ഒന്നിനും ഒരുകുറവു വേണ്ട! Baleno ടോപ്പ് എൻഡ് വേരിയന്റിനും CNG ഓപ്ഷൻ സമ്മാനിക്കാൻ Maruti

ഇലക്ട്രിക് കാറുകൾക്കിടയിൽ സിഎൻജിയും ട്രെൻഡായി മാറുമ്പോൾ വിപണി അതിവേഗം ഉണരുകയാണ്. നിലവിൽ മാരുതി അരങ്ങുവാഴുന്ന ഈ വിഭാഗം പുത്തൻ മോഡലുകളാൽ സമ്പന്നമാവുകയും ചെയ്യുന്നുണ്ട്. ഹ്യുണ്ടായി, ടാറ്റ എന്നീ ബ്രാൻഡുകളുടെ വരവാണ് സിഎൻജി സെഗ്മെന്റിന് ഉത്തേജകമായത്.

ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കൾ 2022 ഒക്ടോബറിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കി ബലേനോ പുറത്തിറക്കി ഏവരേയും ഞെട്ടിച്ചിരുന്നു. നിലവിൽ ഡെൽറ്റ, സീറ്റ വേരിയന്റുകളിലാണ് ബലേനോയുടെ സിഎൻജി പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

ഒന്നിനും ഒരുകുറവു വേണ്ട! Baleno ടോപ്പ് എൻഡ് വേരിയന്റിനും CNG ഓപ്ഷൻ സമ്മാനിക്കാൻ Maruti

ഇവയ്ക്ക് യഥാക്രമം 8.28 ലക്ഷം രൂപയും 9.21 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാൽ ഒരു പുതിയ ആർടിഒ രേഖ പ്രകാരം, കമ്പനി മാരുതി ബലേനോ സിഎൻജി കിറ്റ് ടോപ്പ് എൻഡ് ആൽഫ വേരിയന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, സീറ്റ സിഎൻജി വേരിയന്റുകൾക്ക് സമാനമായി, പുതിയ ടോപ്പ് എൻഡ് മോഡലിന് അതിന്റെ സാധാരണ പെട്രോൾ വകഭേദത്തേക്കാൾ ഏകദേശം 95,000 രൂപ അധികമായി മുടക്കേണ്ടി വരും.

ഫാക്ടറിയിൽ ഫിറ്റഡ് സിഎൻജി കിറ്റുമായി ജോടിയാക്കിയ അതേ 1.2 ലിറ്റർ, 4-സിലിണ്ടർ K12N പെട്രോൾ എഞ്ചിനിലാണ് പുതിയ മാരുതി ബലേനോ ആൽഫ വേരിയന്റും വരിക. ഈ സജ്ജീകരണം 77.5 bhp കരുത്തിൽ 98.5 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രീമിയം ഹാച്ച്ബാക്കിനെ സഹായിക്കും. എന്നാൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ വാഹനം നൽകൂവെന്ന് പ്രത്യേകം ഓർമിക്കേണം. മാത്രമല്ല ബൂട്ടിൽ ഘടിപ്പിച്ച സിഎൻജി ടാങ്ക് ബൂട്ട് സ്പേസിന്റെ സിംഹഭാഗവും കവരുന്നുണ്ട്.

മാരുതി സുസുക്കി അവകാശപ്പെടുന്നത് ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് 30.61 കി.മീ / കിലോ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നാണ്. സാധാരണ പെട്രോൾ ആൽഫ പതിപ്പിന് സമാനമായി, പുതിയ മാരുതി ബലേനോ ആൽഫ സിഎൻജി വേരിയന്റിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്പ്ലേ പ്രോ പ്ലസ്, വോയ്‌സ് അസിസ്റ്റന്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), അർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡിംഗ് ORVM-കൾ എന്നിവ ലഭിക്കും.

തീർന്നില്ല, ഇതിനു പുറമെ ഓട്ടോ ഡിമ്മിംഗ് IRVM, 360 ഡിഗ്രി ക്യാമറ, OTA അപ്‌ഡേറ്റുകളുള്ള കണക്റ്റഡ് കാർ ടെക്, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 6 എയർബാഗുകൾ, ഒരു റിയർ വ്യൂ ക്യാമറ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോം അലങ്കരിച്ചൊരുക്കിയ എൽഇഡി ഫോഗ് ലാമ്പുകൾ എൽഇഡി ഡിആർഎല്ലുകൾ എന്നീ കിടിലൻ ഫീച്ചറുകളും പുതിയ മാരുതി സുസുക്കി ബലേനോ സിഎൻജി ആൽഫ വേരിയന്റിലുണ്ടാവും.

ഡ്യുവൽ ഇന്റർ-ഡിപ്പെൻഡൻഡ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളും (ECU) മെച്ചപ്പെട്ട പെർഫോമൻസും കാര്യക്ഷമതയും ഉറപ്പാക്കുന്ന എയർ-ഫ്യുവൽ അനുപാതം നൽകുന്നതിന് ഇന്റലിജന്റ് ഇഞ്ചക്ഷൻ സംവിധാനവും നൽകുന്നു. അതിനാൽ ബലേനോ സിഎൻജിയും കൂടുതൽ വിശ്വാസ യോഗ്യമാവുന്നുമുണ്ട്. ഒരു ദശാബ്ദത്തിലേറെയായി മാരുതി തങ്ങളുടെ ലൈനപ്പിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിന്റെ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഫീച്ചർ-ലോഡഡ് ടോപ്പ് വേരിയന്റിനൊപ്പം ഇതര ഇന്ധന ഓപ്ഷൻ ഒരിക്കലും ലഭ്യമായിട്ടില്ല എന്നത് നിരാശാജനകമാണ്.

ഈ ചരിത്രമാണ് ഇപ്പോൾ ബലേനോ ആൽഫയിലൂടെ തിരുത്തി കുറിക്കാനൊരുങ്ങുന്നത്. ഡീസൽ ഓപ്ഷന്റെ അഭാവം, ഹരിത ഇന്ധനങ്ങൾക്കായുള്ള പ്രേരണ, കുറഞ്ഞ പ്രവർത്തനച്ചെലവുള്ള കാറുകൾക്കുള്ള ഡിമാൻഡ് എന്നിവ ഉയർന്ന വിലയുള്ളതും ഫീച്ചർ ലോഡുചെയ്തതുമായ സിഎൻജി മോഡൽ ഒരു പരിധിവരെ ജനപ്രിയമാകാനുള്ള അന്തരീക്ഷം സൃഷ്ടിച്ചുവെന്നും വേണം പറയാൻ. ഇലക്ട്രിക്കിലേക്ക് പൂർണമായും ഇപ്പോൾ മാറാൻ ഒരു പദ്ധതിയും ഇല്ലാത്ത മാരുതി സുസുക്കി ഹൈബ്രിഡ്, സിഎൻജി വാഹനങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ബലേനോ സിഎൻജി വിഭാഗത്തിലേക്ക് കൂടി എത്തിയതോടെ 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീമിയം സിഎൻജി ഹാച്ച്ബാക്കായും ഇതു മാറി. പുതിയ ബലേനോ സിഎൻജി 18403 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിലൂടെയും വാങ്ങാനാവും. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ മാരുതി സുസുക്കി തങ്ങളുടെ നെക്‌സ ഉൽപ്പന്ന നിര 2023-ൽ മൂന്ന് പുതിയ മോഡലുകളുമായി വികസിപ്പിക്കും. ലൈനപ്പിൽ ബലേനോ ക്രോസ് കോംപാക്‌ട് എസ്‌യുവി, 5-ഡോർ ജിംനി, മൂന്ന്-വരി എംപിവി എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

2022 നവംബർ 25-ന് ഇന്ത്യയിൽ അരങ്ങേറുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്ജ് ചെയ്ത പതിപ്പായിരിക്കും പുതിയ മാരുതി എംപിവി. മുകളിൽ പറഞ്ഞ മൂന്ന് മോഡലുകളും 13-ന് നടക്കുന്ന 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പൊതുദർശനം നടത്തും. ഇന്നോവ ഹൈക്രോസിന്റെ ഇന്ത്യൻ അവതരണം നവംബർ 25-ന് ഔദ്യോഗികമായി നടക്കും. ഹൈബ്രിഡ് എഞ്ചിനും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും ഉൾക്കൊള്ളിച്ചാണ് ടൊയോട്ട ഇതിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki will introduce cng option in the baleno range topping alpha variant
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X