റെനോ-നിസാൻ പ്ലാറ്റ്ഫോമിൽ ഒരു Mercedes-Benz! T-Class എംപിവി വിപണിയിൽ
യൂറോപ്പിലെ ലൈഫ്‌സ്‌റ്റൈൽ എംപിവി സെഗ്‌മെന്റിൽ പുതിയ T-ക്ലാസ് ആഢംബര എംപിവി പുറത്തിറക്കി ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. റെനോ കങ്കൂ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡലിനെ നിർമിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

എന്നാൽ റെനോയ്ക്കും മറ്റ് എതിരാളികളായ സിട്രൺ ബെർലിംഗോ, ഫോക്‌സ്‌വാഗൺ ടൂറാൻ എന്നിവയേക്കാൾ കൂടുതൽ പ്രീമിയം ബദലായാണ് മെർസിഡീസ് ബെൻസ് പുതിയ T-ക്ലാസ് എംപിവിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ജർമൻ കാറിനെ ഏകദേശം 25 ലക്ഷം രൂപയുടെ (30,000 യൂറോ) പ്രാരംഭ വിലയിലാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇത് മെർസിഡീസ് V-ക്ലാസിനേക്കാൾ വളരെ താങ്ങാനാവുന്ന പ്രീമിയം എംപിവി ആക്കുന്നു എന്ന കാര്യമാണ് കമ്പനി എടുത്തു പറയുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ഇതൊരു ബെൻസ് കാറാണെന്ന് തിരിച്ചറിയാൻ പാകമാക്കി തന്നെയാണ് മെർസിഡീസ് T-ക്ലാസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

റെനോ-നിസാൻ കൂട്ടുകെട്ടിന്റെ CMF പ്ലാറ്റ്‌ഫോമിലാണ് T-ക്ലാസ് ആഢംബര എംപിവിയെ മെർസിഡീസ് ബെൻസ് നിർമിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യയിലെ കിയ കാരെൻസുമായി താരതമ്യപ്പെടുത്താവുന്നതാണ് ഈ വാഹനം. 4498 മില്ലീമീറ്റർ നീളം, 1859 മില്ലീമീറ്റർ വീതി 1811 മില്ലീമീറ്റർ ഉയരം എന്നിവയാണ് മെർസിഡീസ് മോഡലിനുള്ളത്.

അതേസമയം കിയ കാരെൻസിന്റെ വലിപ്പം 4540 മില്ലീമീറ്റർ നീളം 1800 മില്ലീമീറ്റർ വീതി 1708 മില്ലീമീറ്റർ ഉയരം എന്നിങ്ങനെയാണ്. T-ക്ലാസ് കാരെൻസ് പോലെ നീളമുള്ളതല്ല. എന്നാൽ ഇത് കൊറിയൻ എംപിവിയേക്കാൾ അല്പം വീതിയും ഗണ്യമായ ഉയരവുമാണ് മെർസിഡീസ് എംപിവിക്കുള്ളത്. ഈ വലിപ്പം T-ക്ലാസിന്റെ 5 സീറ്റർ പതിപ്പിനുള്ളതാണ്. 7 സീറ്റർ പിന്നീട് നീളമുള്ള വീൽബേസുമായാകും വിപണിയിൽ എത്തുക.

വാഹനത്തിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ 80 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഓവർഹെഡ് ലഗേജ് റാക്കാക്കി മാറ്റാൻ കഴിയുന്ന ഒരു റൂഫ് റെയിലിംഗ് T-ക്ലാസിന് ലഭിക്കും. 16 ഇഞ്ച് അല്ലെങ്കിൽ 17 ഇഞ്ച് ലൈറ്റ് അലോയ് വീലുകൾ, എൽഇഡി ഹൈ പെർഫോമൻസ് ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിന് പകരം ഓപ്ഷണൽ ട്വിൻ പിൻ ഡോർ സജ്ജീകരണം എന്നിവയാണ് മെർഡിസീസ് സമ്മാനിച്ചിരിക്കുന്നത്.

അകത്തളത്തിൽ ഈ അടുത്ത കാലത്ത് ഉയർന്ന വിപണിയിലേക്ക് നീങ്ങിയ മറ്റ് മെർസിഡീസ് മോഡലുകളേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കാണ് T-ക്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്. ടർബൈൻ-സ്റ്റൈൽ എയർ വെന്റുകൾ, ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള പഴയ മെർസിഡീസ് കാറുകളെയാണ് ഡിസൈൻ അനുസ്മരിപ്പിക്കുന്നത്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഒരു ആധുനിക ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ നിന്നും ലഭ്യമായ ഏറ്റവും ചെറിയ യൂണിറ്റാണ്. പക്ഷേ ഇതിന് ഇപ്പോഴും MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മെർസിഡീസ് മീ കണക്റ്റഡ് കാർ ഫീച്ചറുകളും ലഭിക്കുന്നുണ്ട്. ഓപ്ഷണലായി നിങ്ങൾക്ക് നബക്ക്-ലെതർ രൂപഭാവത്തിനായി NEOTEX-ൽ അപ്ഹോൾസ്റ്റേർഡ് ചെയ്ത ഡാഷും ഡോർ പാനലുകളും ലഭിക്കും.

ഈ പ്രീമിയം ടച്ചുകൾ മാറ്റിനിർത്തിയാൽ T-ക്ലാസിന്റെ കൂടുതൽ ശ്രദ്ധ സുരക്ഷയിലാണ്. i-Size ISOFIX മൗണ്ടുകൾക്ക് അനുയോജ്യമായ നാല് ചൈൽഡ് സീറ്റുകൾ വരെ ഉൾക്കൊള്ളാൻ ഇത് പ്രാപ്‌തമാണ്. കൂടാതെ നിങ്ങൾക്ക് ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രോസ്-വിൻഡ് അസിസ്റ്റ്, ഒരു ഡ്രൈവർ ക്ഷീണ മുന്നറിയിപ്പ് സംവിധാനം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നീ സവിശേഷതകളും ലഭിക്കും.

ഒരു ട്രെയിലർ കപ്ലിംഗ് തെരഞ്ഞെടുക്കുകയാണെങ്കിൽ ട്രെയിലർ സ്റ്റെബിലിറ്റി അസിസ്റ്റ് സിസ്റ്റവും മെർസിഡീസിന്റെ ആഡംബര എംപിവിയിൽ വാഗ്ദാനം ചെയ്യും. T-ക്ലാസിലെ 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ രണ്ട് ട്യൂൺ അവസ്ഥകളിൽ ലഭ്യമാവും. ആദ്യത്തേത് 102 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 131 bhp പവറായിരിക്കും വികസിപ്പിക്കുക.

പകരമായി 95 bhp കരുത്തിൽ 260 Nm torque വികസിപ്പിക്കുന്ന 1.4 ലിറ്റർ ഡീസൽ യൂണിറ്റും 115 bhp പവറിൽ 270 Nm torque നൽകാൻ കഴിയുന്ന മികച്ച 1.3 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും മെർസിഡീസ് ബെൻസ് T-ക്ലാസ് ആഢംബര എംപിവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

T 180 വേരിയന്റിലെ ഏറ്റവും ശക്തമായ പെട്രോൾ എഞ്ചിൻ 11.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്‌തമാണ്.അത്ര വേഗതയേറിയതല്ലെങ്കിലും ഒരു ഫാമിലി എംപിവിക്ക് മതിയായ പ്രകടനം T-ക്ലാസ് ഉറപ്പാക്കുന്നുണ്ടെന്ന് സാരം.

ഇതിനെ അടിസ്ഥാനമാക്കി പിന്നീട് ഒരു ഓൾ-ഇലക്‌ട്രിക് സ്മോൾ മിനിവാൻ EQT മോഡലിനെയും അവതരിപ്പിക്കാനുള്ള പദ്ധതിയും മെർസിഡീസ് ബെൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജർമൻ ആഡംബര വാഹന നിർമാതാക്കൾ 2025 മുതൽ ഓൾ-ഇലക്‌ട്രിക് വെഹിക്കിൾ ആർക്കിടെക്ച്ചറുകൾ വാഗ്ദാനം ചെയ്യും. കൂടാതെ 2039 ഓടെ മെർസിഡീസ് ബെൻസിന്റെ മുഴുവൻ വാഹനങ്ങളും കാർബൺ ന്യൂട്രൽ ആക്കാനാണ് ലക്ഷ്യമിടുന്നത്. T-ക്ലാസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയൊന്നും നിലവിൽ കമ്പനിക്കില്ല. പക്ഷേ EQT ഇലക്ട്രിക് രാജ്യത്ത് എത്താൻ സാധ്യതയേറെയാണ്.


Click it and Unblock the Notifications








