മൈലേജ് 31.12 കിലോമീറ്റർ, വില 8.14 ലക്ഷം മുതൽ; പുതിയ Dzire സിഎൻജി അവതരിപ്പിച്ച് Maruti Suzuki
ഇന്ത്യയിലെ സിഎൻജി വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാൻഡു തന്നെയാണ് മാരുതി സുസുക്കി. അരീന ഡീലർഷിപ്പുകളിൽ നിന്ന് റീട്ടെയിൽ ചെയ്യുന്ന ഓരോ മോഡലുകളിലും സിഎൻജി ഓപ്ഷൻ നൽകാനാണ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതി.

സമീപഭാവിയിൽ അതിന്റെ സിഎൻജി ശ്രേണി മൊത്തത്തിലുള്ള വിൽപ്പനയിൽ 20 ശതമാനത്തിലധികം സംഭാവന നൽകുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നതും. മാരുതി നിലവിൽ ആൾട്ടോ, എസ്-പ്രെസോ, വാഗൺആർ, ഈക്കോ, സെലേറിയോ, എർട്ടിഗ തുടങ്ങിയ മോഡലുകളിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ വാഗ്ദാനം ചെയ്‌ത് ബ്രാൻഡ് ഇതിനകം തന്നെ ഇന്ത്യയിൽ സിഎൻജി ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് രൂപപ്പെടുത്തയെടുത്തിരിക്കുന്നത്.

ദേ ഈ നിരയിലേക്ക് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായ ഡിസയറും സിഎൻജി ഓപ്ഷനോട് കൂടി വിപണിയിൽ എത്തിയിരിക്കുകയാണ്. 11,000 രൂപ ഡൗൺ പേയ്‌മെന്റിൽ 2022 മാരുതി ഡിസൈർ സിഎൻജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കോംപാക്‌ട് സെഡാന്റെ VXi, ZXi വേരിയന്റുകളിലായിരിക്കും സിഎൻജി ഓപ്ഷൻ വാഗ്ദാനം ചെയ്യുക. ഡിസയറിന്റെ സിഎൻജി പതിപ്പിന്റെ എക്സ്ഷോറൂം വില 8.14 ലക്ഷം രൂപയിൽ തുടങ്ങി 8.82 ലക്ഷം രൂപ വരെയായി നിൽക്കുകയാണ്. ഏകദേശം 95,000 രൂപ,1.05 ലക്ഷം രൂപ വ്യത്യാസമാണ് കാറിന്റെ പെട്രോൾ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണ്ടാവുന്നത്.

ഏറ്റവും ആകർഷകമായ ഘടകം എന്തെന്നു വെച്ചാൽ ഒരു കിലോ സിൻജിയിൽ 31.12 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി ഡിസയർ അവകാശപ്പെടുന്നത് എന്നതാണ്. ഡിസയർ സിഎൻജി അതിന്റെ പെട്രോൾ മോഡലിനെ അപേക്ഷിച്ച് കാര്യമായ ഒരു മാറ്റവും അവതരിപ്പിക്കുന്നില്ല. അതായത് ഡിസൈനും ഫീച്ചറുകളും എല്ലാം സമാനമായ രീതിയിലാണ് നിലനിൽക്കുന്നതെന്ന് സാരം.

നാല് പവർ വിൻഡോകൾ, ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, മൾട്ടി-ഫംഗ്ഷൻ കൺട്രോളുകൾ, ഡ്യുവൽ ടോൺ ഫാബ്രിക് ഫിനിഷ്ഡ് ഇന്റീരിയറുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, 2 ഡിൻ മ്യൂസിക് സിസ്റ്റം, നാല് സ്പീക്കറുകൾ, മാനുവൽ എയർ കണ്ടീഷനിംഗ്, പിൻ എസി വെന്റുകൾ എന്നീ സവിശേഷതകളെല്ലാം മാരുതി സുസുക്കി ഡിസയർ VXi സിഎൻജി വേരിയന്റ് ഉപഭോക്താക്കൾക്ക് ലഭിക്കും.

അതേസമയം മറുവശത്ത് ഡിസയർ സിഎൻജി ZXi പതിപ്പിന്റെ മുൻവശത്ത് സ്‌പോർട് ഫോഗ് ലാമ്പുകൾ നൽകുമ്പോൾ അതിന്റെ അകത്തളങ്ങളിൽ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, വൺ ടച്ച് ഡ്രൈവർ സൈഡ് വിൻഡോ അഡ്ജസ്റ്റ്‌മെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ലഭിക്കും. അതിനൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടാവും.

രണ്ട് വേരിയന്റുകളിലും ഡ്യുവൽ എയർബാഗുകൾ, ഹൈ സ്പീഡ് അലർട്ട്, ഡ്രൈവർക്കും സഹയാത്രക്കാർക്കുമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി എന്നിവ ഡിസയർ സിഎൻജിയിലെ സുരക്ഷാ ഉപകരണങ്ങളിൽ കാണാം. റീട്യൂൺ ചെയ്ത സസ്‌പെൻഷനും ലീക്ക് പ്രൂഫ് ഡിസൈനുമായാണ് ഇത് വരുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്.

89 bhp പവറിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ്, 4 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വഴിയാണ് മാരുതി ഡിസയർ സിഎൻജിയുടെ ഹൃദയം. ഈ കണക്കുകൾ സിഎൻജി പതിപ്പിൽ ഫോർമാറ്റിൽ യഥാക്രമം 77 bhp കരുത്തും 98.5 Nm torque ഉം ആയി കുറയും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അതായത് മറ്റ് സിഎൻജി കാറുകളെ പോലെ തന്നെ പുതിയ മാരുതി സുസുക്കി ഡിസർ സിഎൻജിയിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാകില്ലെന്ന് ചുരുക്കം. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ആയതിനാൽ വാറണ്ടിയും അതേപടി നിലനിൽക്കും. അതേസമയം കുറഞ്ഞ പ്രവർത്തന ചെലവിൽ നിന്ന് ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.

ഡ്യുവൽ ഇന്റർ-ഡിപെൻഡന്റ് ഇസിയു യൂണിറ്റുകളും സ്റ്റെയിൻലെസ് സ്റ്റീലിൽ എല്ലാ ഫിറ്റിംഗുകളുമുള്ള ഒരു ഫ്യൂവൽ ഗേജും കമ്പനി ചേർത്തിട്ടുണ്ട്. അതേസമയം ഇന്ധനം നിറയ്ക്കുമ്പോൾ എഞ്ചിൻ കട്ട് ഓഫ് ആകുന്നതിന് സുരക്ഷാ സ്വിച്ചുകൾ ചേർത്തിട്ടുണ്ടെന്നതും സ്വാഗതാർഹമാണ്. കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ ഹ്യുണ്ടായി ഓറ സിഎൻജി, ടാറ്റ ടിഗോർ സിഎൻജി എന്നീ രണ്ട് എതിരാളികളുമായാണ് മാരുതി ഡിസയർ സിഎൻജിയ്ക്കുള്ളത്.


Click it and Unblock the Notifications








