27 കിലോമീറ്റർ മൈലേജുള്ള Honda City ഹൈബ്രിഡ് റെഡി! അവതരണം ഉടൻ
ഫോർഡ് പിൻവാങ്ങിയതിനു ശേഷം ഇന്ത്യയിൽ നിന്നും അടുത്തതായി പടിയിറങ്ങുന്നത് ഹോണ്ടയായിരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിൽ ശക്തമായ മറുപടിയുമായി തങ്ങളുടെ അജണ്ഡ വ്യക്തമാക്കിയവരാണ് ഈ ജാപ്പനീസ് നിർമാതാക്കൾ.

ഹോണ്ട സിറ്റിയിലൂടെയും അമേസിലൂടെയും മാത്രം രാജ്യത്ത് പിടിച്ചു നിൽക്കുന്ന കമ്പനി ഈ വർഷം ഇന്ത്യക്കായി ഒരുക്കുന്നത് സുപ്രധാന മോഡലുകൾ തന്നെയാണ്. അതിന്റെ ഭാഗമായി സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഉടൻ പുറത്തിറക്കാൻ ഹോണ്ട പദ്ധതിയിട്ടിരിക്കുകയാണ്.

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് കാർ ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിന് തയാറായി കഴിഞ്ഞു എന്നാണ്. ഇന്ത്യൻ ഹൈബ്രിഡ് സിറ്റിയുടെ മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്യുകയും തുടർന്ന് കമ്പനിയുടെ പ്രാദേശിക ഉത്പാദന കേന്ദ്രത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യും.

ഈ വർഷം പകുതിയോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് പതിപ്പിനെ ഔദ്യോഗികമായി ഇവിടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതിനകം തന്നെ പ്രോട്ടോടൈപ്പ് ഘട്ടം പിന്നിട്ടിട്ടുണ്ടെന്നും കമ്പനി ഇത് വളരെ ആകാംക്ഷയോടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അമേസ്, ജാസ്, WR-V, നാലാം തലമുറ സിറ്റി, അഞ്ചാം തലമുറ സിറ്റി എന്നീ മോഡലുകൾ അടങ്ങുന്ന ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ കാർ നിര വളരെ ചെറുതാണ് എന്നതിനാൽ പുതിയ പതിപ്പിന്റെ വരവ് ശ്രേണി കൂടുതൽ ശക്തമാക്കാനും സഹായിക്കും. നിലവിലെ ട്രെൻഡിന് അനുസരിച്ച് കുറച്ച് എസ്‌യുവി മോഡലുകൾ കൂടി അവതരിപ്പിച്ചാൽ നമ്മുടെ രാജ്യത്തെ കാർ വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഹോണ്ടയ്ക്ക് ഇപ്പോഴും കഴിയും.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്കാണ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത്. പഴയ നാലാം തലമുറ മോഡലിലല്ലെന്ന് സാരം. ഹൈബ്രിഡ് പവർട്രെയിനിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ തന്നെ. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ സജ്ജീകരണമാണുണ്ടാവുക. നിലവിൽ ഈ യൂണിറ്റ് പരമാവധി 98 bhp കരുത്തിൽ 127 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഈ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ മോട്ടോർ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ആയി പ്രവർത്തിക്കുന്നു. മറ്റൊന്ന് കാറിനെ മുന്നോട്ട് കൊണ്ടുപോകാൻ ഫ്രണ്ട് ആക്സിലുമായി ബന്ധിപ്പിച്ചിരിക്കുന്ന സംവിധാവമാണ് ഹൈബ്രിഡ്. അങ്ങനെ ഇവ സംയോജിപ്പിച്ച് സംയോജിത പവർ ഔട്ട്പുട്ട് 110 കരുത്തും 253 Nm torque ഉം ആയി മാറും.

കൂടാതെ ഇലക്ട്രിക്-മാത്രം, പെട്രോൾ-മാത്രം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സിറ്റി ഹൈബ്രിഡിൽ ഹോണ്ട ലഭ്യമാക്കും. പെട്രോൾ ഒൺലി മോഡിൽ ഒരു ലോക്ക്-അപ്പ് ക്ലച്ച് സിംഗിൾ-സ്പീഡ് ഗിയർബോക്‌സ് വഴി എഞ്ചിനെ നേരിട്ട് വീലുകളുമായി ബന്ധിപ്പിക്കുന്നു. തീർച്ചയായും ഹൈബ്രിഡ് സെഡാന് അതിന്റെ പെട്രോൾ എതിരാളിയേക്കാൾ മികച്ച ഇന്ധനക്ഷമത കൈവരിക്കാനും സാധിക്കും.

ആഗോള വിപണിയിൽ പുതുതലമുറ സിറ്റി പ്രീമിയം ഹാച്ച്ബാക്കിനൊപ്പവും ഹോണ്ട ഈ സജ്ജീകരണം വാഗ്ദാനം ചെയ്തു വരുന്നുണ്ട്. അതിനാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് കൂടുതൽ ചിന്തിക്കേണ്ടതായൊന്നുമില്ല. സിറ്റി ഹൈബ്രിഡിന്റെ തായ്‌ലൻഡ്, മലേഷ്യൻ പതിപ്പുകൾ യഥാക്രമം 27.8 കിലോമീറ്റർ, 27.7 കിലോമീറ്റർ എന്നിങ്ങനെയാണ് വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കാം. വാസ്തവത്തിൽ ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാൻ ആയി ഇതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതും. നിലവിൽ അഞ്ചാം തലമുറ സിറ്റിയുടെ പെട്രോൾ മോഡലുകളുടെ വില 11.23 ലക്ഷം രൂപ മുതൽ 14.98 ലക്ഷം രൂപ വരെയാണ്.

അതേസമയം സിറ്റിയുടെ ഡീസൽ വേരിയന്റുകൾക്ക് 12.83 ലക്ഷം രൂപ മുതൽ 15.18 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ വരാനിരിക്കുന്ന ഹൈബ്രിഡ് പതിപ്പ് ഇവയേക്കാൾ കൂടുതൽ ചെലവേറിയതായിരിക്കും. വിശ്വാസിനീയതയുടേയും പര്യായമായി മാറിയ ഈ പ്രീമിയം സി-സെഗ്മെന്റ് കാർ വാഹന പ്രേമികളുടെ എസ്‌യുവി പ്രണയത്തിനിടയിലും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഇക്കാര്യം തന്നെയാണ് പുതിയ ഹൈബ്രിഡ് പതിപ്പിനെയും അവതരിപ്പിക്കാനുള്ള ആശയത്തിന് അടിത്തറയേകിയതെന്നു വേണം പറയാൻ. ഹൈബ്രിഡ് വേരിയന്റിനൊപ്പം സെഡാന്റെ സ്റ്റാൻഡേർഡ്, സ്പോർട്ടിയർ RS വകഭേദങ്ങളും ഹോണ്ട പരിചയപ്പെടുത്താനും സാധ്യതയുണ്ട്.

2021 GIIAS-ൽ പ്രദർശിപ്പിച്ച 'RS കൺസെപ്റ്റ്' അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇടത്തരം എസ്‌യുവിയും ഹോണ്ട പ്രവർത്തിക്കുന്നു. ഈ വരാനിരിക്കുന്ന മോഡൽ പുതുതലമുറ സിറ്റിയുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടും. കൂടാതെ എഞ്ചിൻ ഓപ്ഷനുകളും മുന്നോട്ടുകൊണ്ടുപോവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








