ആർക്കും തടുക്കാനാവില്ല, 10 ലക്ഷവും കടന്ന് Maruti Suzuki CNG കാർ വിൽപ്പന
പെട്രോൾ, ഡീസൽ വില കൂടിയതോടെ ഇന്ത്യയിൽ ഇലക്‌ട്രിക് സിഎൻജി കാർ വിൽപ്പന സാവധാനത്തിൽ വർധിച്ചുവരികയാണ്. ഇവികൾ സ്വന്തമാക്കാൻ താങ്ങാനാവുന്നതിലും കൂടുതൽ വിലയാണ് മുടക്കേണ്ടത്. അതിനാൽ കൂടുതൽ ഉപഭോക്താക്കളും സിഎൻജിയിലേക്ക് ചേക്കേറാനാണ് താത്പര്യപ്പെടുന്നത്.

ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹന നിർമാണ കമ്പനിയാണ് മാരുതി സുസുക്കി. മറ്റ് പാസഞ്ചർ കാറുകൾ എന്നപോലെ തന്നെ സിഎൻജി ശ്രേണിയിലും ബജറ്റ് മോഡലുകളെ അവതരിപ്പിക്കാന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതാണ് അവരുടെ ഏറ്റവും വലിയ വിജയം.

ദേ ഇപ്പോൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ എസ്-സിഎൻജി ശ്രേണിയിലുള്ള വാഹനങ്ങൾ മൊത്തത്തിൽ 10 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് മാരുതി.

ആൾട്ടോ, എസ്-പ്രെസോ, വാഗൺആർ, സെലേറിയോ, ഡിസയർ, എർട്ടിഗ, ഇക്കോ, സൂപ്പർ കാരി, ടൂർ-എസ് എന്നിവ ഉൾപ്പെടുന്നതിനാൽ വ്യക്തിഗത, വാണിജ്യ മേഖലയിൽ ഏറ്റവും വലിയ സിഎൻജി നിരയും മാരുതി സുസുക്കിക്കാണുള്ളത്.
എസ്-സിഎൻജി വാഹനങ്ങൾ രാജ്യത്ത് ജനകീയമാക്കിയതും സുസുക്കിയ്ക്ക് അവകാശപ്പെടാനുള്ള നേട്ടമാണ്.

പ്രകൃതിവാതകത്തിന്റെ വിഹിതം 6.2 ശതമാനത്തിൽ നിന്ന് 2030-ഓടെ 15 ശതമാനം വർധിപ്പിച്ച് എണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന സർക്കാരിന്റെ ലക്ഷ്യവുമായി മാരുതി പ്രവർത്തിക്കുന്നുണ്ട്. ഇന്തോ-ജാപ്പനീസ് നിർമ്മാതാവ് ഈ കലണ്ടർ വർഷം അതിന്റെ എസ്-സിഎൻജി ശ്രേണി വിപുലീകരിക്കുന്നതിലും കൂടുതൽ പ്രീമിയം ഓഫറുകൾക്ക് സാങ്കേതികവിദ്യ ലഭിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഒരു കമ്പനി എന്ന നിലയിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവും ക്ലീനറും സാങ്കേതികമായി നൂതനവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുതിയ നേട്ടത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.

ഇന്ത്യയിൽ 3,700-ലധികം സിഎൻജി സ്റ്റേഷനുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി അടുത്ത കുറച്ച് വർഷങ്ങളിൽ രാജ്യത്തുടനീളം 10,000 സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ.

ഇത് തീർച്ചയായും സിഎൻജി വാഹനങ്ങളുടെ ഉയർച്ചയ്ക്ക് സഹായിക്കും. പ്രധാനമായും എൻട്രി ലെവൽ വോളിയം അടിസ്ഥാനമാക്കിയുള്ള സെഗ്മെന്റിനെയാണ് ഏവരും ഉന്നമിടുന്നത്. സമാനതകളില്ലാത്ത സുരക്ഷ, പ്രകടനം, ഈട്, ഉയർന്ന ഇന്ധനക്ഷമത എന്നിവ നൽകുന്നതിനായി തങ്ങളുടെ എസ്-സിഎൻജി വാഹനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ സംയോജിപ്പിച്ചിട്ടുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പറയുന്നു.

