കൂടുതൽ മിടുക്കനായി, തട്ടുപൊളിപ്പൻ ലുക്കിൽ അവതരിച്ച് മഹീന്ദ്രയുടെ സ്വന്തം Scorpio Classic
കൂടുതൽ മിടുക്കനായി, തട്ടുപൊളിപ്പൻ ലുക്കിൽ സ്കോർപിയോ ക്ലാസിക്കിനെ അവതരിപ്പിച്ച് എസ്‌യുവി വാഹനങ്ങളുടെ തലതൊട്ടപ്പൻമാരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 20 വർഷങ്ങൾക്ക് ശേഷം സ്കോർപിയോയുടെ രണ്ടാം തലമുറ മോഡലിനെ അവതരിപ്പിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആധുനികത ആവാഹിച്ച് സ്കോർപിയോ വീണ്ടും എത്തുന്നത്.

പുതിയ സ്കോർപിയോ N മോഡലിനൊപ്പം മുമ്പത്തെ സ്കോർപിയോയുടെ വിൽപ്പന തുടരുമെന്ന് ഉറപ്പു നൽകിയതിന്റെ ഫലമായാണ് ചില മാറ്റങ്ങളോടെ പഴയ സ്കോർപിയോയെ ഒന്നു പൊടിതട്ടിയെടുത്തിരിക്കുന്നത്. പുതിയ ഫീച്ചറുകൾ, പുതുക്കിയ സസ്പെൻഷൻ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം സൂക്ഷ്മമായ ഡിസൈൻ, ഇന്റീരിയർ മാറ്റങ്ങളുമായാണ് പുതിയ മോഡൽ വരുന്നത്.

ഇനി വിപണിയിൽ എത്തുമ്പോൾ വെറും സ്കോർപിയോ എന്നായിരിക്കില്ല, സ്കോർപിയോ ക്ലാസിക് എന്ന പേരിലായിരിക്കും എസ്‌യുവി അറിയപ്പെടുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സ്‌കോർപിയോ അന്നു മുതൽ മഹീന്ദ്രയുടെ ശക്തമായ വിൽപ്പനക്കാരനാണ്.

ക്ലാസിക് S, ക്ലാസിക് S11 എന്നീ രണ്ട് വകഭേദങ്ങളിലാണ് സ്കോർപിയോ ക്ലാസിക് ഇനി മുതൽ ലഭ്യമാകുക. തികച്ചും പുതിയൊരു മുഖവുമായാണ് സ്കോർപിയോ ക്ലാസിക് വിപണിയിലേക്ക് വീണ്ടും എത്തുന്നത്. മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക് ലോഗോ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

സിൽവർ സ്‌കിഡ് പ്ലേറ്റും ഫോഗ് ലാമ്പ് ഹൗസിംഗിനായി പുതിയ ഡിസൈനും ലഭിക്കുന്ന ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഒരു മിനുങ്ങിയ രൂപം എസ്‌യുവിക്ക് മൊത്തത്തിൽ സമ്മാനിക്കുന്നുമുണ്ട്. വശക്കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങളൊന്നും എടുത്തു പറയാനില്ല.

സ്കോർപിയോ ക്ലാസിക്കിന് 17 ഇഞ്ച് അലോയ് വീലുകൾക്ക് നിലവിലുണ്ടായിരുന്ന മോഡലിന്റെ അതേ ഡിസൈൻ തന്നെയാണ് മഹീന്ദ്ര മുന്നോട്ടുകൊണ്ടുപോവുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ഒരു ഡയമണ്ട് കട്ട് ഫിനിഷുണ്ട് എന്നത് സ്വീകാര്യമായ കാര്യമാണ്. ഡോറുകളിൽ മഹീന്ദ്ര ഡ്യുവൽ ടോൺ ക്ലാഡിംഗും ചേർത്തിട്ടുണ്ട്.

അതേസമയം ക്ലാസിക്കിന്റെ പുതിയ ഡ്യുവൽ ടോൺ ലുക്ക് സ്കോർപിയോയെ മുമ്പത്തേതിനേക്കാൾ പ്രീമിയം ആക്കുന്നുണ്ട്. എസ്‌യുവിയുടെ പിൻഭാഗത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വേണം പറയാൻ. പിന്നിലെ സിഗ്നേച്ചർ ടവർ എൽഇഡി ടെയിൽ ലാമ്പുകൾ അതേപടി നിലനിർത്തിയിരിക്കുകയാണ് ചെയ്‌തിരിക്കുന്നതും.

