മാറ്റങ്ങൾ ഒരുപാടുണ്ട്, മുഖംമിനുക്കിയ പുത്തൻ XL6 എംപിവിയും വിപണിയിലെത്തി, വില 11.29 ലക്ഷം മുതൽ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XL6 എംപിവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. സീറ്റ, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതുപുത്തൻ മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന് 11.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കൃത്യമായി പറഞ്ഞാൽ മാനുവൽ XL6-ന് വില 11.29 ലക്ഷം മുതൽ 13.05 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 12.79 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെയാണ് വില.

പ്രതിമാസം 25,499 രൂപ മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷൻ വഴിയും മാരുതി പുതിയ XL6 വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമുള്ള എർട്ടിഗയുടെ പ്രീമിയം പതിപ്പാണ് വാഹനമെന്ന് ചുരുക്കി പറയാം. അതല്ലാതെ കാര്യമായ ഒരു മെക്കാനിക്കൽ മാറ്റങ്ങളും എംപിവിക്ക് ബ്രാൻഡ് നൽകിയിട്ടില്ല.

2022 മാരുതി സുസുക്കി XL6 മോഡൽ ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വാഹനം വാങ്ങാൻ ത്ത്പര്യമുള്ള ഉപഭോക്താക്കൾക്ക് മാരുതി നെക്‌സ ഷോറൂമുകളിലൂടെയോ ഓൺലൈനായോ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 11,000 രൂപ ടോക്കൺ തുക നൽകി എംപിവി ബുക്ക് ചെയ്യാം.

| Maruti XL6
| Manual | Automatic |
| Zeta | ₹11,29,000 | ₹12,79,000 |
| Alpha | ₹12,29,000 | ₹13,79,000 |
| Alpha+ | ₹12,89,000 | ₹14,39,000 |
| Alpha+ Dual Tone | ₹13,05,000 | ₹14,55,000 |

രൂപത്തിലെ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ പുതിയ ഇൻസെർട്ടുകളുള്ള ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ സ്‌കിഡ് പ്ലേറ്റുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, ട്വീക്ക് ചെയ്‌ത റിയർ ബമ്പർ, അൽപ്പം അപ്‌ഡേറ്റ് ചെയ്‌ത എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, സ്മോക്ക് ഔട്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് XL6 ഫെയ്‌സ്‌ലിഫ്റ്റിന് മാരുതി സുസുക്കി സമ്മാനിച്ചിരിക്കുന്നത്.

2022 XL6 ഫെയ്‌സ്‌ലിഫ്റ്റ് ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ബ്രേവ് കാക്കി, ഒപുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് വിപണിയിൽ എത്തുന്നത്. പുതുക്കിയ എംപിവിക്ക് റെഡ്, സിൽവർ, ഖാക്കി ഷേഡുകളിൽ കറുത്ത റൂഫുകളുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭിക്കുന്നു.

എന്നിരുന്നാലും പുതിയ XL6-ലെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ടോപ്പ്-എൻഡ് വേരിയന്റിനായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ് മാരുതി. എംപിവിയിൽ ഡൈമൻഷണൽ മാറ്റങ്ങളൊന്നും വരുത്താത്തതിനാൽ ബോഡി ക്ലാഡിംഗും റൂഫ് റെയിലുകളും എല്ലാം കമ്പനി അതേപടി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

2022 മാരുതി സുസുക്കി എർട്ടിഗ ഒരുക്കിയിരിക്കുന്ന ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് XL6 ഫെയ്‌സ്‌ലിഫ്റ്റും നിർമിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയായ എർട്ടിഗയ്ക്ക് അനുസൃതമായി പുതിയ ടച്ച്‌സ്‌ക്രീനും നവീകരിച്ച ചെയ്‌ത സെന്റർ കൺസോളും ഉൾപ്പെടെ നിരവധി പുതിയ മാറ്റങ്ങളും ലഭിക്കുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ സ്മാർട്ട്‌പ്ലേ പ്രോ സ്റ്റുഡിയോയും ഇൻ-ബിൽറ്റ് സുസുക്കി കണക്റ്റ് ടെലിമാറ്റിക്സും ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ടോപ്പ് എൻഡ് വേരിയന്റിന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, IR (ഇൻഫ്രാറെഡ് റിഫ്‌ളക്റ്റീവ്), യുവി പ്രൂഫ് വിൻഡ്‌ഷീൽഡ് എന്നിവ XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉപകരണങ്ങളിലെ മറ്റ് ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളാണ്. കൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകളും വാഹനത്തിൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റഡ് XL6 എംപിവിക്ക് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകളും ലഭിക്കുന്നു. ഇവ കൂടാതെ എംപിവിയുടെ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നതും സന്തോഷകരമായ വാർത്തയാണ്.

സിംഗിൾ പെട്രോൾ എഞ്ചിൻ ഓപ്ഷനും 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനുമാണ് വാഹനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. 114 bhp കരുത്തിൽ 137 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ K15C 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് XL6 ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുന്നത്.

ഈ യൂണിറ്റ് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ പഴയ 4-സ്പീഡ് യൂണിറ്റിന് പകരമായി 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. എഞ്ചിൻ ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടെയാണ് വരുന്നത്. അതിൽ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനവും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉൾപ്പെടുന്നുണ്ട്.

മധ്യ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റുകളുള്ള ലേഔട്ടിൽ മാത്രമാണ് മാരുതി നവീകരിച്ച XL6 വാഗ്ദാനം ചെയ്യുന്നത്. 2022 മാരുതി സുസുക്കി XL6, കിയ കാരെൻസ്, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ വേരിയന്റുകൾ എന്നിവയോടാണ് മത്സരിക്കുന്നത്.


Click it and Unblock the Notifications








