ഇലക്‌ട്രിക് വാഹന നിരയിലേക്ക് ഒരു സിംഹക്കുട്ടി വരുന്നു, MG 4 ഇവി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും

വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോൽ നിന്ന് പല കാർ നിർമാതാക്കളും ഇതിനോടകം തന്നെ പിന്മാറിയെങ്കിലും പോയ പതിപ്പിലേതു പോല തന്നെ സജീവമാവാനാണ് ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർസിന്റെ പ്ലാൻ. നിരവധി അനവധി കാറുകൾ ഇത്തവണയും പ്രദർശിപ്പിക്കാൻ കമ്പനി ഒരുങ്ങി കഴിഞ്ഞതായാണ് വിവരം.

ഓട്ടോ എക്‌സ്‌പോയിൽ എംജി എയർ സിറ്റി ഇവി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റും പ്രദർശിപ്പിക്കും. ബ്രാൻഡിന്റെ ഏറ്റവും പുതിയ മിഡ്-സൈസ് ഇലക്ട്രിക് ഹാച്ച്ബാക്കായ MG 4 ഇവിയും ഇക്കൂട്ടത്തിലുണ്ടാവുമെന്നതാണ് ശ്രദ്ധേയം. ഈ വർഷം ജൂലൈയിൽ ആഗോള അരങ്ങേറ്റം നടത്തിയ ഈ കാർ മാതൃ കമ്പനിയായ SAIC-ന്റെ മോഡുലാർ സ്‌കേലബിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ബോൺ ഇലക്ട്രിക് വാഹനമാണ്. അവിടെ ബാറ്ററി പായ്ക്ക് പ്ലാറ്റ്‌ഫോം ഘടനയുടെ അവിഭാജ്യ ഘടകമായി സ്ഥിതികൊള്ളുന്നു.

ഇലക്‌ട്രിക് വാഹന നിരയിലേക്ക് ഒരു സിംഹക്കുട്ടി വരുന്നു, MG 4 ഇവി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ MG ഇവിക്ക് 4,287 mm നീളവും 1,836 mm വീതിയും 1,506 mm ഉയരവും 2,705 mm വീൽബേസും ഉണ്ട്. ഇത് ZS ഇവി എസ്‌യുവിയേക്കാൾ വലിപ്പമേറിയതാണെന്ന് സാരം. വിദേശ വിപണികളിൽ ഫോക്‌സ്‌വാഗൺ ID.3, കിയ നീറോ ഇവി തുടങ്ങിയ മറ്റ് ഇലക്ട്രിക് ഹാച്ച്ബാക്കുകളോടാണ് എംജി 4 മത്സരിക്കുന്നത്. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം ക്രോസ്ഓവർ ഡിസൈൻ സൂചകങ്ങൾ സംയോജിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് ഹാച്ച്ബാക്കായാണ് കമ്പനി വാഹനത്തെ ഒരുക്കിയെടുത്തിരിക്കുന്നത്.

സൈബർസ്റ്റർ റോഡ്‌സ്റ്റർ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന ക്രിസ്പ് ലൈനുകളും സുതാര്യമായ പ്രതലങ്ങളും ചില വിശദാംശങ്ങളും ഇതിൽ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ പോലെയുള്ള പുരികങ്ങളോടുകൂടിയ സ്കൾപ്പഡ് ബോണറ്റ്, കോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവ മുൻവശത്ത് എറിച്ചുനിൽക്കുന്നുണ്ട്. MG 4 ഇവിയുടെ സങ്കീർണമായ രൂപത്തിലുള്ള മുൻ ബമ്പറിന് ഒന്നിലധികം ആംഗുലർ ഇൻസെറ്റുകൾ, സെൻട്രൽ എയർ ഇൻടേക്ക്, ഔട്ടർ എഡ്ജുകളിൽ അധിക എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ എന്നിവയും ലഭിക്കുന്നു.

