മിനുങ്ങിയിറങ്ങാൻ തയാറായി ZS ഇലക്‌ട്രിക്; പ്രധാന ഫീച്ചറുകൾ പരിചയപ്പെടുത്തി MG Motors
ഒന്നു മിനുങ്ങിയിറങ്ങാൻ തയാറെടുക്കുകയാണ് ഇലക്‌ട്രിക് വാഹന രംഗത്തെ മിടുമിടുക്കനായ എംജി ZS ഇവി. അവതരണത്തിന് മുന്നോടിയായി എസ്‌യുവിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡിംഗായിരിക്കുകയാണ്.

ഇപ്പോൾ ഇന്ത്യൻ അവതരണത്തിന് മുന്നോടിയായി SAIC മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

അതിൽ പരിഷ്ക്കരിച്ച ഇന്റീരിയർ ചിത്രങ്ങളും മറ്റ് പ്രധാന ഘടകങ്ങളുമാണ് ഇത്തവണ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പുതുക്കിയ എംജി ZS ഇവി ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണ കേന്ദ്രത്തിൽ നിന്ന് ഉടൻ പുറത്തിറങ്ങുമെന്നും കമ്പനി അറിയിച്ചു. 2022 മോഡലിൽ പുറംമോടിയിലും അകത്തളത്തിലും നിരവധി കോസ്‌മെറ്റിക് നവീകരണങ്ങളാകും അവതരിപ്പിക്കുക.

ഇതോടൊപ്പം തന്നെ അപ്‌ഡേറ്റ് ചെയ്‌ത ഫീച്ചർ ലിസ്റ്റും ഇലക്‌ട്രിക് എസ്‌യുവിയുടെ മാറ്റുകൂട്ടാനായി ഇടംപിടിക്കും. കൂടാതെ മിക്കവാറും വിപുലമായ റേഞ്ചും എംജി ZS ഇവി വാഗ്ദാനം ചെയ്‌തേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പിൻ സീറ്റുകളിൽ ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ എംജി മോട്ടോർസ് പ്രധാനമായും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ സുഖസൗകര്യങ്ങളാകും യാത്രക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്യുക. വ്യക്തിഗത കപ്പ് ഹോൾഡറുകളുള്ള ഒരു സെന്റർ ആംറെസ്റ്റ്, മൂന്ന് സീറ്റുകൾക്കും സെന്റർ ഹെഡ്‌റെസ്റ്റ്, അധിക സുഖസൗകര്യങ്ങൾക്കായി റിയർ എസി വെന്റുകൾ എന്നിവയാണ് പിൻസീറ്റിലെ യാത്ര മെച്ചപ്പെടുത്താനായി കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

കൂടാതെ 2022 എംജി ZS ഇവി ഒരു പുതുക്കിയ ഇന്റീരിയർ സഹിതം വരുമെന്നതും സന്തോഷകരമായ വസ്‌തുതയാണ്. ഒരുപക്ഷേ ആസ്റ്ററിൽ നിന്നുള്ള ഡിസൈൻ സൂചകങ്ങൾ ഇലക്ട്രിക് എസ്‌യുവി സ്വീകരിച്ചേക്കും. സൺറൂഫിന്റെ അവതരണത്തോടൊപ്പം പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉപയോഗിച്ച് കമ്പനി പുതിയ ആവർത്തനത്തെ സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതായത് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയിലേക്ക് ചേർന്നേക്കുമെന്ന് ചരുരുക്കം. പുറത്ത് 2022 മോഡൽ എംജി ZS ഇലക്‌ട്രിക് അതിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും മാറ്റുന്നതിന് ചെറുതും എന്നാൽ ശ്രദ്ധേയവുമായ പരിഷ്ക്കാരങ്ങളാകും അവതരിപ്പിക്കുക.

വൻതോതിൽ പുതുക്കിയ മുൻവശത്തിന് പരമ്പരാഗത ഇവികളിൽ നമ്മൾ കണ്ടതിന് സമാനമായി അടഞ്ഞ ശൈലിയായിരിക്കും സ്വീകരിക്കുക.ഗ്രില്ലിലെ എംജി ലോഗോയുടെ പിന്നിൽ നിന്ന് ലോഗോയുടെ ഇടതുവശത്തേക്ക് ചാർജിംഗ് സോക്കറ്റ് നീക്കിയിട്ടുമുണ്ട്.

ഫ്രണ്ട് ബമ്പർ നവീകരണത്തിന് വിധേയമാക്കിയിരിക്കുന്നത് കൂടാതെ വിശാലമായ സെൻട്രൽ എയർ ഡാമും രണ്ടറ്റത്തും ലംബമായ ഇൻടേക്കുകളും ഉള്ള ഷാർപ്പ് ഡിസൈനാണ് ഇപ്പോൾ ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിക്ക് ലഭിക്കുന്നത്. പ്രൊഫൈലിൽ എംജി ZS ഇവി ഇപ്പോൾ പുനർരൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകളിലായിരിക്കും നിരത്തിലെത്തുക.

പുതിയ ടെയിൽ ലൈറ്റ് ഡിസൈനിന്റെയും പുതുക്കിയ ബമ്പറുകളുടെയും രൂപത്തിൽ ഒരു നവീകരണങ്ങൾ പിൻഭാഗത്തും കാണാനാവും. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവ പോലുള്ള മറ്റ് ഘടകങ്ങൾ കമ്പനി 2022 ZS ഇലക്‌ട്രിക്കിൽ അതേപടി മുന്നോട്ട് കൊണ്ടുപോകുന്നു.

എംജി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ZS ഇവിയുടെ 2022 ആവർത്തനത്തിന് ഒരു വലിയ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും. അങ്ങനെ വിപുലമായ റേഞ്ച് വാഗ്ദാനം ചെയ്യാൻ എസ്‌യുവി കമ്പനി സജ്ജീകരിക്കും. എന്നിരുന്നാലും കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വാഹനം നിലവിലുള്ള അതേ 44.5kWh ബാറ്ററി പായ്ക്ക് നിലനിർത്തും.

അത് ഒരു സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറിനെ ശക്തിപ്പെടുത്തുകയും 141 bhp കരുത്തിൽ 353 Nm torque വികസിപ്പിക്കുകയും ചെയ്യും. പൂർണമായി ചാർജ് ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ നിർത്തുന്നതിന് മുമ്പ് എംജി ZS ഇലക്‌ട്രിക്കിന് ഏകദേശം 419 കിലോമീറ്റർ സഞ്ചരിക്കാനാകും.

ഇതിനായി താമസസ്ഥലങ്ങളിലും ഓഫീസുകളിലും സൗജന്യ എസി ഫാസ്റ്റ് ചാർജർ, പോർട്ടബിൾ ഇൻ-കാർ ചാർജിംഗ് കേബിൾ, ഡീലർഷിപ്പുകളിലെ ഡിസി സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ, യാത്രയിൽ 24x7 ചാർജിംഗ് എന്നിവ ഉൾപ്പെടെയുള്ള 5-വേ ചാർജിംഗ് ഇക്കോസിസ്റ്റം കമ്പനി വിപുലീകരിക്കുന്നുണ്ട്. ഉപഗ്രഹ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സൗകര്യങ്ങളും ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനും എംജി മോട്ടോർസ് ഒരുങ്ങി കഴിഞ്ഞു.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) അവതരിപ്പിക്കുന്നതാണ് സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും വലിയ അപ്ഡേറ്റ്. മറ്റ് സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, 360 ഡിഗ്രി ക്യാമറ എന്നിവയായിരിക്കും ഇലക്‌ട്രിക് എസ്‌യുവിയിൽ ഉൾപ്പെടുക. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ZS ഇവിയുടെ വില 22 ലക്ഷം രൂപ മുതൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായി കോന ഇലക്ട്രിക്കുമായാണ് ഇന്ത്യയിൽ എംജിയുടെ പ്രധാന മത്സരം.


Click it and Unblock the Notifications