2016-17ൽ മാരുതി സുസുക്കി 3.5 ലക്ഷം എസ്-സിഎൻജി വിൽപ്പന നാഴികക്കല്ലിൽ എത്തിയത്. പിന്നീട് സിഎൻജി കാറുകളുടെ തുടർച്ചയായ വിപുലീകരണം മൂലം ചുരുങ്ങിയ സമയത്തിനുള്ളിലാണ് കമ്പനി പത്ത് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചിരിക്കുന്നതും. മാരുതി സുസുക്കി എസ്-സിഎൻജി ശ്രേണിയിലുള്ള വാഹനങ്ങൾ ജ്വലന സമയത്ത് വായു-ഇന്ധന അനുപാതം പ്രദാനം ചെയ്യുന്ന ഒരു ഇൻജക്ഷൻ സംവിധാനത്തോടുകൂടിയ ഇരട്ട പരസ്പരാശ്രിത ഇസിയുകളിലാണ് വരുന്നത്.

തങ്ങളുടെ സിഎൻജി കാറുകളുടെ ഷാസി, സസ്‌പെൻഷൻ, ബ്രേക്കിംഗ് സിസ്റ്റങ്ങൾ എന്നിവ വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ഓടിക്കാൻ റീ-ട്യൂൺ ചെയ്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിമൽ ഇഞ്ചക്ഷൻ മർദ്ദത്തിനും വിതരണത്തിനുമായി ഒരു കോമൺ-റെയിൽ അധിഷ്ഠിത ഇഞ്ചക്ഷൻ സിസ്റ്റമാണ് ബ്രാൻഡ് ഉപയോഗിക്കുന്നത്.

വാഹനം ഓഫാണെന്നും ഇന്ധനം നിറയ്ക്കുമ്പോൾ സ്റ്റാർട്ട് ആവുന്നില്ലെന്നും ഉറപ്പാക്കുന്ന മൈക്രോ സ്വിച്ച്, തുരുമ്പിക്കാത്ത പ്രതിരോധത്തിനുള്ള പേറ്റന്റ് ഫെറൂൾ ജോയിന്റുകളുള്ള സ്റ്റെയിൻലെസ് സ്റ്റീൽ സിഎൻജി പൈപ്പുകൾ, ലീക്ക് പ്രൂഫ് ഡിസൈൻ, ഗ്യാസ് ചോർച്ചയുണ്ടായാൽ അധിക സുരക്ഷയ്ക്കായി ഡ്യുവൽ സോളിനോയിഡ് സിസ്റ്റം ഗ്യാസ് ലീക്ക് സമയത്ത് ഇന്ധനം സ്വയമേവ വെട്ടിക്കുറയ്ക്കുകയും ഉയർന്ന മർദ്ദമുള്ള സിഎൻജി അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്നു.

ഇവയെല്ലാമാണ് മാരുതി സുസുക്കിയുടെ എസ്-സിഎൻജി കാറുകളുടെ സവിശേഷമായ സുരക്ഷാ സവിശേഷതകൾ. ഉയർന്ന മർദ്ദത്തിലുള്ള സിഎൻജി ഗ്യാസിന്റെ തിരിച്ചുവരവ് തടയുന്നതിനുള്ള നോൺ-റിട്ടേൺ വാൽവ് മെക്കാനിസം, നാശത്തിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സിസ്റ്റത്തെ സംരക്ഷിക്കുന്ന സിഎൻജി ഫില്ലർ ഫിൽട്ടർ എന്നിവയും മാരുതി അവതരിപ്പിക്കുന്നുണ്ട്.

കോൾഡ് സ്റ്റാർട്ട് സമയത്ത് മെച്ചപ്പെടുത്തിയ ലൂബ്രിക്കേഷനുള്ള പെട്രോൾ മോഡ് ഇഗ്നിഷൻ, ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ സിസ്റ്റം, ഓട്ടോ ചേഞ്ച്-ഓവർ സ്വിച്ച്, എൻജിവി റിസപ്റ്റാക്കിൾ സ്പെഷ്യൽ നോസൽ, പ്രിസിഷൻ ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്റർ തുടങ്ങി. സജ്ജീകരണങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിലവിൽ പുത്തൻ സെലേറിയോ എസ്-സിഎൻജി മോഡലാണ് കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന വാഹനം. ഒരു കിലോഗ്രാമിന് 35.60 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ ഹാച്ച്ബാക്ക് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ വാഗൺആറിൽ 34.05 കിലോമീറ്ററും ആൾട്ടോ സിഎൻജിയിൽ 31.59 കിലോമീറ്ററും എസ്-പ്രെസോയിൽ 31.12 കിലോമീറ്ററും ഡിസയറിൽ 26.08 കിലോമീറ്ററും മൈലേജും മാരുതി വാഗ്‌ദാനം ചെയ്യുന്നു.


Click it and Unblock the Notifications








