ഇതൊക്കെയാണ് വമ്പൻ മാറ്റങ്ങൾ; പുതിയ Maruti Suzuki Baleno ഫെയ്‌സ്‌ലിഫ്റ്റിൽ 360 വ്യൂ ക്യാമറയും
2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി 23-ന് വിപണിയിൽ എത്താൻ തയാറെടുത്തിരിക്കുകയാണ്. വാഹനത്തിന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷതകളെല്ലാം പരിചയപ്പെടുത്തി വരികയാണ് കമ്പനി.

പുതിയ ബലേനോ ഓടിക്കുന്ന ഡ്രൈവർമാർക്ക് കാർ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് 360 വ്യൂ ക്യാമറ വരെ ലഭിക്കുമെന്ന് മാരുതി സുസുക്കി പുതിയ ടീസർ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ഫീച്ചർ ഇതാദ്യമായാണ് ഒരു മാരുതി സുസുക്കി കാറിൽ ഇടംപിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഈ മാസാവസാനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന ഫീച്ചറുകളെല്ലാം അവതരിപ്പിച്ചുവരികയാണ്. പുതുക്കിയ 2022 മോഡൽ മുൻഗാമിയേക്കാൾ പുതിയ സവിശേഷതകളുമായാകും വിൽപ്പനയ്ക്ക് എത്തുക. അവയിൽ ചിലത് സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളാൽ നിറഞ്ഞുനിൽക്കുന്നതായിരിക്കും.
എന്തായാലും എതിരാളികളെയെല്ലാം വീണ്ടും വിറപ്പിക്കാൻ പുതിയ മാരുതി സുസുക്കി ബലേനോ പ്രാപ്‌തമാകുമെന്നാണ് ഇവയെല്ലാം സൂചന നൽകുന്നത്. 360 വ്യൂ ക്യാമറ 2022 ബലേനോയുടെ സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യും. ഇത് ഡ്രൈവർമാരെ ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ മാത്രമല്ല, ബ്ലൈൻഡ് സ്പോട്ടുകളിലെ തടസങ്ങൾ ഒഴിവാക്കാനും സഹായിക്കും.

360 വ്യൂ ക്യാമറ കൂടാതെ 2022 ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD) സ്‌ക്രീനുമായി വരും. ഈ സെഗ്‌മെന്റിലെ ബ്രാൻഡിൽ നിന്നുള്ള ഏതൊരു കാറിനും ഇത് ആദ്യമാണ് ഈ സജ്ജീകരണം ലഭിക്കുന്നത് സ്പീഡോമീറ്റർ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ നൽകുന്ന പുതിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ ആയിരിക്കുമിത്.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി നവീകരിച്ച ഒമ്പത് ഇഞ്ച് എച്ച്ഡി സ്‌ക്രീനും ബലേനോയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. പുതുതലമുറ മാരുതി കാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. ഏറ്റവും പുതിയ ബലേനോയ്ക്കുള്ളിലുള്ളവർക്ക് പ്രീമിയം അക്കോസ്റ്റിക് സൗണ്ട് അനുഭവം അവകാശപ്പെടുന്ന മാരുതി ARKAMYS നൽകുന്ന സറൗണ്ട് സെൻസും വാഗ്ദാനം ചെയ്യും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും അകത്തളത്തിന്റെ പ്രീമിയം ഫീൽ ഉയർത്തും. ഇത് മുമ്പത്തെ 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളും 2022 മോഡൽ ബലേനോയുടെ മേൻമകളാകും. മാരുതി സുസുക്കിയുടെ ഓൺലൈൻ പോർട്ടൽ വഴിയും നെക്‌സ ഡീലർഷിപ്പുകൾ വഴിയും 11,000 രൂപ ടോക്കൺ തുകയിൽ മുഖംമിനുക്കിയെത്തുന്ന ബലേനോയ്ക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മുൻ മോഡലിനെ പോലെ തന്നെ പുതിയ ബലേനോയും മാരുതിയുടെ എക്സ്ക്ലൂസീവ് നെക്സ ഷോറൂമുകൾ വഴി തന്നെയാകും വിൽപ്പനയ്ക്ക് എത്തുക. അരീന ഡീലർഷിപ്പുകൾ വഴിയും വാഹനം വിൽക്കാനുള്ള പദ്ധതിയും കമ്പനി നേരത്തെ ആവിഷ്ക്കരിച്ചിരുന്നെങ്കിലും ഈതുവരെ ഒന്നും ഔദ്യോഗികമായിട്ടില്ല. വലിപ്പത്തിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ സമ്പന്നനായിരിക്കും ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്.

പുതുക്കിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ലാമ്പുകൾ എന്നിവയ്ക്ക് ചുറ്റും എൽ ആകൃതിയിലുള്ള റാപ് സഹിതം പുനർരൂപകൽപ്പന ചെയ്ത മുൻവശമായിരിക്കും പ്രീമിയം ഹാച്ചിനെ വേറിട്ടു നിർത്തുക. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും നവീകരണമായി ഉണ്ടാവുക.

ഇനി പിൻവശത്തേയ്ക്ക് നോക്കിയാൽ പുതിയ ടെയിൽഗേറ്റ് ഡിസൈൻ, എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, വലിയ ബമ്പർ എന്നിവ പിന്നിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്. പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡ്യുർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ് എന്നീ പുതുമയാർന്ന നിറങ്ങളിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഉപഭോക്താക്കൾക്ക് വീട്ടിലെത്തിക്കാം.

നിലവിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ VVT യൂണിറ്റ് അല്ലെങ്കിൽ 12V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡ്യുവൽജെറ്റ് എന്നിവയ്‌ക്കൊപ്പം തന്നെയാകും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുക. എഞ്ചിൻ പരമാവധി 82 bhp പവറിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമാകും ഇത്തവണ ഗിയർബോക്‌സ് ഓപ്ഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുക.

അതായത് നേരത്തെയുണ്ടായിരുന്ന സിവിടി ഓപ്ഷൻ ഇത്തവണ ബലേനോയിൽ ലഭ്യമാകില്ലെന്ന് സാരം. മാനുവൽ യൂണിറ്റ് സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമ്പോൾ ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയിൽ എഎംടിയായിക്കും തെരഞ്ഞെടുക്കാനാവുക. പ്രീമിയം ഹാച്ച്ബാക്കിന് നിലവിൽ 6.03 ലക്ഷം മുതൽ 9.41 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

എന്നാൽ മിനുങ്ങിയെത്തുന്നതോടെ വിലയിൽ അൽപം വർധനവുണ്ടാകാനാണ് സാധ്യത. ഇന്ത്യയിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നീ വമ്പൻമാരുമായാകും പുത്തൻ മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റും മാറ്റുരയ്ക്കുക.


Click it and Unblock the Notifications








