അമ്പോ ഇത് കിടുക്കും, സ്വിഫ്റ്റും ഡിസയറും ഹൈബ്രിഡാക്കാൻ Maruti Suzuki
ഹൈബ്രിഡ് എഞ്ചിനോടെ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര എത്തിയതോടെ ഇത്തരം കാറുകളുടെ ജനപ്രീതി വർധിച്ചുവെന്നു വേണം പറയാൻ. നിലവിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള കാറുകളിലാണ് ഹൈബ്രിഡ് സംവിധാനം ലഭ്യമാവുകയുള്ളൂ.
എന്നാൽ എന്തുകൊണ്ട് ബജറ്റ് സെഗ്മെന്റിലേക്ക് ഈ ടെക്നോളജി കൊണ്ടുവന്നുകൂടാ എന്ന ചിന്തയിലായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എന്നാൽ ഒടുവിൽ ഇതിനുള്ള ഉത്തരവും കമ്പനി കണ്ടെത്തി കഴിഞ്ഞുവെന്നതാണ് സന്തോഷകരമായ വാർത്ത.

പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ വിജയത്തിന് ശേഷം കമ്പനി ഇന്ത്യയിൽ തങ്ങളുടെ ജനപ്രിയമായ സ്വിഫ്റ്റിലേക്കും ഡിസയറിലേക്കുമാണ് ഇനി ഹൈബ്രിഡ് ടെക് അവതരിപ്പിക്കാൻ പോവുന്നത്. 2024-ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാൻ പ്ലാനിട്ടിരിക്കുന്ന വളരെ ജനപ്രിയമായ ഹാച്ച്‌ബാക്കിന്റെയും കോംപാക്‌ട് സെഡാന്റെയും അടുത്ത തലമുറ പതിപ്പുകൾക്ക് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളാക്കാൻ കഴിയുന്ന ഒരു പുതിയ സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനം ലഭിക്കും.
പുതുതലമുറ സുസുക്കി സ്വിഫ്റ്റ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണിപ്പോൾ. സ്‌റ്റൈലിംഗ്, ഫീച്ചറുകൾ, എഞ്ചിൻ എന്നിവയിൽ സമഗ്രമായ മാറ്റങ്ങൾക്ക് ഹാച്ച്ബാക്ക് സാക്ഷ്യംവഹിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നുവെങ്കിലും ഹൈബ്രിഡ് സംവിധാനത്തിന്റെ കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. സ്വിഫ്റ്റ് പുതുതലമുറയിലേക്ക് ചേക്കേറുന്നതോടെ അതിന്റെ സെഡാൻ മോഡൽ ഡിസയറും പുതുരൂപം ആവാഹിക്കും.

2024 മാരുതി ഡിസയർ, സ്വിഫ്റ്റ് എന്നിവ യഥാക്രമം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ആദ്യത്തെ ബജറ്റ് വാഹനങ്ങളായിരിക്കും എന്നതാണ് ശ്രദ്ധേയം. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ പുതിയ മാരുതി കാറുകൾക്ക് മൂന്ന് സിലിണ്ടർ സജ്ജീകരണത്തോടുകൂടിയ പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇവിടെയും കമ്പനി കടമെടുക്കുന്നത്.
ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത പുതിയ 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിന് ഏകദേശം 35-40 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നതാണ് വലിയ ഹൈലൈറ്റ്. മാനുവൽ, എഎംടി ഗിയർബോക്‌സോടുകൂടിയ നിലവിലെ മോഡലുകളിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ 23.76 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റിലും ഡിസയറിലും വരാനിരിക്കുന്ന പുതിയ ഹൈബ്രിഡ് എഞ്ചിൻ വരാനിരിക്കുന്ന CAFÉ II (കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ) മാനദണ്ഡങ്ങളും പാലിക്കും.
എന്നാൽ പുതിയ മാരുതി സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ഉയർന്ന വേരിയന്റുകൾക്ക് മാത്രമായിരിക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിന്നും പ്രയോജനം ലഭിക്കുക. കാറുകളുടെ ലോവർ വേരിയന്റിൽ 90 bhp കരുത്തേകുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ തുടരും. സിഎൻജി ഫ്യുവൽ ഓപ്ഷനിലും വാഹനങ്ങൾ തുർന്നും ലഭ്യമാകുമെന്ന് ഉറപ്പാണ്.
പുതിയ മാരുതി സ്വിഫ്റ്റ് 2024 കൂടുതൽ ആംഗുലർ നിലപാടായിരിക്കും വഹിക്കുക. കൂടാതെ പരിഷ്‌ക്കരിച്ച ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും ഇവ നിർമിക്കുകയും ചെയ്യുക. ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സുസുക്കി വോയ്‌സ് അസിസ്റ്റ്, OTA (ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ) എന്നിവയ്‌ക്കൊപ്പം ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (പുതിയ സ്മാർട്ട്പ്ലേ പ്രോ പ്ലസ്) ഉപയോഗിച്ച് വാഹനത്തെ കമ്പനി ഒരുക്കുകയും ചെയ്യും.
സമാനമായ മാറ്റങ്ങൾ ഡിസയറിലും കാണാനാവും. കാര്യമായ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകളും പുതിയ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവും ഉള്ളതിനാൽ 2024 മാരുതി സ്വിഫ്റ്റ്, ഡിസയർ മോഡലുകൾ തീർച്ചയായും വില വർധനവിന് സാക്ഷ്യം വഹിക്കും. ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് വേരിയന്റുകൾക്ക് അതിന്റെ ഹൈബ്രിഡ് ഇതര പതിപ്പിനേക്കാൾ ഏകദേശം 1 ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടിയും വരും.


Click it and Unblock the Notifications








