പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ
നിലവിൽ സിറ്റി കാറുകളിലെ പ്രിയങ്കരനായ എസ്-പ്രെസോയെ ചെറുതായൊന്ന് മിനുക്കി വീണ്ടും വിപണിയിൽ കൊണ്ടുവന്നിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് എസ്-പ്രെസോയുടെ ഒന്നിലധികം വേരിയന്റുകൾ മാരുതി നിർത്തലാക്കിയതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങളോടെ എസ്‌യുവി സ്റ്റൈലുള്ള ബജറ്റ് കാർ ഇപ്പോൾ നിരവധി മാറ്റങ്ങളുമായി കളത്തിലെത്തിയിരിക്കുന്നത്.

2022 ജൂണിൽ മോഡലിന്റെ വിൽപ്പന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നതിനു പിന്നാലെയാണ് ഈ നവീകരണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഓരോ മാസവും ശരാശരി 5,000 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം എസ്-പ്രെസോയുടെ വിൽപ്പന ഏകദേശം 600 യൂണിറ്റായി കുറഞ്ഞിരുന്നു. മോഡലിനെ നിർത്തലാക്കാൻ മാരുതി തയാറെടുക്കുന്നതിനാലാണിത് ഈ പരിഷ്ക്കാരങ്ങളെന്നാണ് പലരും കരുതിയിരുന്നത്.

എന്നാൽ മാരുതി സുസുക്കി ഇന്ത്യ പരിഷ്ക്കരിച്ച എസ്-പ്രെസോ അവതരിപ്പിക്കാൻ തയാറെടുക്കുന്നതിനാലാണ് കഴിഞ്ഞ മാസം വിൽപ്പന കുറയാൻ കാരണമായതെന്ന് ഇന്ന് വ്യക്തമായി. 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കുഞ്ഞൻ കാറിനെ ഇപ്പോൾ മാരുതി വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇത് പഴയ എസ്-പ്രെസോയേക്കാൾ 71,000 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്. പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തിയ എൻട്രി ലെവൽ മോഡിലിനെ Std, LXI, VXI, VXI+ എന്നിങ്ങനെ 4 വേരിയന്റുകളിലാണ് മാരുതി സുസുക്കി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഈ നാല് വേരിയന്റുകളും മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ സ്വന്തമാക്കാം. അതേസമയം ടോപ്പ് എൻഡ് നിരയിലെ VXI, VXI+ പതിപ്പുകളിൽ മാത്രമാണ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാവുന്നത്. 2022 മാരുതി എസ്-പ്രെസോയുടെ ബേസ് മോഡലിന് ഇപ്പോൾ 4.25 ലക്ഷം രൂപയാണ് വില.

നേരത്തെ ഇത് 3.85 ലക്ഷം രൂപയായിരുന്നു. ഇതോടെ അടിസ്ഥാന വേരിയന്റിന് 40,000 രൂപ കൂടുതലാണ് മുടക്കേണ്ടി വരുന്നത്. അതുപോലെ 2022 മാരുതി എസ്-പ്രെസോയുടെ മറ്റ് വകഭേദങ്ങളും വിലയേറിയതാണ്. LXI മാനുവൽ വേരിയന്റിന് ഇപ്പോൾ 4.95 ലക്ഷം രൂപയാണ് വില. മുൻ പതിപ്പിനെ അപേക്ഷിച്ച് 65,000 രൂപ കൂടുതലാണ് ചെലവാകുക.

VXI മാനുവൽ മോഡലിന്റെ വില 5.15 ലക്ഷം രൂപയും VXI+ മാനുവലിന്റെ വില 5.49 ലക്ഷം രൂപയും VXI (O) മാനുവൽ പതിപ്പിന്റെ വില 5.65 ലക്ഷം രൂപയും VXI+ (O) എഎംടി വേരിയന്റിന് 5.99 ലക്ഷം രൂപയുമാണ് പുതുക്കിയ തുക.

