യാത്രകൾ അടിപൊളിയാവും, പുത്തൻ Scorpio N എസ്‌യുവിയുടെ ഇന്റീരിയറും പരിചയപ്പെടുത്തി Mahindra
പുതുപുത്തൻ സ്കോർപിയോ N മോഡലിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണ്. ജൂൺ 27-ന് അവതരിപ്പിക്കുന്ന എസ്‌യുവിയുടെ പുതുതലമുറ പതിപ്പിന്റെ ഓരോരോ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ.

അതിനിടയിൽ വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഇന്റീരിയർ ചിത്രങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര. എസ്‌യുവികളുടെ ബിഗ് ഡാഡി എന്നാണ് മഹീന്ദ്ര പുത്തൻ സ്കോർപിയോയെ വിശേഷിപ്പിക്കുന്നതു തന്നെ.

ഈ പേരിന് അനുസൃതമായി വരാനിരിക്കുന്ന എസ്‌യുവി അതിന്റെ നിലവിലെ എതിരാകളെ അപേക്ഷിച്ച് കൂടുതൽ അപ്-മാർക്കറ്റ് നിലപാടായിരിക്കും സ്വീകരിക്കുക. അതിനായി പാസഞ്ചേഴ്‌സിനും ഡ്രൈവറിനും അധിക സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ, നിരവധി സുരക്ഷാ ഉപകരണങ്ങൾ എന്നിവ സ്കോർപിയോ N മോഡലിന് കമ്പനി സമ്മാനിക്കുകയും ചെയ്യും.

വലിപ്പത്തിൽ ടാറ്റ സഫാരിയേക്കാൾ വലുതാണ് വരാനിരിക്കുന്ന സ്കോർപിയോ N എന്ന് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. നിലവിലെ സ്കോർപിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതലമുറ മോഡൽ അതിന്റെ ടോൾ ബോക്‌സി ബോഡി ഘടന നിലനിർത്തുന്നുണ്ടെങ്കിലും പൂർണമായും പരിഷ്ക്കരിച്ച ഡിസൈനും ശൈലിയുമായാവും കളംനിറയുക.

മധ്യഭാഗത്ത് പുതിയ മഹീന്ദ്ര 'ട്വിൻ പീക്ക്‌സ്' ലോഗോയോടുകൂടിയ ക്രോം ഫിനിഷ്ഡ് മൾട്ടി സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലാവും മുൻവശത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. ലൈറ്റിംഗിൽ ഡ്യുവൽ പോഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾ, സി ആകൃതിയിലുള്ള ഫോഗ് ലാമ്പ് എൻക്ലോസറുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടും.

പരന്ന മേൽക്കൂര, ബൾഗിംഗ് വീൽ ആർച്ചുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎമ്മുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, റിയർ വൈപ്പർ, വാഷർ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും സ്കോർപിയ N മോഡലിന് മോടിയേകാനായി ഇടംപിടിക്കും. വശക്കാഴ്ച്ചയിൽ വാഹനത്തിന് സമ്മാനിച്ചിരിക്കുന്ന ഡ്യുവൽ ടോൺ അലോയ് വീലുകൾ എസ്‌യുവിയെ കൂടുതൽ മനോഹരമാക്കുന്നുമുണ്ട്.

പേൾ വൈറ്റ്, ഡിസാറ്റ് സിൽവർ, റെഡ് റേജ്, ഡീപ് ഫോറസ്റ്റ് ഗ്രീൻ, ബ്രഷ്ഡ് ഗോൾഡ്, നാപ്പോളി ബ്ലാക്ക്, പുതിയ ബ്ലൂ ഷേഡ് എന്നീ വ്യത്യസ്‌തമാർന്ന കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാവും മഹീന്ദ്ര സ്‌കോർപിയോ N നിരത്തിലേക്ക് എത്തുക. പുറംമോടി പോലെ തന്നെ അത്യാധുനിക സൗകര്യങ്ങളോടും സാങ്കേതിക വിദ്യയോടും കൂടിയതാവും വാഹനത്തിലെ ഇന്റീരിയറും.

