കുറഞ്ഞ വിലയും കൂടുതൽ മൈലേജും, Baleno, XL6 സിഎൻജി മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് Maruti Suzuki
ഇലക്ട്രിക്കിലേക്ക് പൂർണമായും ഇപ്പോൾ മാറാൻ ഒരു പദ്ധതിയും ഇല്ലാത്ത മാരുതി സുസുക്കി ഹൈബ്രിഡ്, സിഎൻജി വാഹനങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കിയതും മാരുതി തന്നെ.

ഇതിനോടകം സിഎൻജി കാറുകളുടെ വലിയ നിരയുള്ള മാരുതി സുസുക്കി ബലേനോയുടെയും XL6 എംപിവിയുടെയും സിഎൻജി വേരിയന്റുകൾ കൂടി ഉടൻ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ഈ ഫ്യുവൽ ഓപ്ഷൻ ലഭിക്കുന്ന ബ്രാൻഡിന്റെ നെക്‌സ ശ്രേണിയിലെ ആദ്യ മോഡലുകളായിരിക്കും ഇതെന്നതാണ് ഹൈലൈറ്റ്.

സീറ്റ എന്ന ഒരൊറ്റ വേരിയന്റിൽ എത്തുന്ന XL6 എംപിവിക്ക് 12.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണുള്ളത്. അതായത് പെട്രോൾ മോഡലിനേക്കാൾ ഏകദേശം 96,000 രൂപയാണ് സിഎൻജിക്കായി അധികം മുടക്കേണ്ടി വരികയെന്ന് സാരം.

അതേസമയം പുതിയ ബലെനോ സിഎൻജി പതിപ്പ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ ഡെൽറ്റ മാനുവൽ, സീറ്റ മാനുവൽ എന്നിവയ്ക്ക് യഥാക്രമം 8.28 ലക്ഷം രൂപയും 9.21 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

രണ്ട് സിഎൻജി വേരിയന്റുകളുടെയും വില അതാത് പെട്രോൾ വേരിയന്റുകളേക്കാൾ 95,000 കൂടുതലാണ്. പുതിയ ബലെനോ CNG, XL6 CNG എന്നിവയും യഥാക്രമം 18403 രൂപയും 30821 രൂപയും മുതൽ ആരംഭിക്കുന്ന എല്ലാ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിലും മാരുതി സുസുക്കി സബ്‌സ്‌ക്രൈബിലൂടെ സ്വന്തമാക്കാം.

സുസുക്കിയുടെ എസ്-സിഎൻജി വാഹനങ്ങൾ ഡ്യുവൽ ഇന്റർ-ഡിപ്പെൻഡൻഡ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളും (ECU) മെച്ചപ്പെട്ട പെർഫോമൻസും കാര്യക്ഷമതയും ഉറപ്പാക്കുന്ന എയർ-ഫ്യുവൽ അനുപാതം നൽകുന്നതിന് ഇന്റലിജന്റ് ഇഞ്ചക്ഷൻ സംവിധാനവും നൽകുന്നു.

മുഴുവൻ ഘടനയിലും കൊറോഷനും ലീക്കേജും ഒഴിവാക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകളും ജോയിന്റുകളുമായാണ് എസ്-സിഎൻജി സംവിധാനം വരുന്നതെന്ന് മാരുതി അവകാശപ്പെടുന്നു.

മാരുതി ബലേനോ സിഎൻജി
മാരുതി ബലേനോ സിഎൻജി 30.61 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി പറയുന്നു. 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീമിയം സിഎൻജി ഹാച്ച്ബാക്ക് കൂടിയാണിത്.

വോയ്‌സ് അസിസ്റ്റന്റോട് കൂടിയ 7 ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 40-ൽ അധികം കണക്റ്റഡ് സവിശേഷതകളുള്ള സുസുക്കി കണക്റ്റ്, സിഎൻജി നിർദ്ദിഷ്ട സ്‌ക്രീനുകളുള്ള എംഐഡി ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 60:40 റിയർ സ്പ്ലിറ്റ് സീറ്റുകൾ എന്നിവയുമായാണ് ബലേനോ സിഎൻജി പതിപ്പ് അണിനിരത്തിയിരിക്കുന്നതും.

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റോടുകൂടിയ അതേ 1.2 ലിറ്റർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സിഎൻജി മോഡിൽ ഈ എഞ്ചിൻ 6,000 rpm-ൽ 77.49 bhp പവറും 4,300 rpm-ൽ 98.5 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

പെട്രോൾ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പവറും ടോർക്കും യഥാക്രമം 12 bhp, 14.5 Nm torque എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. ബലേനോയുടെ സിഎൻജി എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് മാരുതി സുസുക്കി ജോടിയാക്കിയിരിക്കുന്നത്.

മാരുതി സുസുക്കി XL6
XL6 സിഎൻജി 26.32 കിലോമീറ്റർ എന്ന സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. എർട്ടിഗ സിഎൻജിക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം അതേ 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് 6 സീറ്റർ എംപിവിയിലും ഇടംപിടിച്ചിരിക്കുന്നതും.

ഈ എഞ്ചിൻ 87.83 bhp പവറിൽ 121.5 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. ഇത് സാധാരണ പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 13 bhp, 15 Nm torque എന്നിവ കുറവാണ് നൽകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും XL6 അവതരിപ്പിക്കുന്നു. ബലേനോയെ പോലെ തന്നെ 40-ൽ പരം കണക്റ്റഡ് സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവയ്‌ക്കൊപ്പമാണ് 6 സീറ്റർ എംപിവിയും വിപണിയിൽ അണിനിരക്കുന്നത്.

മറ്റ് സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ XL6 സിഎൻജിയിൽ 4 എയർബാഗുകൾ, ESP വിത്ത് ഹിൽ ഹോൾഡ്, എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകൾ, Isofix ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയുണ്ട്.


Click it and Unblock the Notifications