പുതിയ എസ്-പ്രെസോയുടെ വില 15.12 ശതമാനം വരെ വർധിക്കാൻ കാരണം വാഹനത്തിന് ഇപ്പോൾ നിരവധി പുതിയ സവിശേഷതകളും കൂടുതൽ മൈലേജ് നൽകുന്ന പരിഷ്ക്കരിച്ച എഞ്ചിനുമാണെന്ന് കമ്പനി പറയുന്നു.

പുതിയ 2022 മോഡൽ മാരുതി സുസുക്കി എസ്-പ്രെസോയ്‌ക്കൊപ്പം സിഎൻജി വേരിയന്റുകളൊന്നുമില്ല. ഇത് പിന്നീട് അവതരിപ്പിക്കാനാണ് സാധ്യതയേറുന്നത്. നേരത്തെ LXI, LXI (O), VXI, VXI (O) എന്നിവയുടെ 4 സിഎൻജി വേരിയന്റുകളിൽ കാറിൽ കമ്പനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

പുത്തൻ ഫീച്ചറുകൾ അറിയാം
പുതിയ എസ്-പ്രെസോയ്ക്ക് ഐഡിൽ-സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള നെക്സ്റ്റ് ജെൻ കെ-സീരീസ് 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഈ എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Vxi(O)/Vxi+(O) ഓട്ടോമാറ്റിക്കിൽ 25.30 കിലോമീറ്ററും Vxi/Vxi+ മാനുവൽ വേരിയന്റുകളിൽ 24.76 കിലോമീറ്റർ, Std/Lxi പതിപ്പുകൾക്ക് 24.12 കിലോമീറ്ററിന്റെയും വർധിച്ച ഇന്ധനക്ഷമതയാണ് ഇപ്പോൾ എസ്-പ്രെസോയിൽ കമ്പനി അവകാശപ്പെടുന്നത്. അതായത് മോഡലിന്റെ ഓട്ടോമാറ്റിക് പതിപ്പിൽ 17 ശതമാനത്തിന്റെ ഉയർന്ന ഇന്ധനക്ഷമതയും മാനുവലിൽ 14 ശതമാനം ഉയർന്ന ഇന്ധനക്ഷമതയും ഇനി മുതൽ ലഭ്യമാവുമെന്ന് ചുരുക്കം.

2022 മാരുതി എസ്-പ്രെസോയ്ക്ക് ഇപ്പോൾ എല്ലാ AGS വേരിയന്റുകളിലും ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും Vxi+, Vxi+(O) വേരിയന്റുകളിൽ ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന ഔട്ട്സൈഡ് റിയർ-വ്യൂ മിററുകളും (ORVM) ഉണ്ട്.

ഇതിന് ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, മുൻ സീറ്റ് ബെൽറ്റ് റിമൈൻഡറോട് കൂടിയ പ്രീ-ടെൻഷനർ, ഫോഴ്‌സ് ലിമിറ്റർ ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, എല്ലാ വേരിയന്റുകളിലും റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എജിഎസ് വേരിയന്റുകളിൽ ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയും പുത്തൻ എസ്-പ്രെസോയിലേക്ക് മാരുതി സുസുക്കി കൊണ്ടുവന്നിട്ടുണ്ട്.

കാഴ്ച്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണെങ്കിലും ഇന്ന് ചെറിയ സിറ്റി യാത്രകൾക്കായി ഏറ്റവും കൂടുതൽ ഡിമാന്റുള്ള വാഹനമാണ് മാരുതി സുസുക്കിയുടെ എസ്-പ്രെസോ. അതിനാൽ പുതിയ എഞ്ചിന്റെ വരവും കൂടുതൽ ഫീച്ചറുകളുടെ അകമ്പടിയും വിൽപ്പനയിൽ കൂടുതൽ മുന്നേറാൻ മോഡലിനെ പ്രാപ്‌തമാക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








