ഗ്രാൻഡായി ഗ്രാൻഡ് വിറ്റാര, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 8,052 യൂണിറ്റുകൾ
ഇന്ത്യയിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനം എന്നു കേട്ടാൽ തന്നെ നമുക്ക് ആദ്യം ഓർമ വരിക മാരുതി സുസുക്കി എന്നു തന്നെയായിരിക്കും. മൈലേജിന്റെ കാര്യത്തിലും വിശ്വാസത്തിന്റെ കാര്യത്തിലും മാരുതിയെ വെല്ലാൻ ഇതുവരെ ഒരുത്തനും എത്തിയിട്ടില്ലെന്നു വേണം പറയാൻ.

അത്തരത്തിൽ ആധുനിക സാങ്കേതികവിദ്യയും, ആഡംബര സംവിധാനങ്ങളും കോർത്തിണക്കി മാരുതി പുറത്തിറക്കിയ ഏറ്റവും പുതിയ എസ്‌യുവിയാണ് ഗ്രാൻഡ് വിറ്റാര. ഹ്യുണ്ടായി ക്രെറ്റയും, കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സെഗ്മെന്റിലേക്കാണ് ഈ കേമൻ രണ്ട് മാസങ്ങൾക്ക് മുമ്പ് വിരുന്നെത്തിയത്.

ചെറുകാറുകളിൽ നിന്നും തങ്ങളുടെ ശ്രദ്ധ എസ്‌യുവികളിലേക്കായിരിക്കും എന്ന് ഗ്രാൻഡ് വിറ്റാരയിലൂടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി പറയാതെ പറഞ്ഞു. ലോഞ്ച് ചെയ്‌ത ഘട്ടത്തിൽ തന്നെ 57,000 ബുക്കിംഗുകൾ നേടി ഗ്രാൻഡാവാനും വിറ്റാരക്ക് സാധിച്ചിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുത്തൻ ബ്രെസയുടെയും ഗ്രാൻഡ് വിറ്റാരയുടെയും സംയോജിത ബുക്കിംഗ് നമ്പരുകൾ രണ്ട് ലക്ഷത്തിലധികം ആയെന്നും കമ്പനി പറഞ്ഞിരുന്നു. വിൽപ്പന ആരംഭിച്ച ആദ്യ മാസം തന്നെ ഗ്രാൻഡ് വിറ്റാരയുടെ മൊത്തം 4,770 യൂണിറ്റുകൾ നിരത്തിലെത്തിച്ച കമ്പനി 2022 ഒക്ടോബറിൽ എസ്‌യുവിയുടെ 8,052 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

അതായത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ എസ്‌യുവിയായി മാറിയെന്ന് സാരം. കൂടാതെ മൊത്തത്തിലുള്ള പാസഞ്ചർ കാർ വിൽപ്പനയിൽ പതിനാറാം സ്ഥാനത്തെത്താനും മോഡലിനായി എന്നത് മാരുതി സംബന്ധിച്ച് വലിയ നേട്ടമാണ്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി പങ്കിടുന്ന ഗ്ലോബൽ സി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് അഞ്ച് സീറ്റർ എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. നിലവിൽ 10.45 ലക്ഷം രൂപ മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

എർട്ടിഗ, XL6, ബ്രെസ എന്നിവയിൽ കാണപ്പെടുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ ആദ്യ എഞ്ചിൻ ഓപ്ഷൻ. ഇത് പരമാവധി 103 bhp പവറിൽ 136 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളോട് കൂടിയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ഇത് തെരഞ്ഞെടുക്കാം. ഇതോടൊപ്പം ടൊയോട്ടയിൽ നിന്നുള്ള 1.5 ലിറ്റർ ത്രീ-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ TNGA സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ ഹൈലൈറ്റ്.

എഞ്ചിൻ ഒരു സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കുന്നതിന് ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ആയി ചേർന്ന് പ്രവർത്തിക്കുന്നു. ഇത് ഒരു സമർപ്പിത ഇവി മോഡ് പ്രവർത്തനക്ഷമമാക്കി 28 കിലോമീറ്ററിന്റെ ആകർഷകമായ മൈലേജാണ് നൽകുന്നത്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, കണക്റ്റഡ് കാർ ടെക് തുടങ്ങിയ സവിശേഷതകളാൽ എസ്‌യുവി സമ്പന്നവുമാണ്.

വരും മാസങ്ങളിൽ പ്രൊഡക്ഷൻ മാരുതി വർധിപ്പിക്കുമ്പോൾ പുത്തൻ ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പന സംഖ്യകൾ ഇനിയും ഉയരും. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് പുറമെ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ് തുടങ്ങിയ വൻ താരനിരയുമായാണ് ഗ്രാൻഡ് വിറ്റാര മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