ആഗോളതലത്തിൽ MG 4 ഇവി ഹാച്ച്ബാക്ക് 51kWh, 64kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 170 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 203 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമാണെന്ന് കമ്പനി പറയുന്നു. രണ്ട് പതിപ്പുകളിലെയും ടോർക്ക് ഔട്ട്പുട്ട് 250 Nm ആണ്. രണ്ടും സിംഗിൾ-മോട്ടോർ, റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വിപണിയിൽ അണിനിരക്കുന്നതും. ചാർജിംഗിന്റെ കാര്യത്തിൽ 7kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 7.5 മണിക്കൂറും 9 മണിക്കൂറും കൊണ്ട് 10 മുതൽ 100 ശതമാനം വരെ ടോപ്പ് അപ്പ് ചെയ്യാൻ കഴിയും.

എന്നിരുന്നാലും വാഹനം ചാർജ് ചെയ്യാൻ 150kW DC ചാർജർ ഉപയോഗിച്ചാൽ അതേ ബാറ്ററികൾ 35 മിനിറ്റും 39 മിനിറ്റും കൊണ്ട് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് എംജി തെളിയിക്കുന്നത്. WLTP സൈക്കിളിൽ ചെറിയ ബാറ്ററി പായ്ക്കിന് 350 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ വലിയ ശേഷിയുള്ള വേരിയന്റ് പരമാവധി 452 കിലോമീറ്റർ വരെ ഓടിക്കാം. എക്സ്റ്റീരിയറിൽ നിന്ന് വ്യത്യസ്തമായി MG 4 ഇവിയുടെ ഇന്റീരിയർ വളരെ മിനിമലിസ്റ്റ് ഡിസൈനാണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്.

ഡാഷ്‌ബോർഡിൽ വൃത്തിയുള്ളതും തിരശ്ചീനവുമായ ലൈനുകൾ ഇടംപിടിച്ചിരിക്കുന്നത് മനോഹരമാണ്. എന്നാൽ അകത്തളത്തെ ഹൈലൈറ്റ് രണ്ട് ഫ്ലോട്ടിംഗ് സ്‌ക്രീനുകളാണെന്ന് പറയാതെ വയ്യ. കേന്ദ്രീകൃതമായി ഘടിപ്പിച്ച 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ധാരാളം വിവരങ്ങളാണ് നൽകുന്നത്. എസി വെന്റുകൾ ഡാഷ്‌ബോർഡിൽ വൃത്തിയായി മറച്ചിരിക്കുമ്പോൾ റോട്ടറി ഡയലും വയർലെസ് ചാർജിംഗ് പാഡും ഉപയോഗിച്ച് സെന്റർ കൺസോൾ ആകർഷമാക്കി നിർത്താനും കമ്പനിക്കായി.

സെന്റർ കൺസോളിന് ചുറ്റും ധാരാളം സ്റ്റോറേജ് സ്പേസുകളും ഉണ്ടെന്നതും പ്രായോഗികത ഉയർത്തും. ഫീച്ചറുകളുടെ കാര്യത്തിൽ ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾക്കൊള്ളുന്ന ഒരു ADAS സ്യൂട്ട് ഉള്ള കണക്റ്റഡ് കാർ സാങ്കേതികവിദ്യയാണ് MG 4 ഇലക്ട്രിക് കാറിന് സമ്മാനിച്ചിരിക്കുന്നത്.

എംജി ഇന്ത്യ നിലവിൽ MG 4 ഇവിയുടെ വിപണി അവതരണത്തെ കുറിച്ച് വിലയിരുത്തുകയാണ്. സിബിയു വഴിയോ സികെഡി വഴിയോ മോഡൽ ഇന്ത്യയിലെത്തും. ഉപഭോക്തൃ താൽപ്പര്യം അളക്കുന്നതിനാണ് കമ്പനി ഇലക്ട്രിക് ഹാച്ച്ബാക്ക് ഓട്ടോ എക്‌സ്‌പോയിലേക്ക് കൊണ്ടുവരുന്നത്. എയർ സിറ്റി ഇവി പുറത്തിറക്കിയതിന് പിന്നാലെ എംജിക്ക് ഇത് വിപണിയിൽ അവതരിപ്പിക്കാനാകും. വിപണിയിൽ എത്തിയാൽ BYD അറ്റോ 3 , വരാനിരിക്കുന്ന ഹ്യുണ്ടായി കോന ഇലക്‌ട്രിക് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിൽ നിന്നുമായിരിക്കും ഇതിന് മത്സരം നേരിടേണ്ടി വരിക.

Most Read Articles

Malayalam
English summary
Morris garages will showcase midsize electric hatchback mg 4 in 2023 auto expo
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X