പടവെട്ടാൻ നിസാൻ കാഷ്‌കായ്, ഇന്ത്യയിലെത്തുന്ന ഈ മുതലിനെ ഒന്നു പരിചയപ്പെട്ടാലോ?
ഇന്ത്യയിലെ എസ്‌യുവി വിപണി മുഴുവനോടെ ഇങ്ങെടുക്കാനായി കച്ചകെട്ടി ഇറങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. അതിന്റെ ഭാഗമായി എത്തുന്നതാവട്ടെ ആഗോള വിപണി അടക്കവാഴുന്ന മൂന്ന് കൊലകൊമ്പൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും.

X-ട്രെയിൽ, കാഷ്‌കായ്, ജൂക്ക് എന്നീ മോഡലുകളാണ് നിസാന്റേതായി ഇന്ത്യയിൽ എത്തുന്ന അടുത്ത വാഹനങ്ങൾ. ഇതിലെ കാഷ്‌കായ് എസ്‌യുവിയെ കുറിച്ച് പലരും കേട്ടിട്ടും കാണും. വരാനിരക്കുന്ന മുതല് ചില്ലറക്കാരനൊന്നുമല്ലെന്നു വേണം പറയാൻ. കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല എന്നല്ലേ... എങ്കിലും നിസാന്റെ കാഷ്‌കായിയെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ആദ്യം തന്നെ ഡിസൈനിലേക്ക് നോക്കാം. വി-മോഷൻ ഗ്രിൽ എന്ന് വിളിക്കപ്പെടുന്ന വിശാലമായ ഗ്രില്ലിനൊപ്പം ഒരു സാധാരണ നിസാൻ വാഹനത്തിന്റെ എല്ലാ ചന്തവും ഉൾക്കൊള്ളുന്ന മുൻ വശമാണ് കാഷ്‌കായിക്കുള്ളത്. ആംഗ്യ-ബ്രോ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഷാർപ്പ് ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് ഇതിന് ചുറ്റുമായി കാണാനാവുന്നത്.

എസ്‌യുവിയുടെ ബോഡിയിൽ കുറച്ച് ഷാർപ്പ് ക്രീസുകളും ചരിഞ്ഞ മേൽക്കൂരയും വാഹനത്തിന് അസാധ്യമായ രൂപമാണ് സമ്മാനിക്കുന്നത്. പ്രീമിയം എസ്‌യുവിയുടെ ഫീലാണ് കാഴ്ച്ചയിൽ നിസാൻ കാഷ്‌കായ് ഒരുക്കുന്നതെന്ന് സാരം. വശങ്ങളിൽ നിന്നും നോക്കുമ്പോൾ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഒരു മനോഹര കാഴ്ച്ചയാണ് നൽകുന്നത്.

പിൻഭാഗത്ത് കിക്‌സിന് സമാനമായ റാപ്എറൗണ്ട് എൽഇഡി ടെയിൽലൈറ്റുകളും ക്രോമിലെ 'കാഷ്‌കായി' അക്ഷരങ്ങളുമാണ് പ്രധാന ആകർഷണം. എസ്‌യുവിയുടെ ഡിസൈൻ ടച്ചുകളിൽ നിന്ന് മുൻവശത്തെ വൃത്തങ്ങളെക്കാൾ പിൻഭാഗം കൂടുതൽ പരുക്കൻ രൂപത്തിലാക്കുന്ന ബമ്പറിലെ ഒരു ഫാക്‌സ് സ്‌കിഡ് പ്ലേറ്റും എടുത്തു പറയേണ്ട കാര്യമാണ്.

കാഷ്‌കായിയുടെ വലിപ്പം അതിന്റെ കൃത്യമായ സെഗ്‌മെന്റ് നിർവചിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഹ്യുണ്ടായി ക്രെറ്റ അല്ലെങ്കിൽ മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള ശരാശരി മിഡ്-സൈസ് എസ്‌യുവിയേക്കാൾ വലുതാണ് ഇത്. എന്നാൽ ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ ഇടത്തരം എസ്‌യുവികളേക്കാൾ ചെറുതുമാണ്.

എന്നിരുന്നാലും ഫോക്‌സ്‌വാഗൺ ടിഗുവാൻ അല്ലെങ്കിൽ ജീപ്പ് കോമ്പസ് എന്നിവയ്‌ക്ക് ബദലായി ഇതിനെ കാണാൻ കഴിയും. അകത്തളത്തിലേക്ക് നോക്കിയാൽ ഡാഷ്‌ബോർഡിന്റെ വീതിയിൽ പ്രവർത്തിക്കുന്ന സിൽവർ സ്ട്രിപ്പുള്ള ഒരു കറുത്ത ഇന്റീരിയറാണ് കാഷ്‌കായിക്ക് നിസാൻ നൽകിയിരിക്കുന്നത്.

കൺസോൾ ലേഔട്ടിന് പ്രീമിയം ഫിനിഷ് ഉണ്ടെന്ന് തോന്നുന്നു. കൂടാതെ രണ്ട് വലിയ ഡിസ്പ്ലേകളാൽ ഇവ ഹൈലൈറ്റ് ചെയ്യപ്പെടുന്നു. ഡാഷ്‌ബോർഡിന് ചുറ്റുമുള്ള മിക്ക കൺട്രോളുകളും ബട്ടണുകളും ഡയലുകളും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത് ഒരു ആധുനിക എസ്‌യുവിക്ക് സ്വാഗതാർഹമായ കാര്യമാണ്.

12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി നിസാൻ കാഷ്‌കായിയുടെ ഉയർന്ന വേരിയന്റുകളിൽ സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം താഴ്ന്ന വേരിയന്റുകളിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും ലഭിക്കുന്നുണ്ട്.

എസ്‌യുവിക്ക് 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പനോരമിക് ഗ്ലാസ് റൂഫ്, എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഏഴ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറായ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവയാണ് നിസാൻ കാഷ്‌കായിയിലെ സുരക്ഷാ ഫീച്ചറുകൾ.

യൂറോപ്യൻ വിപണികളിൽ എസ്‌യുവിക്ക് രണ്ട് പെട്രോൾ എഞ്ചിനുകളാണ് തുടിപ്പേകാൻ എത്തുന്നത്. അതിൽ ആദ്യത്തേത് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും മറ്റൊന്ന് നിസാന്റെ ഇ-പവർ സ്ട്രോംഗ്-ഹൈബ്രിഡ് സിസ്റ്റവും ഉൾപ്പെടുന്നതാണ്.

മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ ഫോർ-വീൽ ഡ്രൈവിന്റെ (4WD) ഓപ്ഷനുമായി വരുമ്പോൾ, സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റിന് ഫ്രണ്ട്-വീൽ ഡ്രൈവ്ട്രെയിൻ (2WD) മാത്രമേ ലഭിക്കൂ. വിപണി സാധ്യതാ പഠനത്തെത്തുടർന്ന് 2024-ന്റെ തുടക്കത്തോടെയാവും നിസാൻ കാഷ്‌കായ് എസ്‌യുവിയെ വിപണിയിലെത്തിക്കുക.

ഇന്ത്യയിൽ എത്തുമ്പോൾ ഏകദേശം 30 ലക്ഷം രൂപയോളം മോഡലിന് എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായിരിക്കും കാഷ്‌കായ്. വില നിർണയം കണക്കാക്കിയാൽ ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയ്‌ക്കെതിരെയും ഇത് നിലകൊള്ളും.


Click it and Unblock the Notifications








