വിപണി പിടിക്കാൻ സിഎൻജി കരുത്തിൽ Maruti Baleno ഒരുങ്ങുന്നു, അരങ്ങേറ്റം ഉടൻ ഉണ്ടായേക്കും
ഈ വർഷം പുതുപുത്തൻ മോഡലുകൾ അവതരിപ്പിക്കുന്ന തിരക്കിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ടാം തലമുറ സെലേറിയോയുടെ അരങ്ങേറ്റത്തോടെയാണ് പുതിയ ശ്രേണിയുടെ തുടക്കമാരംഭിച്ചത്.

തുടർന്ന് വർഷം വാഗൺആറിന്റെ ഫെയ്‌സ്‌ലിഫ്റ്റ്, സെലേറിയോ സിഎൻജി, ന്യൂ ഏയ്‌ജ് ബലേനോ, ഡിസയർ സിഎൻജി എന്നിവയെല്ലാം വിപണിയിൽ അണിനിരന്നു. ഇതുകൊണ്ട് ഒന്നും മാരുതിയുടെ പുത്തൻ കാറുകളുടെ വരവ് അവസാനിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമാവുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവ് ഇതിനകം മത്സരിക്കുന്ന സെഗ്‌മെന്റുകളിൽ സാന്നിധ്യം ശക്തമാക്കുകയും പുതിയ പ്രേക്ഷകരെ നേടുകയെന്ന ലക്ഷ്യത്തോടെ പുതിയ ഇടങ്ങളിലേക്ക് തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുകയാണ് ഉന്നംവെക്കുന്നത്. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ പത്ത് ലക്ഷം വിൽപ്പന നാഴികക്കല്ല് കൈവരിച്ച എസ്-സിഎൻജി ശ്രേണി കൂടുതൽ വിപുലീകരിക്കുകയും ചെയ്യും.

കൂടുതൽ നെക്‌സ മോഡലുകൾക്ക് സിഎൻജി എഞ്ചിൻ ഓപ്ഷൻ ലഭിക്കുമെന്നതാണ് ഇതിന്റെ പിന്നിലുള്ള ഏറ്റവും സ്വീകാര്യമായ നടപടി. മാരുതി സുസുക്കി എസ്-സിഎൻജി വാഹന ശ്രേണിയിൽ വ്യക്തിഗത, വാണിജ്യ വിഭാഗങ്ങളിലായി ഇതിനോടകം 9 വാഹനങ്ങളാണ് ഉൾപ്പെടുന്നത്. സിഎന്‍ജി വിഭാഗത്തില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ച് മുന്നേറുകയായിരുന്നു മാരുതി.

തുടക്കത്തില്‍ ഹ്യുണ്ടായി മാത്രമായിരുന്നു ബ്രാന്‍ഡിന്റെ മുഖ്യഎതിരാളി. എന്നാല്‍ അടുത്തിടെ ടാറ്റ കൂടി ഈ വിഭാത്തിലേക്ക് എത്തിയതോടെ മത്സരം ശക്തമായിരിക്കുകയാണ്. അടുത്തിടെ ഏറെ മാറ്റങ്ങളോടെ എത്തിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനായിരിക്കും ആദ്യ സിഎൻജി ഓപ്ഷൻ നൽകുക. 1.2 ലിറ്റർ ഫോർ സിലിണ്ടർ K12N പെട്രോൾ എഞ്ചിനിൽ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ആദ്യത്തെ കാറായി ഇത് മാറുകയും ചെയ്യും.

ഈ പെട്രോൾ എഞ്ചിൻ നിലവിൽ 6,000 rpm-ൽ പരമാവധി 90 bhp കരുത്തും 4,400 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റിൽ ഓപ്ഷനായി ഒരു അഞ്ച് സ്പീഡ് എഎംടിയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ വാഗ്ദാനം ചെയ്തിരുന്ന സിവിടി ഓട്ടോമാറ്റിക്കിന്റെ സ്ഥാനത്താണ് എഎംടി നിലകൊള്ളുന്നത്. ബലേനോയുടെ സിഎൻജി വേരിയന്റിൽ ഈ പെർഫോമൻസ് കണക്കുകൾ കുറയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമായിരിക്കും എസ്-സിഎൻജി വേരിയന്റിൽ ലഭ്യമാവുകയുള്ളൂ.

