Scorpio N എസ്‌യുവിയുടെ നിർമാണം ഇങ്ങനെ, വീഡിയോ പുറത്തുവിട്ട് Mahindra, ഡെലിവറി സെപ്റ്റംബറോടെ
XUV700 എസ്‌യുവിക്ക് ശേഷം ഇന്ത്യൻ എസ്‌യുവി വിപണിയെ ഇത്രത്തോളം ഇളക്കി മറിച്ച മറ്റൊരു മോഡലെത്താൻ മഹീന്ദ്ര വീണ്ടും അവതരിക്കേണ്ടി വന്നുവെന്നു വേണം പറയാൻ. ഐതിഹാസിക എസ്‌യുവിയായ സ്കോർപിയോയുടെ രണ്ടാം തലമുറ മോഡലിനെ കുറിച്ചാണീ പറയുന്നത്.

വില പ്രഖ്യാപനവും അവതരണവും എല്ലാം പൂർത്തിയാക്കിയ സ്കോർപിയോ N എസ്‌യുവിക്കായുള്ള ആദ്യഘട്ട നിർമാണവും പൂർത്തിയാക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2022 സെപ്തംബർ മുതൽ പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനായുള്ള ഡെലിവറി ആരംഭിക്കും.
ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് രേഖപ്പെടുത്തിയ എസ്‌യുവിക്ക് കാർ വാങ്ങുന്നവരിൽ നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. മഹീന്ദ്ര പുതിയ സ്കോർപിയോ N മോഡലിന്റെ നിർമ്മാണത്തിന്റെയും ആദ്യ കുറച്ച് യൂണിറ്റുകൾ അതിന്റെ ചക്കൻ പ്ലാന്റിൽ നിന്ന് ഉത്പാദനം ആരംഭിക്കുന്നതിന്റെയും വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്
Recommended Video

പുതിയ മഹീന്ദ്ര സ്‌കോർപിയോ N മോഡലിന്റെ നിർമാണ പ്രക്രിയ വെളിപ്പെടുത്തുന്നതാണ് പുതിയ വീഡിയോ. 2022 ഡിസംബറോടെ വാഹനത്തിന്റെ 20,000 യൂണിറ്റുകൾ ഡെലിവറി പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടോപ്പ് എൻഡ് Z8L വേരിയന്റിനായുള്ള ഡെലിവറികൾക്കാണ് ആദ്യഘട്ടത്തിൽ കമ്പനി മുൻഗണന നൽകുന്നത്.

പുതിയ എസ്‌യുവി വേരിയന്റുകളുടെ പ്രാരംഭ വിലകൾ ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്. അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപയും ടോപ്പ് എൻഡ് മോഡലിന് 23.9 ലക്ഷം രൂപയുടെയും ആമുഖ വിലയിലാണ് പുതുപുത്തൻ സ്കോർപിയോ N വിപണിയിലെത്തിയത്.

സ്കോർപിയോയുടെ നിർമാണ പ്രക്രിയയിലേക്ക് വന്നാൽ 700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചക്കൻ പ്ലാന്റിന് 3,00,000 വാഹനങ്ങളുടെ ഉത്പാദന ശേഷിയാണുള്ളത്. ആവശ്യാനുസരണം വർധിപ്പിക്കാനും കഴിയും. ഈ സൗകര്യം ട്രാക്ടറുകളും മോട്ടോർസൈക്കിൾ നിർമാണവും ഉൾക്കൊള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ 0.75 ടൺ എൽസിവി മുതൽ 49 ടൺ നാവിസ്റ്റാർ ട്രക്കുകൾ വരെയുള്ള വാണിജ്യ ട്രക്കുകളാണ് ഇവിടെ നിർമിക്കുന്നത്. ഉത്പാദനത്തിന്റെ ഭൂരിഭാഗവും റോബോട്ടുകൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആണെങ്കിലും ഈ പ്ലാന്റിൽ 1,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

ചില കാരണങ്ങളാൽ എഞ്ചിൻ, ഗിയർബോക്‌സ് നിർമാണ സൗകര്യങ്ങൾ മഹീന്ദ്ര സ്കോർപിയോ N എസ്‌യുവുടെയ വീഡിയോയിൽ പ്രദർശിപ്പിച്ചിട്ടില്ല. എന്നാൽ വീഡിയോ ആരംഭിക്കുന്നത് സ്കോർപിയോയുടെ ബോഡി ഉണ്ടാക്കുന്ന പ്രിസ്റ്റിൻ ഡൈകൾ ഉപയോഗിച്ച് ഷീറ്റ് മെറ്റൽ സ്റ്റാമ്പിംഗ് ഉപയോഗിച്ചാണ്.

പുതിയ മഹീന്ദ്ര സ്കോർപിയോ N 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ 200 bhp കരുത്തിൽ 370 Nm torque നൽകുമ്പോൾ ഓട്ടോമാറ്റിക് 380 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഡീസൽ എഞ്ചിൻ താഴ്ന്ന വേരിയന്റുകളിലെ മാനുവലിൽ 130 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ 370 Nm, ഓട്ടോമാറ്റിക്കിൽ 400 Nm torque എന്നിവയും നൽകുന്നു.

പുത്തൻ സ്കോർപിയോ N എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാമ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. സ്കോർപിയോയുടെ ഡീസൽ മോഡൽ RWD അല്ലെങ്കിൽ AWD (ഓൾ-വീൽ-ഡ്രൈവ്) സംവിധാനത്തിലും തെരഞ്ഞെടുക്കാൻ സാധിക്കും.

ഇതിൽ സിപ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 4Xplorer എന്ന് വിളിക്കപ്പെടുന്ന 4×4 വേരിയന്റിന് 4 ഓഫ്-റോഡ് മോഡുകളാണ് സ്കോർപിയോയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സാൻ്റ്, മഡ്, ഗ്രാസ്, സ്നോ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മറ്റു ഫീച്ചറുകളുടെ കാര്യത്തിൽ എസ്‌യുവിക്ക് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ബിൽറ്റ്-ഇൻ അലക്‌സ, കണക്റ്റഡ് കാർ ടെക്, 3D സോണി സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ എന്നിവയാണ് പുത്തൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ ലഭിക്കുന്നത്.

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും സ്കോർപിയോ N ഒട്ടും പിന്നോട്ടല്ല. എസ്‌യുവിക്ക് 6 എയർബാഗുകൾ, ESP, TPMS, ഹിൽ ഹോൾഡ്, ഡിസന്റ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ സംവിധാനം, പിൻ പാർക്കിംഗ് ക്യാമറ എന്നിവയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








