പുത്തൻ Baleno ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് Maruti Suzuki
ഇന്ത്യൻ വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

ഈ അവസരത്തിൽ പ്രീമിയം ഹാച്ച്ബാക്കിന്റെ പുത്തൻ പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി. പുതുക്കിയ ബലേനോയുടെ ടീസർ ചിത്രങ്ങളും ബ്രാൻഡ് ഇതോടുകൂടി പുറത്തുവിട്ടിട്ടുണ്ട്.

ഇത് ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ഡിസൈനിനെക്കുറിച്ചും പുതിയ ഫീച്ചറുകളെക്കുറിച്ചുമുള്ള സൂചനകളാണ് പറഞ്ഞുവെക്കുന്നത്. ഈ വർഷം ജനുവരി 24 ന് ഗുജറാത്തിലെ കമ്പനിയുടെ നിർമാണ കേന്ദ്രത്തിൽ പുതിയ മാരുതി ബലേനോയുടെ ഉത്പാദനവും ആരംഭിച്ചിരുന്നു.

പുതുതായി മുഖംമിനുക്കി എത്തുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുകയായി നൽകി വാഹനം മാരുതി സുസുക്കി നെക്‌സ വെബ്സൈറ്റ് വഴിയോ നെക്‌സ ഡീലർഷിപ്പുകൾ വഴിയോ പ്രീ-ബുക്ക് ചെയ്യാം.

പുതിയ ഹെഡ്‌ലാമ്പുകൾ, വ്യത്യസ്‌തമായ ഗ്രില്ലുകൾ, പുതിയ ബമ്പർ എന്നിവയ്‌ക്കൊപ്പം പുനർനിർമിച്ച മുൻഭാഗവും ഇത്തവണ ഏറെ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. ഇതുകൂടാതെ ടെയിൽ ലൈറ്റുകളും പിൻ ബമ്പറും മാരുതി സുസുക്കി ബലേനോയിൽ പുനർരൂപകൽപ്പന ചെയ്യപ്പെടും. മാത്രമല്ല പുതിയ അലോയ് വീലുകളും വാഹനത്തിൽ പ്രതീക്ഷിക്കാം.

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവയ്ക്കെതിരെയാണ് ഇന്ത്യയിൽ മത്സരിക്കുന്നത്. പുതിയ മിനുക്കുപണികളോടെ എതിരാളികളേക്കാൾ മികച്ചതാവാനാണ് മോഡലിന്റെ ശ്രമവും.

പുറംപോലെ തന്നെ അകത്തളത്തിലും മാറ്റങ്ങൾ പ്രകടമായിരിക്കും. മാരുതി ബലേനോയ്ക്ക് ഇപ്പോൾ ഹെഡ്-അപ്പ് ഡിസ്‌പ്ലേ ലഭിക്കുമെന്ന് ടീസർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതയാണെന്നതും ശ്രദ്ധേയം. അതോടൊപ്പം ഹാച്ച്ബാക്കിന് ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റീസ്റ്റൈൽ ചെയ്ത ഡാഷ്‌ബോർഡും ലഭിക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്.

ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിനേക്കാൾ ഉയർന്നതാണ്. ഇന്നത്തെ യുവാക്കൾക്കും ധീരരായ ഉപഭോക്താക്കൾക്കും ഒരു വഴിയെന്ന നിലയിൽ, സാങ്കേതിക വിദഗ്ദ്ധരായ ഒരു തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുത്തൻ ബലേറോ തയാറാക്കിയിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്, സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ആത്യന്തിക നഗര യാത്രാനുഭവം മികവുറ്റതാക്കുന്നതിനായി മികച്ച ഇൻ-കാർ സാങ്കേതികവിദ്യ, എക്സ്പ്രസീവ് ഡിസൈൻ, ക്ലാസ്-ലീഡിംഗ് സുരക്ഷ എന്നിവയുടെ സംഗമത്തെ പ്രചോദിപ്പിച്ചുകൊണ്ട് ബലേനോ കാറുകൾക്കായി ഒരു പുതിയ മാനദണ്ഡം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ബലേനോ അതിന്റെ വ്യതിരിക്തമായ സാന്നിധ്യവും അത്യാധുനിക സാങ്കേതികവിദ്യയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കൂടാതെ പുതിയ സെലേറിയോയ്ക്ക് സമാനമായി ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോടുകൂടിയ നെക്‌സ്റ്റ്-ജെൻ കെ-സീരീസ് ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് ഫെയ്‌സ്‌ലിഫ്റ്റഡ് മാരുതി ബലേനോയ്ക്ക് കരുത്തേകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നിരുന്നാലും സെലെരിയോയുടെ 1.0 ലിറ്റർ യൂണിറ്റിനെ അപേക്ഷിച്ച് ബലേനോയുടെ എഞ്ചിൻ 1.2 ലിറ്റർ യൂണിറ്റായിരിക്കും. നിലവിൽ 1.2 ലിറ്റര്‍ VVT പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് VVT എഞ്ചിനുമാണ് പ്രീമിയം ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. ഇതിൽ ആദ്യത്തേത് 82 bhp കരുത്തിൽ 113 Nm torque പുറത്തെടുക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ യൂണിറ്റ് 89 bhp പവറിൽ 113 Nm torque വരെ വാഗ്‌ദാനം ചെയ്യും.

ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവലിനൊപ്പം മാരുതി സുസുക്കി പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് (AGS) ട്രാന്‍സ്മിഷനോടെ അവതരിപ്പിക്കും. 6.5 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയായിരിക്കും പുതിയ 2022 മോഡൽ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനായി കമ്പനി നിശ്ചയിക്കുകയെന്നാണ് സൂചന.

സുരക്ഷയുടെ കാര്യത്തിലും മുൻഗാമിയേക്കാൾ അൽപം കേമനായിരിക്കും പുതിയ 2022 മോഡൽ. കൂടുതൽ കരുത്തുറ്റ അനുഭവം നൽകാനുള്ള ശ്രമത്തിൽ പുറം ബോഡി പാനലുകളിലും ഷാസിയിലും മറ്റുള്ളവിടങ്ങളിലും കട്ടിയുള്ള സ്റ്റീലായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് കാറിന് മാരുതി സുസുക്കി ഉപയോഗിക്കുക. ഉയർന്ന മോഡലുകൾക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) മാരുതി സുസുക്കി സമ്മാനിച്ചേക്കും.

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ ബാഗുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് എയർബാഗുകൾ എന്നിവയും ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രത്യേകതയായിരിക്കും. എന്തായാലും ഇനി ദിവസങ്ങൾ മാത്രമാണ് പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണത്തിനുണ്ടാവുക. പരിഷ്ക്കാരത്തോടെ വിപണിയിൽ എത്തുമ്പോൾ നിലവിലെ എതിരാളികളേക്കാൾ ശ്രദ്ധയാകർഷിക്കാനും വാഹനത്തിന് സാധിക്കുമെന്നും ഉറപ്പാണ്.


Click it and Unblock the Notifications








