പുത്തൻ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനൊപ്പം പാഡിൽ ഷിഫ്റ്റും, ഫീച്ചർ റിച്ചാവാൻ Maruti XL6 ഫെയ്‌സ്‌ലിഫ്റ്റ് എംപിവി
ചെറിയ മാറ്റങ്ങളോടെ ജനപ്രിയമായ എർട്ടിഗയുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിച്ചതിനു പിന്നാലെ XL6 എംപിവിയുടെയും മുഖംമിനുക്കിയ മോഡലിനെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം പുതുക്കിയ എഞ്ചിനുമായാണ് എർട്ടിഗ വിപണിയിലേക്ക് എത്തിയത്. സമാനമായ മാറ്റമാണ് പുതിയ XL6 എംപിവിയിലേക്കും വരാനിരിക്കുന്നത്. പുതുക്കിയ മോഡൽ ഈ മാസം അവസാനത്തോടെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

XL6 ഫെയ്‌സ്‌ലിഫ്റ്റിലെ കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങൾ പുതിയ എർട്ടിഗയ്‌ക്ക് അനുസൃതമായിരിക്കും. എന്നിരുന്നാലും പുതുതായി രൂപകൽപ്പന ചെയ്‌ത 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ വാഗ്ദാനം ചെയ്യുന്നതിൽ XL6 ഒരു പടി കൂടി മുന്നിൽ നിൽക്കുമെന്നാണ് അനുമാനം. ഇത് എംപിവിക്ക് അതിന്റെ മുൻഗാമിയേക്കാൾ മികച്ച നിലപാടായിരിക്കും നൽകുക.
അതോടൊപ്പം തന്നെ പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ചെറുതായി റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറും മറ്റ് ശ്രദ്ധേയമായ പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടും. മാറ്റങ്ങളുമായി എത്തുന്ന മാരുതി XL6 എംപിവിയുടെ പുതിയ ടീസർ വീഡിയോയും മാരുതി സുസുക്കി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

പുതിയ XL6 സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആറ് സീറ്റുകളുള്ള എംപിവിക്ക് പുതിയ ടോപ്പ് എൻഡ് ആൽഫ പ്ലസ് വേരിയന്റ് കൂടി ലഭിക്കുമെന്ന വാർത്തകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബേസ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില അധിക സവിശേഷതകൾ വാഹനത്തിനുണ്ടായിരിക്കും. കോംപാക്‌ട് എംപിവി സെഗ്മെന്റിൽ പ്രീമിയം ഓഫറായി കണക്കാക്കപ്പെടുന്ന കിയ കാരെൻസിന്റെ നേരിട്ടുള്ള എതിരാളിയായാണ് പുതിയ XL6 സ്ഥാനം പിടിക്കുന്നത്.

അതിനാൽ, എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിനെ അപേക്ഷിച്ച് XL6-ൽ ഓഫറിലുള്ള വേരിയന്റുകളുടെ എണ്ണം കുറവായിരിക്കും. ബ്രാൻഡ് അംബാസഡറും ബോളിവുഡ് നടനുമായ രൺവീർ സിംഗ് അവതരിപ്പിക്കുന്ന പുതിയ ടീസർ വീഡിയോ കാണാം.

പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ബ്രേവ് കാക്കി, ഒപ്പുലന്റ് റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ XL6 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യും. ബ്ലാക്ക് റൂഫ് ഫീച്ചർ ചെയ്യുന്ന റെഡ്, സിൽവർ, ഖാക്കി ഷേഡുകൾ ഉള്ള ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളിലും പുതുക്കിയ XL6 വാഗ്ദാനം ചെയ്യും.

എന്നിരുന്നാലും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ടോപ്പ് എൻഡ് ആൽഫ പ്ലസ് വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.ഫീച്ചറുകളുടെ കാര്യത്തിൽ 16-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്മാർട്ട്പ്ലേ സ്റ്റുഡിയോയ്‌ക്കൊപ്പം 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, നാല് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറായി മാരുതി വാഗ്ദാനം ചെയ്യുന്നു.

മിഡിൽ വേരിയന്റായ ആൽഫ പതിപ്പിന് ഇൻ-ബിൽറ്റ് സുസുക്കി കണക്റ്റ് ടെലിമാറ്റിക്സിനൊപ്പം ഒരു അധിക സ്മാർട്ട്പ്ലേ പ്രോ സിസ്റ്റവും ലഭിക്കുന്നുണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 360 ഡിഗ്രി ക്യാമറ, ഐആർ (ഇൻഫ്രാറെഡ് റിഫ്ലക്റ്റീവ്), യുവി പ്രൂഫ് വിൻഡ്‌ഷീൽഡ് തുടങ്ങിയ അധിക ഫീച്ചറുകളാൽ XL6 എംപിവിയുടെ ടോപ്പ് എൻഡ് ആൽഫ പ്ലസ് വേരിയന്റ് ലോഡുചെയ്യും.

ഇവ കൂടാതെ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും കമ്പനി സമ്മാനിക്കും.

പുതുക്കിയ എർട്ടിഗയുടെ അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് മാരുതി XL6 ഫെസ്‌ലിഫ്റ്റിനും ലഭിക്കുക. 114 bhp കരുത്തിൽ 137 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ K15C 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് എംപിവിയിൽ ഉണ്ടാവുക. ഇത് ഇപ്പോഴും 1.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണെങ്കിലും ഇൻജക്ടറുകളുടെ എണ്ണത്തിൽ മാരുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

K12B ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറുമായാണ് വരുന്നത്, എന്നാൽ K12C എഞ്ചിനിൽ ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് പ്രധാന മാറ്റം. ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, എഞ്ചിൻ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനവും ലഭിക്കും.

ഇതിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഒരു പഴയ 4-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരമായി ഒരു പുതിയ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനം (പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം) ഉണ്ടായിരിക്കാം.

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി 11,000 രൂപ ടോക്കൺ തുകയ്ക്ക് എംപിവിയുടെ പ്രീ ബുക്കിംഗും മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ട്. നിലവിൽ 10.14 ലക്ഷം മുതൽ 12.02 ലക്ഷം രൂപ വരെയാണ് XL6 എംപിവിയുടെ വില. പരിഷ്ക്കാരങ്ങളോടെ എത്തുമ്പോൾ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവും.


Click it and Unblock the Notifications








