ജൂലൈ വരെ പുത്തൻ MG ZS ഇവിയുടെ ബേസ് വേരിയന്റ് ലഭ്യമാവില്ല, കാരണം ഇതാണ്
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനപ്രീതി ആർജിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള മോഡലാണ് എംജി ZS ഇലക്ട്രിക്. രാജ്യത്ത് എത്തി രണ്ട് വർഷവും പൂർത്തിയാക്കി വിജയകരമായി മുന്നോട്ടു നീങ്ങുന്ന ക്രോസ്ഓവർ മുഖംമിനുക്കി രാജ്യത്ത് അവതരിപ്പിക്കുകയും ചെയ്‌തു.

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഇത് തുടർന്നും ഓഫർ ചെയ്യുമെന്നാണ് എംജി മോട്ടോർസ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ ടോപ്പ് എൻഡ് വേരിയന്റ് മാത്രമാവും നിലവിൽ വിൽപ്പനയ്ക്ക് എത്തുക. ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ കൂടുതൽ താങ്ങാനാവുന്ന വേരിയന്റ് ഈ വർഷാവസാനത്തോടെ മാത്രമാകും ഷോറൂമുകളിൽ എത്തുക.

എൻട്രി ലെവൽ എംജി ZS ഇവി എക്‌സൈറ്റിന്റെ വരവ് വൈകിയതിനെ കുറിച്ച് കമ്പനിയോടെ ചോദിച്ചപ്പോൾ ഫീച്ചർ പായ്ക്ക് ചെയ്ത എക്‌സ്‌ക്ലൂസീവ് വേരിയന്റിനാണ് ഡിമാൻഡിൽ ഭൂരിഭാഗവും ലഭിക്കുന്നതെന്ന് എംജി മോട്ടോർസ് വെളിപ്പെടുത്തി. ആയതിനാൽ അതിലേക്കാകും ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഇലക്ട്രിക് എസ്‌യുവിയിൽ പോലും 90 ശതമാനം ഓർഡറുകളും ടോപ്പ് വേരിയന്റിനെ തേടിയാണ് എത്തിയിരുന്നതെന്നും കമ്പനി വ്യക്തമാക്കി. അതിനാൽ വിപണിയിലെ ആവശ്യങ്ങൾ ഏറ്റവും പ്രഗത്ഭമായ രീതിയിൽ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ZS ഇവിയുടെ എക്‌സ്‌ക്ലൂസീവ് പതിപ്പിന്റെ നിർമാണത്തിന് എംജി മുൻഗണന നൽകിവരുന്നു.

ZS ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ക്ലൂസീവ് വേരിയന്റിന്റെ 25.88 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ZS ഇവി എക്‌സൈറ്റിന് 22 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

രണ്ട് വകഭേദങ്ങൾ തമ്മിലുള്ള 3.89 ലക്ഷം രൂപയുടെ വ്യത്യാസത്തിന് പനോരമിക് സൺറൂഫ്, പിഎം 2.5 ഫിൽട്ടർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, കണക്റ്റഡ് കാർ ടെക്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഇവി കേന്ദ്രീകൃത ഗ്രിൽ ഒഴികെയുള്ള ZS ഇവി ഇപ്പോൾ എംജി ആസ്റ്ററിന് സമാനമാണ്. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ആസ്റ്ററിന് സമാനമായ എൽഇഡി ടെയിൽ ലാമ്പുകൾ, നവീകരിച്ച ബമ്പറുകൾ, ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രില്ല്, ചെറുതായി മാറ്റിസ്ഥാപിച്ച ചാർജിംഗ് പോർട്ട്, പുതുതായി രൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയി വീലുകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്.

ഇന്റീരിയറിന് പുതിയ ഫാക്സ് കാർബൺ-ഫൈബർ ഡാഷ്‌ബോർഡ് ട്രിം ലഭിക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപെടുക. ഇനി ഫീച്ചർ വിശദാംശങ്ങളിലേക്ക് കടന്നാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് സ്പീക്കറുകൾ, അഞ്ച് യുഎസ്ബി പോർട്ടുകൾ തുടങ്ങിയ സവിശേഷതകളെല്ലാം കമ്പനി നൽകിയിട്ടുണ്ട്.

ഇതിനു പുറമെ ഇൻ-കാർ കണക്റ്റഡ് ടെക്, പനോരമിക് സൺറൂഫ്, ആറ്-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയെല്ലാം പുതിയ ZS ഇവിയിൽ ലഭ്യമാകും.

സുരക്ഷാ സവിശേഷതകളിലും കൂടുതൽ മികവാണ് എംജിയുടെ ഇലക്‌ട്രിക് എസ്‌യുവിക്ക് അവകാശപ്പെടാനുള്ളത്. ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ലെതർ റാപ്പ്ഡ് ടിൽറ്റ് സ്റ്റിയറിംഗ് വീൽ, 7.0 ഇഞ്ച് എൽസിഡി ക്ലസ്റ്റർ, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം (TPMS) തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളെല്ലാം കാറിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതിനു പുറമെ ലോഞ്ച് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, പെടസ്ട്രിയൻ വാർണിംഗ്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ നിരവധി ഡ്രൈവ് മോഡുകൾ, KERS, PM 2.5 ഫിൽട്ടർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, EPB, EBA, ESS, HDC, ഹിൽ ലോഞ്ച് അസിസ്റ്റ് തുടങ്ങിയ മറ്റ് ADAS സവിശേഷതകളും എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ മേൻമകളാണ്.

കൂടുതൽ ശ്രദ്ധേയമായി ARAI അവകാശപ്പെടുന്ന 461 കിലോമീറ്റർ പരിധിയിൽ ബാറ്ററിയുടെ വലുപ്പം 50.3kW ശേഷിയിലേക്ക് കമ്പനി ഉയർത്തി. ഈ മോട്ടോർ ഇപ്പോൾ പരമാവധി 176 bhp കരുത്തിൽ 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പവർ കൂടിയെങ്കിലും ടോർഖ് കണക്കിൽ അൽപം കുറവ് സംഭവിച്ചിട്ടുണ്ടെന്നത് നിരാശയുളവാക്കിയേക്കാം.

ZS പ്രീമിയം ഇലക്ട്രിക് എസ്‌യുവിക്ക് ഇന്ത്യയിൽ ഹ്യുണ്ടായി കോന ഇലക്ട്രിക്കാണ് നേരിട്ടുള്ള എതിരാളി. ഇതും ഉടൻ തന്നെ ഒരു വലിയ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ നെക്‌സോൺ ഇവിക്ക് എതിരാളിയായി 2023 ഓടെ ഇന്ത്യയിൽ ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനും എംജി പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications








