ഇക്കാര്യത്തിലും പ്രതീക്ഷ കാത്തു, Grand Vitara എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്
എസ്‌യുവി വിപണിയിൽ വിറ്റാര ബ്രെസ എന്ന സബ്-4 മീറ്റർ വാഹനമിറക്കി വിസ്‌മയം തീർത്തമാരുതി സുസുക്കി ഇപ്പോൾ ചുവടുവെച്ചിരിക്കുന്ന രാജ്യത്തെ ഏറ്റവും ഡിമാന്റുള്ള മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ്.

ഇതിനോടകം തന്നെ തരംഗമായ ഗ്രാൻഡ് വിറ്റാരയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി എന്ന വിശേഷണവുമായി മോഡൽ വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതും.

ദേ ഇപ്പോൾ 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില ഇന്റർനെറ്റിലൂടെ ചോർന്നിരിക്കുകയാണ്. നേരത്തെ ഊഹിച്ചതുപോലെ തന്നെ പുതിയ ഗ്രാൻഡ് വിറ്റാരയുടെ എക്സ്ഷോറൂം 9.50 ലക്ഷം രൂപ മുതൽ തന്നെയാണ് ആരംഭിക്കുന്നത്. അഞ്ച് മൈൽഡ് ഹൈബ്രിഡ് വേരിയന്റുകളും രണ്ട് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യും.

ഈ ഉത്സവ സീസണോട് അനുബന്ധിച്ച് സെപ്റ്റംബറിൽ പുതിയ ഗ്രാൻഡ് വിറ്റാരയെ ഔദ്യോഗികമായി കമ്പനി അവതരിപ്പിക്കും. അതോടൊപ്പമായിരിക്കും വില പ്രഖ്യാപനവും മാരുതി സുസുക്കിയുടെ ഭാഗത്തുനിന്നുണ്ടാവുക. ഇതിനോടകം സവിശേഷതകളും മേൻമകളുമെല്ലാം അറിഞ്ഞ ഉപഭോക്താക്കൾ കാത്തിരിക്കുന്നതും വില വിവരങ്ങൾ അറിയാൻ തന്നെയാവും.

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ മാരുതി സുസുക്കി 2022 ഗ്രാൻഡ് വിറ്റാരയുടെ ഏഴ് വകഭേദങ്ങൾ വാഗ്ദാനം ചെയ്യും. അവ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിലായി തിരിച്ചിരിക്കുന്നു. ഇനി വിലയിലേക്ക് കടന്നാൽ മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് സിഗ്മ മാനുവൽ വേരിയന്റിന് 9.50 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. ഇതിന് ഓട്ടോമാറ്റിക് പതിപ്പുണ്ടാവില്ല.

അതേസമയം രണ്ടാമത്തെ ഡെൽറ്റ മാനുവൽ വേരിയന്റിന് 11.00 ലക്ഷവും ഡെൽറ്റ ഓട്ടോമാറ്റിക്കിന് 12.50 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വിലയായി മാരുതി സുസുക്കി നിശ്ചയിക്കുക. സീറ്റ മാനുവൽ പതിപ്പിനായി 12.00 ലക്ഷം രൂപ മുടക്കേണ്ടി വരുമ്പോൾ ഇതിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലിനായി 13.50 ലക്ഷമായിരിക്കും മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

അതേസമയം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ആൽഫ മാനുവൽ വേരിയന്റിനായി 13.50 ലക്ഷവും ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പിനായി 15.00 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വില. മിഡി-സൈസ് എസ്‌യുവിയുടെ ആൽഫ AWD മാനുവൽ പതിപ്പിന് 15.50 രൂപയുമായിരിക്കും ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലഭ്യമല്ല.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സീറ്റ പ്ലസിന് 17 ലക്ഷം ആൽഫ പ്ലസിന് 18 ലക്ഷവുമായിരിക്കും എക്സ്ഷോറൂം വില. പുതിയ മാരുതി ഗ്രാൻഡ് വിറ്റാര രണ്ട് പെട്രോൾ എഞ്ചിൻ വേരിയന്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ മൈൽഡ്, സ്ട്രോംഗ് ഹൈബ്രിഡ്, 1.5 ലിറ്റർ യൂണിറ്റുകളായിരിക്കും.

വാഹനത്തിന്റെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് 101 bhp കരുത്തിൽ 136 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഇതിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കും. മറുവശത്ത് സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 114 bhp പവറിൽ 122 Nm torque ആണ് നൽകുന്നത്.

ഇതിൽ e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാവും കമ്പനി വാഗ്‌ദാനം ചെയ്യുക. പുതിയ ഗ്രാൻഡ് വിറ്റാര ലിറ്ററിന് 27.9 കിലോമീറ്റർ മൈലേജ് നൽകുകയും രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവിയായി മാറുകയും ചെയ്യുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. കൂടാതെ, മാനുവൽ ഗിയർബോക്സുള്ള ആൽഫ വേരിയന്റിൽ പുതിയ വിറ്റാരയുടെ AWD പതിപ്പ് ബ്രാൻഡ് വാഗ്ദാനം ചെയ്യും.

സ്‌പോർട്ട്, സ്‌നോ, ഓട്ടോ, ലോക്ക് എന്നീ നാല് മോഡുകളുള്ള ഓൾ-ഗ്രിപ്പ് സംവിധാനത്തോടെയാണ് പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എത്തുന്നത് എന്നതും സവിശേഷമാവുന്ന കാര്യമായിരിക്കും. 'ലോക്ക്' മോഡ് സ്ഥിരമായ ഓൾ-വീൽ-ഡ്രൈവിൽ ഇടപഴകുന്നതിനാൽ ഈ മോഡുകൾ രണ്ട്, ഓൾ-വീൽ-ഡ്രൈവ് മോഡുകൾക്കിടയിൽ മാറുന്നു.

കൂടാതെ 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് പുറമെ AWD സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ക്ലാസിലെ ഏക എസ്‌യുവി. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്‌സ് എന്നീ വമ്പൻമാരുമായാകും ഏറ്റുമുട്ടുക.

വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ച് ആദ്യ ആറ് ദിവസങ്ങളിൽ മാത്രം മാരുതി സുസുക്കി 13,000 ബുക്കിംഗുകൾ നേടിയെന്നാണ് റിപ്പോർട്ട്. അതിൽ 50 ശതമാനവും സ്ട്രോംഗ് ഹൈബ്രിഡ് സീറ്റ, ആൽഫ വേരിയന്റുകൾക്കായിരുന്നു. ദക്ഷിണേന്ത്യയിൽ മാത്രം 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ 4,000 ബുക്കിംഗുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.


Click it and Unblock the Notifications