ഈ സെഗ്മെന്റിൽ ഇനി ഡീസൽ എഞ്ചിനുള്ള മോഡൽ ഇതുമാത്രമായിരിക്കും
മിക്ക സെഗ്മെന്റുകളിൽ നിന്നും ഡീസൽ എഞ്ചിനുകൾ പടിയിറങ്ങുമ്പോൾ ഇത്തരം വാഹനങ്ങൾ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കളെല്ലാം ഇതര ഇന്ധന ഓപ്ഷനുകളിലേക്ക് മാറാൻ നിർബന്ധിതരാവുകയാണ്. നിലവിലുള്ള ചെറിയ ശേഷി ഡീസൽ എഞ്ചിനുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ പടിയിറങ്ങും.

റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ എന്നറിയപ്പെടുന്ന കർശനമായ മലിനീകരണ നിയന്ത്രണങ്ങളുടെ വരാനിരിക്കുന്നതിനാൽ ഇത്തരം ശേഷി കുറഞ്ഞ ഡീസൽ എഞ്ചിനുകൾ അമിത ചെലവിൽ പരിഷ്ക്കരിക്കുന്നതിൽ അർഥമില്ലെന്നാണ് വാഹന നിർമാതാക്കളുടെയെല്ലാം അഭിപ്രായം.

ഡീസൽ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ഏക മിഡ്-സൈസ് സെഡാനാവും അടുത്ത തലമുറ ഹ്യുണ്ടായി വേർണ. 2023 ഏപ്രിൽ മുതൽ RDE പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സിറ്റി, അമേസ് എന്നിവയിൽ കാണുന്ന ഹോണ്ടയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ നിരയിൽ നിന്നും ഒഴിവാക്കും.

2020-ൽ നടപ്പിലാക്കി ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം കാരണം ഇത്തരത്തിൽ നിരവധി മോഡലുകളാവും ഓയിൽ ബർണർ എഞ്ചിനുകൾ ഒഴിവാക്കാൻ പോവുന്നവർ. 2023 മുതൽ i20-യിൽ ഹ്യുണ്ടായി ഡീസൽ എഞ്ചിൻ നിർത്തലാക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വെന്യു, ക്രെറ്റ, വേർണ, അൽകസാർ എന്നിവയിലും നിരവധി കിയ മോഡലുകളിലും തുടരും. വെന്യു, സോനെറ്റ് എന്നിവയ്ക്ക് 100 bhp ട്യൂണിൽ ഡീസൽ ലഭിക്കുമ്പോൾ, മറ്റുള്ളവയ്ക്ക് വേരിയബിൾ ജോമെട്രി ടർബോ (VGT) ഉള്ള ഉയർന്ന 115 bhp പവറാണ് ലഭിക്കുക.

ഹ്യുണ്ടായി വെന്യുവിൽ ഡീസൽ എഞ്ചിൻ നവീകരിക്കുമോ അതോ ഫിക്സഡ്-ജ്യോമെട്രി ടർബോ നിലനിർത്തുമോ എന്നത് ഇതുവരെ വ്യക്തമല്ല. നിലവിൽ സെഡാനുകൾക്ക് ഡിമാന്റ് കുറഞ്ഞുവരികയാണെങ്കിലും ഹോണ്ട സിറ്റി, സ്കോർ സ്ലാവിയ, ഹ്യുണ്ടായി വേർണ എന്നീ മോഡലുകൾക്ക് മോശമല്ലാത്ത വിൽപ്പന കൈയെത്തിപ്പിടിക്കാനാവുന്നുണ്ട്.

വലിയ വാഹനങ്ങളെങ്കിൽ കൂടുതലും ഡീസൽ എഞ്ചിൻ വേരിയന്റുകളെ സ്വന്തമാക്കാനാവും ഇന്ത്യക്കാർ എപ്പോഴും ആഗ്രഹിക്കുക. ഈയൊരു അവസരം മുതലെടുക്കാനാവും ഹ്യുണ്ടായി പുതിയ വേർണയിൽ ഡീസൽ എഞ്ചിൻ നിലനിർത്താനും തീരുമാനിച്ചത്.

പുതുതലമുറ വേർണ ഈ വർഷമാദ്യം ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു. 2023-ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി-സെഗ്മെന്റ് പ്രീമിയം സെഡാൻ അടിമുടി പരിഷ്ക്കാരങ്ങളുമായാവും നിരത്തിലെത്തുക. പുതിയ എലാൻട്രയിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കാമെന്നാണ്.

ഹെഡ്‌ലാമ്പുകളിലേക്ക് ലയിക്കുന്ന വിശാലമായ ഗ്രില്ലോടുകൂടിയാണ് പുതിയ വേർണ ഒരുങ്ങുന്നത്. ഇതിൽ ഹ്യുണ്ടായിയുടെ 'സെൻസസ് സ്‌പോർട്ടിനെസ്' ഡിസൈൻ ഭാഷ്യം തന്നെയാണ് കമ്പനി പിന്തുടരുന്നതും. എന്നാൽ മുമ്പത്തെ വേർണയ്ക്ക് സമാനമായി, ടേപ്പർഡ് റൂഫുള്ള ഫാസ്റ്റ്ബാക്ക് പോലെയുള്ള സ്റ്റൈലിംഗിൽ ബ്രാൻഡ് അടിയുറച്ചു നിൽക്കുകയും ചെയ്യും.

എലാൻട്രയ്ക്ക് സമാനമായ കോണാകൃതിയിലുള്ള ടെയിൽ-ലാമ്പുകളും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. കൂടാതെ, പുതിയ ട്യൂസോണിൽ നിന്ന് ഇന്ത്യക്കായി എത്തിച്ച ADAS സാങ്കേതികവിദ്യ പുതിയ വേർണയിലും ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയിലും എത്തുമെന്ന സൂചനയും ഹ്യുണ്ടായി നൽകിയിട്ടുണ്ട്.

1.5 ലിറ്റർ VGT ഡീസൽ എഞ്ചിന് പുറമേ, അടുത്ത തലമുറ വേർണയും അതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും നിലനിർത്തും. പ്രധാന എതിരാളികളായ വെർട്ടിസിനും സ്ലാവിയയ്ക്കും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ ലഭിക്കുന്നതിനാൽ ഹ്യുണ്ടായി ക്രെറ്റയിൽ നിന്ന് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ചേർത്തേക്കാം. ഗിയർബോക്സ് ഓപ്ഷനുകളും കമ്പനി മാറ്റമില്ലാതെ കൊണ്ടുപോകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








