മല്ലടിക്കാൻ ഇനി Jeep Meridian എസ്‌യുവിയും, അവതരണം മാർച്ച് 29-ന്
കോമ്പസ് എന്നൊരു ഒറ്റ മോഡലിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് മനസിലാക്കിയ അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഇന്ത്യക്കായി ഈ വർഷം ഒരുക്കുന്നത് പ്രീമിയം എസ്‌യുവികളുടെ ഒരു നിര തന്നെയാണെന്നു പറയാം.

ആഭ്യന്തര വിപണികളിൽ ഉടൻ അവതരിപ്പിക്കുന്ന ജീപ്പ് മെറിഡിയനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഔദ്യോഗിക ചിത്രങ്ങളിലൂടെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു. കോമ്പസിനെ അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന ഈ മൂന്നുവരി എസ്‌യുവി 2022 മാർച്ച് 29-ന് വിപണിയിൽ എത്തുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

കമാൻഡറായി തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇതിനകം അവതരിപ്പിച്ച ജീപ്പ് 7 സീറ്റർ കോമ്പസിനെ മെറിഡിയൻ എന്നായിരിക്കും ഇന്ത്യയിൽ അറിയപ്പെടുക. ഇന്ത്യയിൽ കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ കഴാത്തതിനാലാണ് എസ്‌യുവിക്ക് പുതിയൊരു പേര് നൽകാൻ അമേരിക്കൻ ബ്രാൻഡ് നിർബന്ധിതരായത്.

അതിമനോഹരമായ ചില സംസ്ഥാനങ്ങളെയും സംസ്കാരങ്ങളെയും ബന്ധിപ്പിച്ച് ഇന്ത്യയുടെ നീളത്തിലൂടെ കടന്നുപോകുന്ന രേഖയിൽ നിന്നാണ് മെറിഡിയൻ എന്നപേര് ജീപ്പ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പറയുന്നു. 80 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് ഈ വലിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനെ കമ്പനി നിർമിക്കുന്നത്.

പല കയറ്റുമതി വിപണികളിലേക്കും കയറ്റി അയയ്‌ക്കപ്പെടുന്നതിനാൽ റൈറ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പിന്റെ പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കുന്ന രഞ്ജൻഗാവ് ഫെസിലിറ്റിയിൽ നിന്നാണ് മൂന്ന് നിരകളുള്ള എസ്‌യുവി പുറത്തിറക്കുന്നത്.

മെറിഡിയൻ ഡിസൈൻ കമാൻഡറിനോട് വളരെ സാമ്യമുള്ളതാണ്. പക്ഷേ ഇന്ത്യൻ നിർദിഷ്‌ഠ മാറ്റങ്ങളും എസ്‌യുവിയിൽ കമ്പനി നൽകിയിട്ടുണ്ട്. മികച്ച റോഡ് സാന്നിധ്യം നൽകുന്ന സാധാരണ കോമ്പസിനേക്കാൾ നീളമുള്ളതാണ് ഇത്. വിദേശത്ത് വിൽക്കുന്ന ജീപ്പ് മോഡലുകളിൽ നിന്ന് മെറിഡിയൻ സ്‌റ്റൈലിംഗ് സൂചകങ്ങൾ ധാരാളമായി കടമെടുത്തിട്ടുണ്ടന്ന് ആദ്യ കാഴ്ച്ചയിൽ തോന്നിയേക്കാം.

ഒപ്പം ഗ്രാൻഡ് ചെറോക്കിയുമായി കൂടുതൽ ആപേക്ഷികമാണ് മെറിഡിയന്റെ രൂപമെന്നും പറയാം. ബമ്പറിന്റെ വീതിയിലുടനീളം വിശാലമായ സെൻട്രൽ എയർ ഇൻടേക്ക് മുതലായവയെല്ലാം ഈ സാമ്യതയ്ക്ക് അടിവരയിടുന്നുണ്ട്. മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ പിൻഭാഗത്തെ ഡോറുകൾ നീളമുള്ളതാക്കുകയും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകളുടെ കൂട്ടത്തെ പൂരകമാക്കുകയും ചെയ്യുന്നു.

