പണിയുണ്ട്, തിരിച്ചുവരണം; Dzire S Tour സെഡാനുകൾ തിരിച്ചുവിളിക്കുന്നതായി Maruti Suzuki
ടാക്‌സി മേഖലയിലെ ജനപ്രിയ മോഡലായ ഡിസയർ എസ് ടൂർ സെഡാനുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. എയർബാഗ് യൂണിറ്റുകളുടെ തകരാർ കാരണമാണ് മോഡലിന്റെ തിരികെവിളിക്കുന്നതെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന സ്ഥിരീകരണം.

ഡിസയർ എസ് ടൂർ സെഡാനുകളുടെ 166 യൂണിറ്റുകൾ മാത്രമാണ് മാരുതി സുസുക്കി ഈ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തകരാർ കണ്ടെത്തുന്ന വാഹനങ്ങളിലെ എയർബാഗ് കൺട്രോൾ യൂണിറ്റ് മാറ്റേണ്ടതുണ്ടെന്ന് മാരുതി സുസുക്കി പറഞ്ഞു.
Recommended Video

തിരിച്ചുവിളിച്ച യൂണിറ്റുകൾക്ക് പുതിയ എയർബാഗുകൾ ചേർക്കുന്നതിനുള്ള ചെലവ് കാർ നിർമാതാവ് സ്വയം വഹിക്കും. അതായത് സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് സാരം. മാരുതി സുസുക്കി തിരിച്ചുവിളിച്ച ഡിസയർ എസ് ടൂർ സെഡാനുകൾ ഈ മാസം ആദ്യം ഓഗസ്റ്റ് ആറിനും 16 നും ഇടയിൽ നിർമിച്ചതാണെന്നും ഉപഭോക്താക്കൾ പ്രത്യേകം ഓർമിക്കണം.

റെഗുലേറ്ററി ഫയലിംഗിൽ ഒരു പ്രസ്താവന പുറത്തിറക്കിയാണ് ഡിസയർ എസ് ടൂർ സെഡാനുകൾ തിരിച്ചുവിളിക്കുന്നതായി മാരുതി സുസുക്കി ഇന്ന് അറിയിച്ചത്. തിരിച്ചുവിളിക്കുന്നതും അതിന് പിന്നിലെ കാരണവും ഇതിലൂടെ തന്നെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

എയർബാഗ് കൺട്രോൾ യൂണിറ്റിന് തകരാർ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ മാറ്റിസ്ഥാപിക്കാൻ തിരിച്ചുവിളിക്കേണ്ടതായി വന്നിരിക്കുന്നത്. ഈ തകരാർ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ അപകട സമയത്ത് എയർബാഗുകളുടെ വിന്യാസ സമയത്ത് തകരാർ സംഭവിക്കുമെന്ന് മാരുതി സുസുക്കി പറഞ്ഞു.

എയർബാഗ് കൺട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നതുവരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാരുതി സുസുക്കി പറഞ്ഞു.

തകരാർ ഉണ്ടെന്നു സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളുമായി മാരുതി സുസുക്കി ആശയവിനിമയം നടത്തും. തുടർന്ന് തകരാറുള്ള എയർബാഗ് കൺട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നതിന് അംഗീകൃത മാരുതി സുസുക്കി വർക്ക് ഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും.

ഡിസയർ ടൂർ എസ് ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിലെ 'ഇംപ് കസ്റ്റമർ ഇൻഫോ' വിഭാഗം സന്ദർശിച്ച് വാഹനത്തിന്റെ ഷാസി നമ്പർ (MI 3 തുടർന്ന് 14 അക്ക ആൽഫാന്യൂമെറിക് നമ്പർ) പൂരിപ്പിച്ച് തങ്ങളുടെ വാഹനത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനാവുമെന്നും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

വെഹിക്കിൾ ഐഡി പ്ലേറ്റിലാണ് ഷാസി നമ്പർ എംബോസ് ചെയ്‌തിരിക്കുന്നത്. കൂടാതെ വാഹന ഇൻവോയ്‌സ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ ഡോക്യുമെന്റുകളിലും ഷാസി നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഡിസയർ എസ് ടൂർ സെഡാന് ഒരു സിഎൻജി പതിപ്പും ലഭ്യമാണ്.

ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് വിവിടി പെട്രോൾ എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി പരമാവധി 82 bhp കരുത്തിൽ 113 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് സെഡാന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്കാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ഓപ്ഷൻ ഡിസയർ ടൂർ എസിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുമില്ല. നിലവിൽ ഇന്ത്യയിലെ മാരുതി സുസുക്കി ഡിസയർ എസ് ടൂറിന്റെ എക്സ്ഷോറൂം വില 6.05 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയാണ്. ടൂർ ശ്രേണിക്ക് കീഴിലുള്ള മോഡലുകളിൽ ഇപ്പോൾ ടൂർ H1, ടൂർ H2, ടൂർ എസ്, ടൂർ V, ടൂർ M എന്നീ വേരിയന്റുകളാണ് ഉൾപ്പെടുന്നത്.

ശരിക്കും പറഞ്ഞാൽ രണ്ടാം തലമുറ ഡിസയർ സെഡാനെ അടിസ്ഥാനമാക്കിയുള്ള മോഡലാണ് ടൂർ എസ്. എന്നാൽ സ്വകാര്യ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കായി ലഭ്യമല്ലാത്ത വാഹനം ടാക്‌സി, ഫ്ലീറ്റ് ആവശ്യങ്ങൾക്കായാണ് വിപണനം നടത്തുന്നത്. 19.95 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കാറിന്റെ പെട്രോൾ വകഭേദങ്ങളിൽ കമ്പനി അവകാശപ്പെടുന്നത്.

അതേസമയം 26.55 കിലോമീറ്റർ മൈലേജാണ് ഡിസയർ ടൂർ എസിന്റെ സിഎൻജി മോഡലുകളിൽ ലഭ്യമാവുന്നത്. ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, ഫാബ്രിക്ക് ആക്സന്റുവേറ്റഡ് ഡോർ ട്രിംസ്, റിമോട്ട് ബാക്ക് ഡോർ ഓപ്പണർ, മികച്ച യാത്രാ അനുഭവം നൽകുന്ന സീറ്റുകൾ, മികച്ച റൈഡിംഗ് ഡൈനാമിക്‌സ് എന്നിവയെല്ലാമാണ് മാരുതി സുസുക്കി സെഡാനിൽ വാഗ്‌ദാനം ചെയ്യുന്ന പ്രധാന സവിശേഷതകൾ.

ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, സ്പീഡ് ലിമിറ്റിംഗ് ഫങ്ഷൻ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിങ്, റിമോട്ട് കീലെസ് എൻട്രി, സ്പീഡ് സെൻസിങ് ഓട്ടോമാറ്റിക് ഡോർ ലോക്ക്, സെക്കുരിറ്റി അലാം സിസ്റ്റം എന്നീ ആധുനിക സുരക്ഷാ സവിശേഷതകളും മിരുതി ഡിസയർ ടൂർ എസിന്റെ പ്രത്യേകതകളാണ്.


Click it and Unblock the Notifications








