്നതാണ് വാഹനത്തിന് ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യതയും വിൽപ്പനയും.


Click it and Unblock the Notifications