ഉയർന്ന ഡ്രൈവിംഗ് പൊസിഷനുള്ള പുത്തൻ സ്കോർപിയോ N 6 സീറ്റർ വേരിയന്റിന് 2+2+2 ഓപ്ഷൻ ലഭിക്കുമ്പോൾ എസ്‌യുവിയുടെ 7 സീറ്റർ വകഭേദത്തിന് 2+2+3 സീറ്റിംഗ് സജ്ജീകരണമായിരിക്കും മഹീന്ദ്ര നൽകുക. മൂന്നാം നിര സ്പ്ലിറ്റ് സീറ്റുകൾ യഥാക്രമം 50:50, 60:40 കോൺഫിഗറേഷനിൽ മടക്കാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവർ സീറ്റിന് ലംബർ സപ്പോർട്ടും ഉണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ എല്ലാ പാസഞ്ചർ സീറ്റുകളിലും ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകളും ഇടംപിടിക്കും. അഡ്രിനോക്‌സ്, അലക്‌സാ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം വലിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും പുതിയ സ്‌കോർപിയോ N എസ്‌യുവിയുടെ അകത്തളത്തെ പ്രീമിയമാക്കാനായി ഇടംപിടിക്കും.

ബോഷ് വികസിപ്പിച്ചെടുത്ത AdrenoX കണക്റ്റിവിറ്റി ആപ്പ് വഴി മൊബൈലിലും സ്മാർട്ട് വാച്ചുകളിലും ഡ്രൈവർ ആക്‌സസിനായി 60-ലധികം കണക്റ്റഡ് ഫീച്ചറുകളാണ് വരാനിരിക്കുന്ന സ്കോർപിയോ N മോഡലിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുക. സോണിയിൽ നിന്നുള്ള 12 സ്പീക്കർ സിസ്റ്റവും 3D സൗണ്ട് സ്റ്റേജിംഗും പുതിയ സ്കോർപിയോയുടെ മാറ്റുകൂട്ടും.

ഇലക്‌ട്രിക് സൺ റൂഫ്, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, എൽഇഡി ക്യാബിൻ ലാമ്പ്, ബ്ലോവറുകളുള്ള എസി വെന്റുകൾ, എഞ്ചിനിൽ നിന്ന് പിന്നിലേക്ക് പ്രൊപ്പല്ലർ ഷാഫ്റ്റുള്ള ട്രാൻസ്മിഷൻ ടണൽ എന്നിവയും പുതിയ സ്‌കോർപിയോ N എസ്‌യുവിയുടെ ഇന്റീരിയർ ഹൈലൈറ്റുകളാണ്.

കൂടാതെ ഫ്രണ്ട് ആൻഡ് റിയർ ക്യാമറ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ടിപിഎംഎസ്, തുടങ്ങിയ സുരക്ഷാ സവിശേഷതകളുടെ ഒരു നീണ്ട നിരയും മോഡലിലുണ്ടാവും.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വിപണിയിൽ എത്തുക. ഇവയിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനും ഉൾപ്പെടും. ഇവ ഒന്നുകിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാവും വാഗ്‌ദാനം ചെയ്യുക.

മഹീന്ദ്രയുടെ മോഡൽ നിരയിൽ ഥാറിനും XUV700 എസ്‌യുവിക്കും ഇടയിലുള്ള വിടവ് നികത്താൻ കഴിയുന്ന സ്‌കോർപ്പിയോ N പതിപ്പിന് 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്‌സ്ഷോറൂം വില. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ എന്നിവയുമായാവും പുതുതലമുറ സ്കോർപിയോയുടെ പ്രധാന മത്സരം എന്നതും ശ്രദ്ധേയമാവും.


Click it and Unblock the Notifications








