വേർണയെ പിന്തള്ളി സ്ലാവിയ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സെഡാൻ മോഡലുകൾ
എസ്‌യുവി മോഡലുകൾക്കിടയിൽ നിറംമങ്ങിയവരാണ് സെഡാൻ മോഡലുകളെങ്കിലും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളെ ഏറെ പ്രണയിക്കുന്നവർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത വലിപ്പങ്ങൾ ഉൾക്കൊണ്ട് വ്യത്യസ്ത സെഗ്മെന്റുകളിലായി ഇവ വ്യാപിച്ച് കിടക്കുകയാണ്.

വിൽപ്പനയിലും മോശമാക്കാതെയാണ് നിലവിലുള്ള സെഡാൻ മോഡലുകൾ രാജ്യത്ത് മുന്നോട്ടു നീങ്ങുന്നത്. എന്നാൽ എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ അൽപം പിന്നിലേക്ക് ആയേക്കാം. ഈ ആധിഖ്യത്തിനിടയിൽ നിർത്തലാക്കപ്പെട്ട ചില സെഡാനുകളും ആഭ്യന്തര വിപണിയിലുണ്ടായിരുന്നു.

സ്ലാവിയയുടെ പ്രഖ്യാപനത്തോടെ സ്കോഡ റാപ്പിഡിന്റെ ഉത്പാദനം നിർത്തി. ടൊയോട്ട യാരിസിന്റെ ഉത്പാദനം 2021-ൽ നിർത്തി. ഫോർഡ് ആസ്പയർ കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് പടിയിറങ്ങി. അടുത്തിടെ ഹ്യുണ്ടായി എലാൻട്രയെയും കമ്പനി വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.

ഒന്നിലധികം വാഹനങ്ങൾ പുറത്തുകടന്നിട്ടും സെഡാനുകളുടെ മൊത്തം വിപണി വലിപ്പം ഫെബ്രുവരിയിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതലായി എന്നതും ശ്രദ്ധേയമാണ്. അതായത് സെഡാൻ മോഡലുകളുടെ മൊത്തം വിൽപ്പന 31,308 യൂണിറ്റിൽ നിന്ന് 36,987 യൂണിറ്റായി ഉയർന്നുവെന്നാണ് പറഞ്ഞുവരുന്നത്.

18.14 ശതമാനം വളർച്ചയോടെ 5,679 യൂണിറ്റുകളുടെ അധിക വിൽപ്പനയാണ് 2021 ഫെബ്രുവരിയേക്കാൾ ഇത്തവണ നേടിയെടുത്തിരിക്കുന്നത്. അതേസമയം പ്രതിമാസ കണക്കുകളിൽ മൊത്തം വിൽപ്പന 34,465 യൂണിറ്റിൽ നിന്ന് 7.32 ശതമാനം വളർച്ചയോടെ ഉയർന്നു. 2022 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 സെഡാൻ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

എന്നത്തേയും പോലെ മാരുതി സുസുക്കി ഡിസയറാണ് പോയ മാസവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സെഡാൻ മോഡൽ. 2022 ഫെബ്രുവരിയിൽ കാറിന്റെ വിൽപ്പന 17,438 യൂണിറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടു. നേട്ടം 46.53 ശതമാനം വളർച്ചയോടെ 5,537 യൂണിറ്റുകളായി. ഡിസയറിന്റെ വിപണി വിഹിതം വിപണിയുടെ പകുതിയോളം വരും.

പ്രതിമാസ വിൽപ്പന വളർച്ച 15,000 യൂണിറ്റുകളിൽ നിന്ന് 16.51 ശതമാനമായി ഉയർന്നതും കമ്പനിക്ക് എടുത്തു പറയാനാവും. ഡിസയർ സബ്-4 മീറ്റർ സെഡാൻ അതിന്റെ സിഎൻജി പതിപ്പും കഴിഞ്ഞ ദിവസം അവതരിപ്പിച്ചിട്ടുണ്ട്. VXi, ടോപ്പ്-എൻഡ് ZXi വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്ന ഈ പതിപ്പിന്റെ പ്രാരംഭ വില 8.14 ലക്ഷം രൂപയാണ്.

2022 ഫെബ്രുവരി മാസത്തിൽ ഹോണ്ട അമേസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതോടെ ടാറ്റ ടിഗോർ ഏവരേയും ഞെട്ടിച്ചു. പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയന്റുകളിൽ വിൽക്കുന്ന രാജ്യത്തെ ഏക കോംപാക്‌ട് സെഡാൻ ഇതാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,939 യൂണിറ്റുകളിൽ നിന്ന് 4,091 യൂണിറ്റുകളായി മൊത്തം ആഭ്യന്തര വിൽപ്പന ഉയർന്നു. അങ്ങനെ മൊത്തത്തിൽ 111 ശതമാനം വാർഷിക വളർച്ചയാണ് വാഹനത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്.

മാരുതി സുസുക്കി ഡിസയറിന്റെ പ്രധാന എതിരാളിയായ ഹോണ്ട അമേസിന് കടന്നു പോയത് ഒരു മോശം മാസമായിരുന്നു. 2021 ഫെബ്രുവരിയിലെ 4,939 യൂണിറ്റുകളിൽ നിന്ന് 3,405 യൂണിറ്റുകളായി വിൽപ്പന കുറഞ്ഞ് ഹോണ്ട അമേസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

31 ശതമാനം ഇടിവാണ് ജാപ്പനീസ് ബ്രാൻഡിന് 2022 ഫെബ്രുവരി മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,300 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 3,668 യൂണിറ്റുകളുമായി ഹ്യുണ്ടായി ഓറ നാലാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിക്കും 15 ശതമാനം ഇടിവാണ് പോയ മാസത്തെ വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്.

12 ശതമാനം വളർച്ചയോടെ 2,524 യൂണിറ്റിനെതിരെ 2,836 യൂണിറ്റുകളുമായി ഹോണ്ട സിറ്റി അഞ്ചാം സ്ഥാനത്തെത്തി. മാരുതി സുസുക്കി സിയാസ് 1,510 യൂണിറ്റുകളിൽ നിന്ന് 1,919 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തും എത്തി. ശ്രേണിയിൽ ശക്തരായ എതിരാളികൾ ഉള്ളതിനാൽ ഡിസയറിന്റെ വിൽപ്പന പോലെ മികച്ചതല്ല സിയാസിന്റേത്.

ഫെബ്രുവരിയിൽ സ്‌കോഡ സ്ലാവിയ 1,862 യൂണിറ്റുകൾ രേഖപ്പെടുത്തി. അടുത്തിടെ പുറത്തിറക്കിയ വാഹനത്തിന് അതിന്റെ സെഗ്‌മെന്റിൽ മാന്യമായ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

2021 ഫെബ്രുവരിയിലെ 2,047 യൂണിറ്റുകളിൽ നിന്ന് 1,058 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി വേർണ എട്ടാം സ്ഥാനത്താണ് ഓടിയെത്തിയത്. വിൽപ്പനയിൽ 48 ശതമാനം ഇടിവാണ് സി-സെഗ്മെന്റ് സെഡാന്റെ വിൽപ്പനയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നേരിടുന്നത്.

വിപണിയിലെ അവസാന ദിനങ്ങളിലുള്ള ഫോക്‌സ്‌വാഗൺ വെന്റോയെ 2022 മെയ് മാസത്തിൽ വെർചിസ് എന്ന പുതുതലമുറക്കാരനെ ഉപയോഗിച്ച് കമ്പനി മാറ്റിസ്ഥാപിക്കും. ഫെബ്രുവരിയിൽ 277 യൂണിറ്റ് വിൽപ്പനയാണ് വാഹനത്തിന് സ്വന്തം പേരിൽ കുറിക്കാനായത്.

സ്കോഡ ഒക്ടാവിയയുടെ വിൽപ്പന 168 യൂണിറ്റുകളാണ്. പോയ വർഷത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്റെ വളർച്ചയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് നേടിയെടുക്കാനായത്.


Click it and Unblock the Notifications








