നെക്‌സ മോഡൽ നിരയിൽ കിടിലൻ ഓഫറുകളുമായി Maruti Suzuki
പ്രീമിയം നെക്‌സ ബ്രാൻഡിനു കീഴിലുള്ള മോഡൽ നിരയിലാകെ ആകർഷമായ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. കൂടാതെ ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ക്യാഷ് ഡിസ്‌കൗണ്ടുകളുമാണ് ഓഫറിനു കീഴിൽ ലഭ്യമാവുന്നത്.

മെയ് മാസം മുഴുവൻ ബാധകമായ ഓഫറിനു കീഴിൽ സിയാസ്, ഇഗ്നിസ്, എസ്-ക്രോസ് ക്രോസ്ഓവർ എന്നിവയാണ് ഉൾപ്പെടുന്നത്. പുതുതലമുറ ബലേനോ പ്രീമിയം ഹാച്ച്ബാക്ക്, മൂന്ന്-വരി 6 സീറ്റർ XL6 ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയെ ഡിസ്‌കൗണ്ട് ഓഫറിനു കീഴിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

മാരുതി ഇഗ്നിസ്
ഇഗ്‌നിസ് ഹാച്ച്‌ബാക്കിന്റെ ആനിവേഴ്‌സറി എഡിഷനിൽ മാരുതി സുസുക്കി ഈ മാസം 13,000 രൂപയുടെ ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഇതിൽ ഉൾപ്പെടുന്നത്.

അതേ സമയം ഇഗ്നിസിന്റെ മാനുവൽ വേരിയന്റുകളിൽ 36,000 രൂപയുടെ ആനുകൂല്യങ്ങളാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കിൽ 23,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും മെയ് മാസത്തെ ഓഫറിനു കീഴിൽ ലഭ്യമാവും.

നിലവിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫാ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭ്യമാവുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 6000 rpm-ൽ 82 bhp കരുത്തും 4200 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാവുന്ന കോംപാക്‌ട് ഹാച്ച്ബാക്കിന് 21 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി സിയാസ്
അടുത്തിടെയായി ഇന്ത്യയിൽ പ്രിയം നഷ്‌ടപ്പെട്ടൊരു മോഡലാണ് പ്രീമിയം സി-സെഗ്മെന്റ് ശ്രേണിയിൽ എത്തുന്ന സിയാസ്. വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി സെഡാന്റെ എല്ലാ വേരിയന്റുകളിലും പരമാവധി 30,000 രൂപ വരെ കിഴിവും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിൽ എക്‌സ്‌ചേഞ്ച് ഓഫറായി 25,000 രൂപ വരെയും കോർപ്പറേറ്റ് ഓഫറായി 5,000 രൂപ വരെയും മെയ് മാസം ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും. എന്നിരുന്നാലും മാരുതി ഈ മാസം സിയാലിന് ക്യാഷ് ഡിസ്‌കൗണ്ടൊന്നും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

സിയാസ് സെഡാനും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 6000 rpm-ൽ 104 bhp പവറും 4400 rpm-ൽ 138 Nm torque ഉം വികസിപ്പിക്കുന്ന ഈ യൂണിറ്റ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തന്നെ സ്വന്തമാക്കാം.

20.04 മുതൽ 20.65 കിലോമീറ്റർ മൈലേജാണ് സെഡാനിൽ അവകാശപ്പെടുന്നത്. ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വേർണ, പുതിയ ഫോക്‌സ്‌വാഗൺ വെർടിസ് എന്നിവയാണ് മോഡലിന്റെ എതിരാളികൾ.

മാരുതി എസ്-ക്രോസ് ആനിവേഴ്‌സറി എഡിഷൻ
ഈ മെയ് മാസത്തിൽ മാരുതി സുസുക്കി എസ്-ക്രോസ് ആനിവേഴ്‌സറി എഡിഷൻ മോഡൽ സ്വന്തമാക്കുന്നവർക്ക് 30,000 രൂപ വരെയാണ് ലാഭിക്കാനാവുന്നത്. സിയാസ് പ്രീമിയം സെഡാന് സമാനമായി 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ക്രോസ്ഓവർ മോഡലിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

മാരുതി എസ്-ക്രോസ്
42,000 രൂപ വരെ ഉയരുന്ന മിഡ് എസ്-ക്രോസ് മോഡലുകളിലാണ് മാരുതി സുസുക്കി ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓഫറിൽ 12,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസായി 25,000 രൂപയും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഉൾപ്പെടുന്നത്.

പെട്രോൾ മാത്രമുള്ള ക്രോസ്ഓവർ എന്ന നിലയിൽ എസ്-ക്രോസിന് വിപണിയിൽ നേരിട്ടുള്ള എതിരാളിയില്ല. എന്നാൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ ഇടത്തരം എസ്‌യുവികളുമായാണ് മോഡലിന്റെ മത്സരം. 6000 rpm-ൽ 104 bhp പവറും 4400 rpm-ൽ 138 Nm torque ഉം നൽകാൻ ശേഷിയുള്ള എഞ്ചിന് 16 മുതൽ 19 കിലോമീറ്റർ മൈലേജും നൽകാൻ കഴിയും.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാരുതി സുസുക്കി നിരവധി പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. ടൊയോട്ടയുമായി സഹകരിച്ച് അധികം വൈകാതെ തന്നെ ഒരു ഹ്യുണ്ടായി ക്രെറ്റ-എതിരാളി എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

അത് നെക്‌സ ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക. കൂടാതെ ഒരു പുതിയ ആൾട്ടോയും ജിംനിയും കമ്പനിയുടെ പദ്ധതിയുടെ ഭാഗമായുണ്ട്. രണ്ട് മോഡലുകളും 2022 അവസാനമോ 2023 ആദ്യമോ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








