ചിപ്പ് ക്ഷാമം തുടരുന്നു, XUV700 എസ്‌യുവിയിൽ നിന്നും ഈ രണ്ട് ഫീച്ചറുകൾ താത്ക്കാലികമായി ഒഴിവാക്കി Mahindra
രണ്ടാം തലമുറ ഥാറിനു ശേഷം മഹീന്ദ്രയുടെ നിരയിൽ നിന്നും വിപണിയിൽ തംരംഗം സൃഷ്‌ടിച്ച വമ്പൻ മോഡലായിരുന്നു XUV700. ഇതിനോടകം മികച്ച ബുക്കിംഗുകൾ നേടി കുതിക്കുന്ന എസ്‌യുവിയുടെ നിർമാണത്തെ സെമി കണ്ടക്‌ടർ ചിപ്പ് ക്ഷാമം വല്ലാതെ പിടിപെട്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി XUV700 എസ്‌യുവിയിൽ നിന്നും താത്ക്കാലികമായി കുറച്ച് സവിശേഷതകൾ ഒഴിവാക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV700 മോഡലിന്റെ ഡെലിവറിക്കായി കാത്തിരിക്കുന്ന ഡീലർഷിപ്പുകൾക്കും ഉപഭോക്താക്കൾക്കും കമ്പനി ഈ അറിയിപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ടെയിൽ ലാമ്പുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും രണ്ടാമത്തെ സ്മാർട്ട് കീയും ഡെലിവറി സമയത്ത് XUV700 എസ്‌യുവിയിൽ ലഭ്യമാകില്ലെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ സവിശേഷതകൾ വാഹനത്തിൽ നിന്നും പൂർണമായി നീക്കം ചെയ്തിട്ടില്ലെന്നതും പ്രത്യേകം ഓർമിക്കണം. ചിപ്പ് ക്ഷാമത്തിനാൽ താത്ക്കാലികമായി മാത്രമാണ് ഇവ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

AX5, AX7, AX7L വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ പിന്നീട് ലഭ്യമാകുമ്പോൾ ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യുമെന്നാണ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എല്ലാ വേരിയന്റുകളിലും വാഗ്‌ദാനം ചെയ്യുന്ന കീലെസ് എൻട്രിക്കായുള്ള രണ്ടാമത്തെ സ്മാർട്ട് കീയെ സംബന്ധിച്ചിടത്തോളം ഇത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മഹീന്ദ്ര XUV700 ഉപഭോക്താക്കൾ അതിനുള്ള ഒരു അംഗീകാരപത്രത്തിൽ ഒപ്പിടണം. ആഗോള സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം മൂലമാണ് ഈ മാറ്റം എന്നത് നിഷേധിക്കാനാവാത്തതാണ്. ഉപഭോക്താക്കൾക്ക് എസ്‌യുവികൾ ഡെലിവറി ചെയ്യുന്നതിനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ മുൻഗണന നൽകുന്നത്. ചിപ്പ് വിതരണം കാര്യക്ഷമമാക്കിയാൽ ബ്രാൻഡ് നഷ്ടപ്പെട്ട ഉപകരണങ്ങൾ തിരികെ വാഹനത്തിലേക്ക് ചേർക്കും.

ഈ നീക്കം തികച്ചും സമർത്ഥമാണെന്നു തന്നെ പറയാം. എന്നാൽ ഇത് എല്ലാ ഉപഭോക്താക്കൾക്കും സ്വീകാര്യമായ ഒന്നായിരിക്കില്ലെന്ന പരാതിയും ഉയരാൻ സാധ്യതയുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാത്രമല്ല ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ജനുവരിയിൽ സ്കോഡയും ഫോക്‌സ്‌വാഗണും ഇതേ കാരണത്താൽ കുഷാഖ്, ടൈഗൂൺ മോഡലുകളുൽ നിന്ന് ഓട്ടോ-ഫോൾഡിംഗ് ഒആർവിഎമ്മുകൾ ഒഴിവാക്കിയിരുന്നു.

പാർട്‌സുകൾ ലഭ്യമായി കഴിഞ്ഞാൽ ഫീച്ചർ പിന്നീട് അവരുടെ ഡീലർഷിപ്പുകളിൽ ഒരു ആക്‌സസറിയായി ലഭ്യമാകുമെന്നാണ് രണ്ട് വാഹന നിർമാതാക്കളും സ്ഥിരീകരിച്ചിരിക്കുന്നത്. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിൽക്കുമെന്നതാണ്.

ഇപ്പോൾ നടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം ചിപ്പ് ക്ഷാമം കൂടുതൽ വഷളാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥിതി തുടരുകയാണെങ്കിൽ ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കൾ ഉത്പാദന കമ്മി മുന്നോട്ടുകൊണ്ടുപോവേണ്ടിയും വന്നേക്കും. സെമികണ്ടക്‌ടർ ചിപ്പിന്റെ ക്ഷാമം കാരണം ഇന്ത്യൻ വിപണിയിൽ പല വാഹനങ്ങളുടെയും ഉത്പാദനം കമ്പനികൾ ഇപ്പോഴും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്നിരുന്നാലും പുതിയ വാഹനങ്ങൾക്കായുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഇത് നിരവധി ജനപ്രിയ വാഹനങ്ങൾക്കുള്ള കാത്തിരിപ്പ് കാലയളവ് മാസങ്ങളോളം നീളാനും കാരണമായിട്ടുണ്ട്. അതേസമയം യൂസ്‌ഡ് വാഹന വിപണിയിൽ കാത്തിരിപ്പ് കാലയളവ് ഇല്ലാത്തതിനാൽ സെക്കൻഡ് ഹാൻഡ് കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമുള്ള ആവശ്യം ഇത് ഉയർത്തിയിട്ടുമുണ്ട്.

2021 ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച മഹീന്ദ്ര XUV700 ഉജ്ജ്വല വിജയമാണ് നേടിയത്. ബുക്കിംഗുകൾ ഇതിനകം ഒരു ലക്ഷം കവിഞ്ഞു മുന്നേറുമ്പോഴും ഡെലിവറിക്കായി 80,000- ത്തിലധികം ഉപഭോക്താക്കളാണ് കാത്തിരിക്കുന്നത്. 2022 ഫെബ്രുവരി അവസാനം വരെയുള്ള മൊത്തം XUV700 വിൽപ്പന 20,000 കടന്നു.

പാർട്‌സ് ക്ഷാമം ഉണ്ടെങ്കിലും ഓരോ മാസവും എസ്‌യുവിയുടെ ഏകദേശം 4,000 യൂണിറ്റ് XUV700 വിതരണം ചെയ്യാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ ക്ഷാമം നേരിടുന്ന ചിപ്പുകളാൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് XUV700-ൽ നിറഞ്ഞിരിക്കുന്നത്. MX, AdrenoX (AX) എന്നീ രണ്ട് ശ്രേണികളിലാണ് മഹീന്ദ്ര XUV700 അവതരിപ്പിച്ചിരിക്കുന്നത്.

AdrenoX പതിപ്പിനെ AX3, AX5, AX7 എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഇതിൽ എല്ലാം 5, 7 സീറ്റർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കുന്നത്. 7 സീറ്റർ വേരിയന്റ് സ്‌പോർട്‌സ് ബെഞ്ച് ടൈപ്പ് സീറ്റിംഗാണ് രണ്ടാം നിരയിൽ പരിചയപ്പെടുത്തുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റർ ഓപ്ഷൻ അവതരിപ്പിക്കാൻ ഇപ്പോൾ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇത് AX വേരിയന്റിൽ മാത്രമായി ഓഫർ ചെയ്യും. XUV700 എസ്‌യുവിയുടെ ഇന്റീരിയർ സവിശേഷതകളിൽ രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണ് ഉൾപ്പെടുന്നത്. അതിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ്. കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളുകളും പനോരമിക് സൺ റൂഫും ഇതിന് ലഭിക്കുന്നു.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന XUV700 ഏഴ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പായ്ക്ക് എന്നിവ സജ്ജീകരിച്ചാണ് വിപണിയിൽ എത്തുന്നത്.

ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു.


Click it and Unblock the Notifications








