പുത്തൻ Grecale എസ്‌യുവിയെ അവതരിപ്പിച്ച് Maserati, കൂട്ടിന് V6 ഉൾപ്പടെ മൂന്ന് കരുത്തൻ എഞ്ചിൻ ഓപ്ഷനുകളും
ആരാധകർ ഏറെ നാളായി കാത്തിരുന്ന ഗ്രെയ്‌കാലെ ആഢംബര എസ്‌യുവിയെ പുറത്തിറക്കി ഇറ്റാലിയൻ വാഹന നിർമാതാക്കളായ മസെരാട്ടി. മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, V6 പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാണ് മോഡൽ വിപണിയിൽ എത്തുന്നത്.

ഇതിന് ഒരു ഓൾ-ഇലക്‌ട്രിക് ഗ്രെയ്‌കാലെ ഫോൾഗോർ വേരിയന്റും ലഭിക്കും. ഇത് മസെരാട്ടിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായിരിക്കുമെന്നതും ശ്രദ്ധേയമാണ്. കൂടാതെ ബ്രാൻഡിന്റെ നിരയിൽ നിന്നുള്ള എല്ലാ ഭാവി ഇലക്ട്രിക് വാഹനങ്ങളും ഫോൾഗോർ എന്ന പേരിന് കീഴിലാണ് നിർമിക്കുന്നതും.

ഒഴുകുന്ന വളവുകളും വൃത്താകൃതിയിലുള്ള ബോഡി പാനലുകളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഗ്രെയ്‌കാലെ. മസെരാട്ടി MC20 സ്‌പോർട്‌സ് കാറിനെ അനുസ്മരിപ്പിക്കുന്ന ഒരു ഗ്രില്ലോടുകൂടിയ മുൻഭാഗം കുത്തനെ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് മൂന്ന് വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അവയിൽ ഓരോന്നിനും ഒരു സിഗ്നേച്ചർ കളർ ഓപ്ഷനും കമ്പനി സമ്മാനിക്കും. മസെരാട്ടി ഗ്രെയ്‌കാലെ ജിടി പതിപ്പിന് ബ്രോൺസോ ഒപാക്കോ എന്നുവിളിക്കുന്ന മാറ്റ് ബ്രോൺസ് നിറമായിരിക്കും ഉണ്ടാവുക. അതേസമയം മസെരാട്ടി ഗ്രെയ്‌കാലെ മോഡേനയ്ക്ക് ഗ്രിജിയോ കാൻജിയന്റെ എന്ന മെറ്റാലിക് വൈറ്റ് ഓപ്ഷനും ലഭിക്കുന്നു.

ലൈറ്റിംഗ് അവസ്ഥയെ ആശ്രയിച്ച് വ്യത്യസ്തമായി പ്രകാശിക്കുന്ന മൂന്ന് പാളികളാണ് മോഡേനയുടെ കളർ ഓപ്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ ട്രോഫിയോയുടെ യെല്ലോ നിറത്തിലുള്ള ഷേഡിൽ ബ്ലൂ മൈക്ക ചിപ്‌സും മസെരാട്ടി ഉപയോഗിച്ചിരിക്കുന്നു. ഇത് ഒരു ചെറിയ ലെവന്റെ പോലെ തോന്നിയേക്കാം.

വിശാലതയിലും സുഖസൗകര്യങ്ങളിലും മികച്ച ഇൻ-ക്ലാസ് ക്യാബിൻ സ്‌പെയ്‌സിന്റെ കാര്യത്തിലും ഗ്രെയ്‌കാലെ എസ്‌യുവി വേറിട്ടുനിൽക്കുന്നുവെന്ന് മസെരാട്ടി അവകാശപ്പെടുന്നു. ജിടി പതിപ്പിൽ ഗ്രെയ്‌കാലെയ്ക്ക് 4,846 മില്ലീമീറ്റർ നീളമുണ്ട്. അതേസമയം വീൽബേസ് 2,901 മില്ലീമീറ്റർ, ഉയരം 1,670 മില്ലീമീറ്റർ, വീതി 2,163 മില്ലീമീറ്റർ, റിയർ വീൽ ട്രാക്ക് 1,948 മില്ലീമീറ്റർ എന്നിവയും വാഹനത്തെ വേറിട്ടുനിർത്തും.

അകത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 12.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഡ്യുവൽ സ്‌ക്രീൻ ലേഔട്ടും HVAC നിയന്ത്രണങ്ങൾക്കായി അതിനു താഴെ 8.8 ഇഞ്ച് സ്‌ക്രീനും മസെരാട്ടി ഗ്രെയ്‌കാലെ അവതരിപ്പിക്കുന്നു. പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പിന്നിലെ യാത്രക്കാർക്കായി മറ്റൊരു സ്‌ക്രീനും ഇതിലുണ്ട്. ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്ലോക്ക് പോലും ഡിജിറ്റൽ ആണ്.

അലക്‌സാ വോയ്‌സ് കമാൻഡുകളെ പിന്തുണയ്‌ക്കുന്ന ഒരു മസെരാട്ടി ഇന്റലിജന്റ് അസിസ്റ്റന്റും (MIA) വേരിയന്റിനെ ആശ്രയിച്ച് 14 അല്ലെങ്കിൽ 21 സ്പീക്കറുകളുള്ള ഒരു 3D സൗണ്ട് സിസ്റ്റവും എസ്‌യുവി സ്വന്തമാക്കുന്നവർക്ക് ലഭിക്കും.

300 bhp കരുത്തുള്ള മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 330 bhp പവറുള്ള മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 530 bhp പവർ ഉത്പാദിപ്പിക്കുന്ന നോൺ-ഹൈബ്രിഡ് V6 പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് മസെരാട്ടി ഗ്രെയ്‌കാലെ തെരഞ്ഞെടുക്കാനാവുക.

V6-ൽ പ്രവർത്തിക്കുന്ന ഗ്രെയ്‌കാലെ ട്രോഫിയോയ്ക്ക് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 3.8 സെക്കൻഡ് മതിയാകും. ഒപ്പം പരമാവധി 285 കിലോമീറ്റർ വേഗതയും കൈവരിക്കാനും ഈ മോഡലിന് സാധിക്കും. ഹാൻഡിലിംഗ് മികവുകൾ വർധിപ്പിക്കുന്നതിനായി ലോ-സ്ലംഗ് എസ്‌യുവിക്ക് നാല് ഡ്രൈവിംഗ് മോഡുകളുള്ള വെഹിക്കിൾ ഡൈനാമിക്‌സ് കൺട്രോൾ മൊഡ്യൂളും (VDCM) കമ്പനി നൽകിയിട്ടുണ്ട്.

കംഫർട്ട്, ജിടി, സ്‌പോർട്ട്, ഓഫ് റോഡ് എന്നിവയാണ് മസെരാട്ടി എസ്‌യുവിയിലെ നാല് ഡ്രൈവിംഗ് മോഡുകൾ. ട്രോഫിയോ വേരിയന്റിന് ട്രാക്ക് ഉപയോഗത്തിന് സാധ്യതയുള്ള ഒരു അധിക കോർസ മോഡ് ലഭിക്കുന്നു. ഗ്രെയ്‌കാലെ ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിൽ ഉടൻ ലഭ്യമാകും.

എന്നാൽ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്താൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും. ഇത് പൂർണ്ണമായും നിർമിച്ച യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യപ്പെടാനാണ് സാധ്യത. അതിനാൽ ഏകദേശം 1.49 കോടി രൂപയുടെ എക്സ്ഷോറൂം വിലയുള്ള ലെവന്റെയ്ക്ക് താഴെയായിരിക്കും ഇതിന്റെ വില.

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ പോർഷ മാക്കൻ, ബിഎംഡബ്ല്യു X4 എസ്‌യുവികൾക്ക് എതിരാളിയായാകും മസെരാട്ടിയുടെ ആഢംബര വാഹനമായ ഗ്രെയ്‌കാലെ സ്ഥാനംപിടിക്കുക. ഇതിനു പുറമെ ഗ്രാൻടൂറിസ്‌മോ ഫോൾഗോറിലും മസെരാട്ടി പ്രവർത്തിക്കുന്നുണ്ട്. അത് ഇലക്ട്രിക് ഗ്രെയ്‌കാലെയ്ക്ക് മുമ്പ് വിപണിയിൽ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത.

തുടർന്ന് ഒരു ഇലക്ട്രിക് ലെവാന്റെയും നിരത്തുകൾ കീഴടക്കാനെത്തും. 2025-ഓടെ എല്ലാ മോഡലുകൾക്കും ഒരു ഇലക്ട്രിക് പതിപ്പ് നൽകാനും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂർണമായും ഇലക്‌ട്രിക്കിലേക്ക് ചേക്കേറാനുമുള്ള പദ്ധതികൾ കമ്പനി അടുത്തിടെ നടന്ന കോൺഫറൻസിൽ പ്രഖ്യാപിച്ചു.


Click it and Unblock the Notifications








