ബലേനോയിൽ ഇനി ഈ കിടിലൻ ഫീച്ചറുകളും! പുതിയ പരിഷ്ക്കാരങ്ങളുമായി Maruti Suzuki

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി ബലേനോ വിപണിയിൽ നിറഞ്ഞാടുകയാണ്. 2022 നവംബർ മാസം മോഡലിന്റെ ഏകദേശം 21,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ രാജ്യത്ത് നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന വാഹനം എന്ന ബഹുമതിയും ഈ പ്രീമിയം ഹാച്ച്ബാക്കിനുള്ളതാണ്. രണ്ടാംതലമുറ ആവർത്തനത്തിലേക്ക് ഈ വർഷം കാറിനെ പരിഷ്ക്കരിച്ചതും വിൽപ്പന കൂടാനുള്ള ഒരു പ്രധാന കാരണമാണ്.

താങ്ങാനാവുന്ന വില, മികച്ച പെർഫോമൻസ്, ഉയർന്ന ഇന്ധനക്ഷമത, നല്ല റീസെയിൽ വാല്യൂ, കൂടാതെ ധാരാളം സാങ്കേതിക വിദ്യകൾ എന്നിവയും മാരുതി സുസുക്കി ബലേനോയെ വേറിട്ടുനിർത്തുന്ന ഘടകമാണ്. ദേ ഇപ്പോൾ കാറിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് വഴി ഈ പ്രീമിയം ഹാച്ച്ബാക്കിലേക്ക് പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി. അടുത്തിടെ കോംപാക്‌ട് എസ്‌യുവിയായ ബ്രെസയിൽ നടത്തിയ സമാനമായ പരിഷ്ക്കാരമാണ് ഇപ്പോൾ ബലേനോയിലേക്കും ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്.

ബലേനോയിൽ ഇനി ഈ കിടിലൻ ഫീച്ചറുകളും! പുതിയ പരിഷ്ക്കാരങ്ങളുമായി Maruti Suzuki

അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബലേനോ രൂപത്തിലും ഫീച്ചറുകളിലും സാങ്കേതികതയിലും വളരെ മികച്ച മോഡലായി മാറുകയായിരുന്നു. പപ്പടമെന്ന വിളിമാറ്റാനായി ദൃഢതയുള്ള ബോഡി നിർമാണവും മാരുതി കാറിന് സമ്മാനിച്ചു. കൂടാതെ 6 എയർബാഗുകൾ, ഒരു ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, സ്മാർട്ട്പ്ലേ പ്രോ പ്ലസ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വലിയ 9 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് പുതിയ മോഡലിലെ പ്രധാന സവിശേഷതകൾ. ഈ ഫീച്ചറുകളിൽ ചിലത് ഈ സെഗ്‌മെന്റിൽ കേട്ടുകേൾവി പോലുമില്ലായിരുന്നു. ഇക്കാര്യമാണ് പുത്തൻ ബലേനോ മാറ്റിയെഴുതിയത്.

നെക്സ്റ്റ് ജെൻ സുസുക്കി കണക്റ്റ് വഴിയും കമ്പനിയുടെ പ്രൊപ്രൈറ്ററി മൊബൈൽ ആപ്പിലൂടെയും നിരവധി കണക്റ്റഡ് ഫീച്ചറുകളാണ് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നത്. പുതിയ അപ്ഡേഷൻ വഴി വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേയിലെ ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പോലുള്ള സവിശേഷതകൾ OTA അപ്‌ഡേറ്റ് വഴി ഭാവിയിലെ ഉപയോഗത്തിനായി കരുതിവച്ചിരിക്കുന്നു. അവയാണ് കമ്പനി ഇപ്പോൾ അൺലോക്ക് ചെയ്‌തിരിക്കുന്നത്.

ഏറ്റവും പുതിയ ഫേംവെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉടമകൾക്ക് ഈ സവിശേഷതകൾ പ്രവർത്തനക്ഷമമാക്കാനാകും. ഇത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ സ്മാർട്ട്പ്ലേ പ്രോ പ്ലസ് സിസ്റ്റത്തിനായുള്ള സ്മാർട്ട്ഫോൺ അപ്ഡേറ്റുകൾ വഴിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ സ്മാർട്ട്ഫോൺ ഇന്റർഫേസ് ബലേനോയുടെ 9 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വയർലെസ് ആയി വിപുലീകരിക്കാനാകും. മുമ്പ് ഇതിനായി ഒരു യുഎസ്ബി കേബിൾ വഴി ഫോൺ സിസ്റ്റത്തിലേക്ക് പ്ലഗ് ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു.

ഈ ബുദ്ധിമുട്ടാണ് കമ്പനി ഇപ്പോൾ ബുദ്ധിപരമായി ഒഴിവാക്കിയിരിക്കുന്നത്. ഈ പുതിയ ഒടിഎ അപ്ഡേഷൻ വഴി ഉടമകൾക്ക് ഇപ്പോൾ ഹെഡ്‌സ് അപ് ഡിസ്പ്ലേയിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ ലഭിക്കും. ഇത് അവരുടെ പെരിഫറൽ വിഷൻ വഴി നാവിഗേഷൻ മാർഗനിർദ്ദേശം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. മുൻ തലമുറ മോഡലിൽ നിന്നുള്ള കാര്യക്ഷമമായ എഞ്ചിൻ തന്നെയാണ് പുതിയ രൂപത്തിൽ മാരുതി സുസുക്കി പുതിയ ബലേനോയിലും നിലനിർത്തിയിരിക്കുന്നത്. സുപരിചിതമായ 1.2 ലിറ്റർ K12 4-സിലിണ്ടർ എഞ്ചിൻ മാരുതി സുസുക്കിയുടെ ട്രേഡ്മാർക്കാണ്.

ഇത് ഏകദേശം 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓപ്ഷനുമായാണ് ഗിയർബോക്‌സ് സംവിധാനം വരുന്നത്. ഈ സെഗ്‌മെന്റിലെ മിക്ക എതിരാളികളും ടോർക്ക് കൺവെർട്ടറിന്റെയും ഡിസിടിയുടെയും രൂപത്തിൽ ശരിയായ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൂടുതൽ പ്രായോഗികമായ എഎംടിയോടെ മുന്നോട്ടുപോവാൻ മാരുതി തീരുമാനിച്ചത് മൈലേജിന്റെ കാര്യത്തിൽ മുൻതൂക്കം ലഭിക്കുന്നുണ്ട് എന്നുവേണം പറയാൻ.

ഇന്ത്യയിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, സിട്രൺ C3, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാണ് ബലേനോയുടെ പ്രധാന മത്സരം. 6.42 ലക്ഷം രൂപ മുതൽ 9.60 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബലേനോയുമായി സാമ്യമുള്ളതിനാൽ റീബാഡ്‌ജ് മോഡലായ ടൊയോട്ട ഗ്ലാൻസക്കും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകൾ OTA അപ്‌ഡേറ്റ് വഴി ഉടൻ തന്നെ ലഭ്യമാകണം.

Article Published On: Sunday, December 25, 2022, 9:00 [IST]
English summary
Maruti suzuki baleno gets more features with new ota update details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X