എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇനി ഈ സവിശേഷതകളുണ്ടാവും, പകരം വില ഒന്ന് കൂട്ടുമെന്നു മാത്രം
മൾട്ടി പർപ്പസ് വാഹനങ്ങളെ സാധാരണക്കാരന് സ്വപ്‌നം കാണാൻ പഠിപ്പിച്ചവരാണ് മാരുതി സുസുക്കി. എർട്ടിഗ എന്ന 7 സീറ്റർ മോഡലുമായി വിപണിയിലെത്തി എല്ലാ റെക്കോർഡുകളും ഭേദിച്ച കമ്പനി അടുത്തിടെ എംപിവിക്ക് ഒരു മുഖംമിനുക്കലും സമ്മാനിച്ചിരുന്നു.

എന്തൊക്കെ ടെക്കുകളും ഫീച്ചറുകളുമായി ആരൊക്കെ വന്നാലും മാരുതി സുസുക്കി കാറുകളുടെ വിശ്വാസീയതയെ മാത്രം മറികടക്കാൻ ഒരു മോഡലിനും കമ്പനിക്കും കഴിയില്ലെന്നുള്ളതിന്റെ തെളിവാണ് പുത്തൻ എർട്ടിഗയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും.

വിശ്വസിച്ച് കൂടെകൂട്ടാം പോക്കറ്റുകീറാതെ മെയിന്റനെൻസും കൈയ്യിലൊതുങ്ങും 7 ആളുകൾക്ക് വരെ ഒന്നിച്ചു യാത്ര ചെയ്യാം എന്നുള്ളതെല്ലാം എർട്ടിഗയുടെ മേൻമകളാണ്. എന്നാൽ പുത്തൻ എർട്ടിഗയുടെ വില ചെറുതായൊന്നു പരിഷ്ക്കരിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

പുതിയ തലമുറ മോഡൽ അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഉടനടി പ്രാബല്യത്തിൽ വരുത്തുന്നതാണ് ഈ വില വർധനവ് എന്നുപറയാം. ഈ വർഷം ഏപ്രിലിൽ മാരുതി സുസുക്കി എർട്ടിഗയെ 8.35 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് എംപിവിയെ പുറത്തിറക്കിയത്.

എന്നാൽ ജൂലൈ 22 മുതൽ പുത്തൻ എർട്ടിഗയ്ക്ക് 6,000 രൂപ വർധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. റെഗുലേറ്ററി ഫയലിംഗിലൂടെയാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചത്. "എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോൾ ഇഎസ്പിയും ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡ് ഫീച്ചറുകളായി സജ്ജീകരിക്കും." ഇക്കാരണമാണ് മൾട്ടി പർപ്പസ് മോഡലിലേക്ക് ചെറിയ വില വർധനവ് നടപ്പിലാക്കാൻ കാരണമെന്ന് സാരം.

എർട്ടിഗയുടെ ഏറ്റവും പുതിയ വില വർധന എല്ലാ മാനുവൽ വേരിയന്റുകളിലും ബാധകമായിരിക്കും. എർട്ടിഗ എംപിവിയുടെ മാനുവൽ വകഭേദങ്ങൾ ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ അധിക സവിശേഷതകളോടെയാണ് വരുന്നതെന്ന് മാരുതി സുസുക്കി പറഞ്ഞു.

ഓട്ടോമാറ്റിക്, ടോപ്പ് ഓഫ് ദി റേഞ്ച് മാനുവൽ വേരിയന്റുകളിൽ മാത്രമാണ് ഈ ഫീച്ചറുകൾ നേരത്തെ ലഭ്യമായിരുന്നത്.ഏറ്റവും പുതിയ വില വർധനയോടെ എർട്ടിഗയുടെ പ്രാരംഭ എക്സ്ഷോറൂം വില 8.41 ലക്ഷം രൂപയായി മാറും.

ഈ വർഷം ആദ്യമാണ് ബ്രാൻഡ് നിരവധി അപ്‌ഡേറ്റുകളോടെ ഔദ്യോഗികമായി വാഹനത്തിനെ പുറത്തിറക്കുന്നത്. ഇതാദ്യമായാണ് എർട്ടിഗയുടെ ഏറ്റവും ഉയർന്ന ZXi വേരിയന്റിൽ മാരുതി സിഎൻജി ഓപ്ൽൻ വാഗ്ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. എംപിവി നാല് വകഭേകളിലും 11 വിശാലമായ വേരിയന്റുകളിലുമാണ് ഇപ്പോൾ ലഭ്യമാവുന്നത്.

VXi, ZXi, ZXi+ എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് ഓപ്ഷനുകളും എർട്ടിഗയുടെ ഭാഗമാണിപ്പോൾ. അതേസമയം എംപിവിയുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (CNG) പതിപ്പും രണ്ട് വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. എർട്ടിഗയ്ക്ക് മെച്ചപ്പെട്ട കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ വിവിടി എഞ്ചിനും മാരുതി സുസുക്കി സമ്മാനിച്ചു.

ഇത് എംപിവി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ട്യൂൺ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. പരിചിതമായ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി എത്തുന്ന എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിൽ മുമ്പുണ്ടായിരുന്ന നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം ആറ് സ്പീഡ് യൂണിറ്റാണ് ഉപയോഗിക്കുന്നത്. മോഡലിൽ പാഡിൽ ഷിഫ്റ്ററുകളും ലഭ്യമാണ്.

ഈ എഞ്ചിൻ 6,000 rpm-ൽ പരമാവധി 103 bhp പവറും 4,400 rpm-ൽ 136 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഫെയ്‌സ്‌ലിഫ്റ്റ് എർട്ടിഗയുടെ പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി വേരിയന്റിന് 26.11 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

മാരുതി സുസുക്കി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ മുഖേനയും എല്ലാം ഉൾപ്പെടുന്ന പ്രതിമാസ വാടകയിലും എർട്ടിഗ സ്വന്തമാക്കാനാവും എന്നതും ശ്രദ്ധേയമാണ്. ഇതിനായി പ്രതിമാസം 18,600 രൂപയാണ് മുടക്കേണ്ടത്. സിഎൻജി വേരിയന്റുകൾക്ക് 22,400 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി കമ്പനി ഈടാക്കുന്നത്.

എംപിവിയുടെ പുതിയ മാറ്റങ്ങളിലേക്ക് നോക്കിയാൽ റീ-ഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ ടു-ടോൺ അലോയ് വീലുകൾ, മെറ്റാലിക് തേക്ക് വുഡ് ഡാഷ്‌ബോർഡ് ഫിനിഷ്, വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം, നാല് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയെല്ലാമാണ് കാണാനാവുന്നത്.

ഏഴ് ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ യൂണിറ്റിനൊപ്പം വോയ്‌സ് അസിസ്റ്റന്റും സുസുക്കി കണക്റ്റും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൊണ്ടുവരാൻ മാരുതി സുസുക്കി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തിട്ടുണ്ട്.

പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ മെറ്റാലിക് ഓബർൺ റെഡ്, പേൾ മെറ്റാലിക് ഓക്‌സ്‌ഫോർഡ് ബ്ലൂ, ഡിഗ്നിറ്റി ബ്രൗൺ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന കളർ ഓപ്ഷനുകളിലും പുതിയ മാരുതി സുസുക്കി എർട്ടിഗ വാങ്ങാം.


Click it and Unblock the Notifications