എസ്-സിഎൻജി പതിപ്പിനൊപ്പം ഡിസൈൻ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കരുത്. കൂടാതെ ഫീച്ചറുകളുടെ ലിസ്റ്റും സമാനമായി തുടരും. പെട്രോൾ, ഡീസൽ വില കൂടിയതോടെ ഇന്ത്യയിൽ ഇലക്‌ട്രിക് സിഎൻജി കാർ വിൽപ്പന സാവധാനത്തിൽ വർധിച്ചുവരികയാണ്. അതിനാൽ ഈ സാധ്യത എത്രയും പെട്ടന്ന് പര്യവേഷണം ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യംവെക്കുന്നത്.

ഇലക്‌ട്രിക് കാറുകളുടെ ഉയർന്ന വിലയും ചാർജിംഗ് സംവിധാനങ്ങളുടെ അപര്യാപ്‌തതയും മൂലം പലരും ഇന്ന് സിഎൻജി കാറുകൾക്കാണ് മുൻഗണ കൊടുക്കുന്നത്. ആയതിനാൽ കൂടുതൽ ജനപ്രിയമായ മോഡലുകളിലേക്ക് സിഎൻജി ഓപ്ഷൻ നൽകിയാൽ കമ്പനിക്ക് അതിവേഗം മുന്നേറാനാവും എന്നു മനസിലായിട്ടുണ്ട്.

ആൾട്ടോ, എസ്-പ്രെസോ, വാഗൺആർ, സെലേറിയോ, ഡിസയർ, എർട്ടിഗ, ഇക്കോ, സൂപ്പർ കാരി, ടൂർ-എസ് എന്നിവ ഉൾപ്പെടുന്നതിനാൽ വ്യക്തിഗത, വാണിജ്യ മേഖലയിൽ ഏറ്റവും വലിയ സിഎൻജി നിരയും മാരുതിക്ക് അവകാശപ്പെടാനുള്ളതാണ്. ഇവയ്ക്കു പുറമെ ഈ വർഷം കൂടുതൽ സിഎൻജി കാറുകൾ പുറത്തിറക്കാനും മാരുതി സുസുക്കി പദ്ധതിയിട്ടിട്ടുണ്ട്. അതിൽ സ്വിഫ്റ്റ് സിഎൻജി, ബ്രെസ സിഎൻജി തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നുണ്ട്.

മാരുതി സുസുക്കി എസ്-സിഎൻജി വാഹനങ്ങളിൽ ഇന്റലിജന്റ് ഇൻജക്ഷൻ സംവിധാനമുള്ള ഡ്യുവൽ ഇന്റർഡിപെൻഡന്റ് ഇസിയുവാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ജ്വലനസമയത്ത് ഒപ്റ്റിമൽ എയർ-ഇന്ധന അനുപാതം ഉണ്ടാക്കുന്നു. ഇത്തരം വാഹനങ്ങൾ റീ-ട്യൂൺ ചെയ്‌ത ഷാസി സസ്പെൻഷനെയും ബ്രേക്കിംഗ് സിസ്റ്റത്തെയും ആശ്രയിച്ചാണിരിക്കുന്നത്.

കോമൺ റെയിൽ അധിഷ്ഠിത സിഎൻജി ഇഞ്ചക്ഷൻ സിസ്റ്റം ഫ്യുവൽ ഇഞ്ചക്ഷൻ മർദ്ദവും വിതരണവും ഒപ്റ്റിമൈസ് ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം മാരുതി സുസുക്കി നേരിയ തോതിൽ അപ്‌ഡേറ്റ് ചെയ്‌ത എർട്ടിഗ, XL6 എംപിവി മോഡലുകൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഈ കലണ്ടർ വർഷത്തിന്റെ മധ്യത്തോടെ രണ്ടാം തലമുറ വിറ്റാര ബ്രെസയും വിൽപ്പനയ്ക്കായി എത്തും.

എന്നിരുന്നാലും ഈ വർഷത്തെ മാരുതിയുയെ ഏറ്റവും വലിയ ലോഞ്ച് ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവി ആയിരിക്കും. ഇത് ആഗോള വിപണിയിൽ ഉപയോഗിക്കുന്ന ടൊയോട്ടയുടെ DNGA ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications








