ക്രെറ്റയ്ക്കും സെൽറ്റോസിനും പുതിയ വില്ലൻ, XFC എസ്‌യുവി കൺസെപ്റ്റുമായി Mitsubishi
ഇന്ത്യൻ വിപണിയിൽ ലാൻസറും പജേറോയുമെല്ലാം അവതരിപ്പിച്ച് വലിയ ആരാധകരെ സൃഷ്‌ടിച്ച കമ്പനിയാണ് മിത്സുബിഷി. നിസാന്റെ ഭാഗമായ ജാപ്പനീസ് ബ്രാൻഡ് ആഭ്യന്തര വിപണിയിലേക്ക് തിരികെയെത്തുമോയെന്ന് കാത്തിരിക്കുന്നവരും ഇന്നുണ്ട്.

മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ സജീവ സാന്നിധ്യമായ കമ്പനി അവിടെ പുറത്തിറക്കുന്ന കിടിലൻ മോഡലുകൾ കണ്ട് കൊതിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടയിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി, വിയറ്റ്നാം മോട്ടോർ ഷോയിൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു പുതിയ XFC എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കുകയും ചെയ്‌തു.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായി സജ്ജീകരിച്ചിരിക്കുന്ന പ്രൊഡക്ഷൻ മിത്സുബിഷി XFC എസ്‌യുവി ആദ്യം വിയറ്റ്നാമീസ് വിപണിയിൽ അവതരിപ്പിക്കും. ക്രെറ്റയും സെൽറ്റോസും ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്ന മറ്റ് ആസിയാൻ വിപണികളിലും ഈ മിഡ്-സൈസ് എസ്‌യുവി വിൽപ്പനയ്‌ക്കെത്തും.

പുതിയ മിത്സുബിഷി XFC ബ്രാൻഡിന്റെ റോബസ്റ്റ് ഇൻജീനിയസിന്റെ ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻവശത്തെ ഫാസിയ രൂപകൽപ്പന ചെയ്തിരിക്കുന്നത് സിഗ്നേച്ചർ ഡൈനാമിക് ഷീൽഡ് കൺസെപ്‌റ്റിലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇത് ഇതിനകം നിരവധി പുതുതലമുറ മിത്സുബിഷികളിൽ കണ്ടിട്ടുള്ളതിന് സമാനമാണെന്ന് സാരം. ഗ്രേ കളർ സ്കീമിൽ പൂർത്തിയാക്കിയ ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലാണ് കൺസെപ്റ്റിന് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

താഴത്തെ ബമ്പറിൽ എൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റിനൊപ്പം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൂവർ പോലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡലിനും ലഭിക്കാൻ സാധ്യതയുണ്ട്.

എസ്‌യുവിക്ക് മുന്നിലും പിന്നിലും ഫെൻഡർ ഫ്ലെയറുകളും സൈഡ് പ്രൊഫൈലിൽ ശക്തമായ ക്യാരക്‌ടർ ലൈനുകളും ലഭിക്കുന്നു. മുൻവശത്തെ പോലെ പിൻഭാഗത്തും ടി ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകൾ ഉണ്ട്.

അകത്തളത്തിൽ, ഇൻസ്ട്രുമെന്റ് പാനലിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമുള്ള സിംഗിൾ സ്‌ക്രീനോടുകൂടിയ മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡാണ് മിത്സുബിഷി XFC കൺസെപ്‌റ്റിലുള്ളത്. ഇന്റീരിയറിനായി ഓറഞ്ചും വെള്ളയും നിറത്തിലുള്ള തനത് ശൈലി സ്വീകരിച്ചിരിക്കുന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

എന്നിരുന്നാലും, പ്രൊഡക്ഷൻ മോഡലിന് കൂടുതൽ അടിസ്ഥാനമായ ഇന്റീരിയർ സ്കീം ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. XFC കൺസെപ്റ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് പ്രവർത്തനം എളുപ്പമാക്കുന്നതിനും നല്ല ഫോർവേഡ് ദൃശ്യപരത നൽകുന്നതിനും വാഹനത്തിന്റെ വലിപ്പം എളുപ്പത്തിൽ മനസിലാക്കുന്നതിനും സുഗമമായ ഹാൻഡിലിംഗ് മികവിനും വേണ്ടിയാണെന്നും മിത്സുബിഷി അവകാശപ്പെടുന്നു.

ഇൻസ്ട്രുമെന്റ് പാനലിൽ ഒരു പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ സമന്വയിപ്പിക്കുന്ന ഒരു വലിയ ഡിസ്പ്ലേ പാനലും നാവിഗേഷൻ, റോഡ് ഉപരിതല അവസ്ഥകൾ, ഒരു സ്ക്രീനിൽ ഡ്രൈവിംഗിന് ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിവരങ്ങൾ കാണിക്കാൻ കഴിയുന്ന ഒരു സെന്റർ ഡിസ്പ്ലേയും ഉൾപ്പെടുന്നു.

XFC കൺസെപ്റ്റ് വിപുലമായ കാർ ഇടമുള്ള ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നാണ് മിത്സുബിഷി അവകാശപ്പെടുന്നത്. നോർമൽ, വെറ്റ്, ഗ്രേവൽ, മഡ് എന്നീ നാല് ഡ്രൈവ് മോഡുകളിലാണ് പുതിയ XFC എസ്‌യുവി വരുന്നത്.

മിത്സുബിഷി വാഹനത്തിൽ ആദ്യമായി അവതരിപ്പിച്ച വെറ്റ് മോഡ്, ആസിയാൻ രാജ്യങ്ങളിലെ ഉപയോഗം മനസിൽ വെച്ചാണ് മോഡലിലേക്ക് കൊണ്ടുവന്നിരിക്കുന്നതും.


Click it and Unblock the Notifications