ഇനി ഇന്റീരിയറിലേക്ക് കടന്നാൽ മാറ്റങ്ങൾ കുറവാണെന്ന് പറയേണ്ടി വരും. എന്നാൽ വാഹനത്തിന് പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മഹീന്ദ്ര സമ്മാനിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളതും സ്‌ക്രീൻ മിററിംഗിനെ പിന്തുണയ്‌ക്കുന്നതുമാണ്.

ഡാഷ്‌ബോർഡിനും സെന്റർ കൺസോളിലും വുഡൻ ഇൻസെർട്ടുകൾ ഇടംപിടിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീലിന് ലെതറെറ്റ് ഫിനിഷും നൽകിയിരിക്കുന്നത് ഡ്രൈവിംഗ് ഫീൽ ഉയർത്താൻ സഹായകരമായേക്കും. പഴയ മോഡലിന് ഗ്രേ നിറവും ബ്ലാക്കും കലർന്ന ഇന്റീരിയർ ലഭിച്ചപ്പോൾ പുതിയ സ്കോർപിയോ ക്ലാസിക്കിൽ ബ്ലാക്ക്, ബീജും കോമ്പിനേഷനാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് മൂന്ന് സീറ്റിംഗ് ലേഔട്ട് ഓപ്ഷനുകളുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതിൽ രണ്ട് 7 സീറ്റർ പതിപ്പുകളും ഒരു 9 സീറ്റർ കോൺഫിഗിറേഷനുമാണ് തെരഞ്ഞെടുക്കാനാവുന്നത്.

ആദ്യത്തെ 7 സീറ്റർ ഓപ്ഷന് രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ ഒരു ബെഞ്ചും ലഭിക്കുമ്പോൾ മറ്റൊന്നിന് രണ്ടാമത്തെ നിരയിൽ ഒരു ബെഞ്ചും മൂന്നാമത്തേതിൽ രണ്ട് പേർക്ക് ഇരിക്കാനാവുന്ന ജമ്പ് സീറ്റുകളും ലഭിക്കും. അതേസമയം 9 സീറ്റർ വേരിയന്റിന് രണ്ടാമത്തെ നിരയിൽ ഒരു ബെഞ്ചും പിന്നിൽ നാല് പേർക്ക് ജമ്പ് സീറ്റുകളുമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ സ്കോർപിയോ ക്ലാസിക്കിന് ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, രണ്ടാം നിരയ്ക്കുള്ള എസി വെന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. സുരക്ഷയെ സംബന്ധിച്ചിടത്തോളം എസ്‌യുവി രണ്ട് എയർബാഗുകൾ വാഗ്ദാനം ചെയ്യും. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഭാവിയിൽ കൂടുതൽ കൂട്ടിച്ചേർക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിക്ക് പുതിയ 2.2 ലിറ്റർ, ടർബോ-ഡീസൽ, ജെൻ 2 എംഹോക്ക് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 132 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്കോർപിയോ ക്ലാസിക്കിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ ഒരു 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭിക്കുക.

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാത്ത വാഹനം ഒരു റിയർ വീൽ ഡ്രൈവാണ് മോഡലാണ്. പുതുക്കിയ എഞ്ചിൻ മുമ്പത്തേക്കാൾ 55 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്നാണ് മഹീന്ദ്ര അവസാശപ്പെടുന്നത്. ആയതിനാൽ സ്കോപിയോ ക്ലാസിക്കിന് 14 ശതമാനം ഇന്ധനക്ഷമത അധികം ലഭിക്കുമെന്നും ബ്രാൻഡ് പറയുന്നു.

ഹാൻഡിലിംഗ് മെച്ചപ്പെടുത്തുന്നതിന് സ്കോർപിയോ ക്ലാസിക്കിന് ഒരു കൂട്ടം പരിഷ്ക്കാരങ്ങളും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. ബോഡി റോൾ കുറയ്ക്കുന്നതിന് മഹീന്ദ്ര റോൾ സ്റ്റിഫ്നെസ് വർധിപ്പിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഹൈ-സ്പീഡ് ഹാൻഡ്‌ലിംഗും മികച്ചതായെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