സിഗ്നേച്ചർ സെവൻ സ്ലാറ്റ് ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഫ്രണ്ട് ബമ്പർ, എൽഇഡി ഫോഗ് ലാമ്പുകൾ, ബോഡി ക്ലാഡിംഗുകൾ, ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകൾ, പനോരമിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുത്തനെയുള്ള ടെയിൽഗേറ്റ് ഘടന, എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ ഹരിതഗൃഹം എന്നിവയും ജീപ്പ് മെറിഡിയനിലുണ്ട്.

വശക്കാഴ്ച്ചയിൽ 17 ഇഞ്ചോ 18 ഇഞ്ചോ അലോയി വീലുകളായിരിക്കും ജീപ്പ് സമ്മാനിക്കുക. റിയർ വൈപ്പർ, വാഷർ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ബൂട്ട്-ലിഡ് മൗണ്ടഡ് നമ്പർ പ്ലേറ്റ് റീസെസ്, റിഫ്‌ളക്ടറുകളുള്ള റിയർ ബമ്പർ എന്നിവയും പിൻവശത്തെ സവിശേഷതകളാണ്. ഇന്റീരിയറിന് കോമ്പസുമായി വളരെയധികം സാമ്യമുണ്ടാകും. കൂടാതെ ഫീച്ചറുകളുടെ പട്ടികയിൽ ആധുനിക സജ്ജീകരണങ്ങളെല്ലാം ജീപ്പ് കോർത്തിണക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് സൗകര്യം എന്നിവ ഉതുടങ്ങിയവയെല്ലാം മെറിഡിയന്റെ അകത്തളത്തെ സമ്പുഷ്ടമാക്കും.

റിമോട്ട് കമാൻഡുകൾ, ജിയോഫെൻസ്, OTA അപ്‌ഡേറ്റുകൾ, ഫൈൻഡ് മൈ ജീപ്പ്, ടൗവിംഗ് നോട്ടിഫിക്കേഷൻ തുടങ്ങിയ കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്ന യൂ കണക്ട് 5 അടങ്ങുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് മെറിഡിയൻ എസ്‌യുവിയിൽ ജീപ്പ് അവതരിപ്പിക്കുക.

ഏഴ് എയർബാഗുകൾ, 60-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പവർ ടെയിൽഗേറ്റ്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ട്രാക്ഷൻ കൺട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം മെറിഡിയന്റെ സുരക്ഷാ സജ്ജീകരണങ്ങളിലും സ്ഥാനംപിടിക്കും.

സ്നോ, മഡ്, സാന്റ് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഭൂപ്രദേശങ്ങളെ നേരിടാൻ 2022 മെറിഡിയന് ട്രാക്ഷൻ കൺട്രോൾ ഫീച്ചർ ഉണ്ടായിരിക്കുമെന്നാണ് സൂചന. കൂടാതെ 2022 മെറിഡിയൻ എസ്‌യുവിയുടെ മുൻനിര വകഭേദങ്ങൾക്ക് ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിച്ചാലും അതിശയിക്കേണ്ട കാര്യമൊന്നുമില്ല.

കോമ്പസ് ഉൾപ്പെടെയുള്ള ഒന്നിലധികം ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അതേ ടർബോചാർജ്ഡ് 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനായിരിക്കും മെറിഡിയന് തുടിപ്പേകാൻ എത്തുകയെന്നാണ് സൂചന. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, ഓപ്ഷണലായി 9 സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് DCT ഓട്ടോമാറ്റിക് എന്നിവയെല്ലാമായിരിക്കും ജീപ്പ് അണിനിരത്തുക.


Click it and Unblock the Notifications








