27 കിലോമീറ്റർ മൈലേജും അത്യുഗ്രൻ സുരക്ഷയും! പുതിയ Honda City Hybrid ഏപ്രിൽ 14-ന് വിപണിയിലേക്ക്
എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ കാലത്ത് സെഡാൻ മോഡലുകളുമായി ഇന്ത്യയിൽ പിടിച്ചു നിൽക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിക്കുന്നതിനു പകരം ജനപ്രിയമായ സിറ്റിയുടെ മറ്റൊരു വകഭേദവുമായി കളത്തിലേക്ക് എത്തുകയാണ് കമ്പനി.

മറ്റേതുമല്ല, ഏറെ നാളായി കാത്തിരിക്കുന്ന മൈലേജ് കിംഗായ ഹോണ്ട സിറ്റി ഹൈബ്രിഡ് തന്നെയാണ് ഇന്ത്യയിലേക്ക് വരുന്നത്. 'City e:HEV' എന്ന പേരിൽ 2022 ഏപ്രിൽ 14-ന് സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

ഹോണ്ടയുടെ പാസഞ്ചർ കാർ വിഭാഗം ഏറെ നാളായി പ്രവർത്തനരഹിതമാണെന്ന പരാതിയും ഇതോടെ ചെറിയ തോതിലെങ്കിലും അവസാനിക്കും. മോഡലുകൾ പിൻവലിക്കുന്നതല്ലാതെ പുതിയൊരു വാഹനവും ഈ അടുത്ത കാലത്തെങ്ങും പരിചയപ്പെടുത്താൻ ഹോണ്ടയ്ക്ക് സാധിച്ചിരുന്നില്ല.

2020 ജൂണിൽ പുറത്തിറങ്ങിയ പുതുതലമുറ സിറ്റി ആയിരുന്നു അവസാനത്തെ വലിയ ലോഞ്ച്. അതിനുശേഷം ജാസ്, ഡബ്ല്യുആർ-വി, അമേസ് എന്നിവയുടെ നേരിയ മുഖം മിനുക്കിയ പതിപ്പുകൾ കമ്പനി അവതരിപ്പിച്ചുവെങ്കിലും അധികം ആരുടേയും മനസിലേക്ക് കയറി ചെല്ലാൻ ഹോണ്ടയ്ക്ക് ഇതുവഴി സാധിച്ചിരുന്നില്ല. ഇതിനിടയിൽ നിലവിലുള്ള ചില മോഡലുകളെ കമ്പനി വിപണിയിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിരുന്നു.

ഫോർഡിനു ശേഷം ഹോണ്ടയായിരിക്കും അടുത്തതായി ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്ന വാഹന നിർമാതാക്കളെന്ന അഭ്യൂഹങ്ങൾ പരക്കാനും കാരണമായി. എന്നാൽ ഈ കിംവദന്തികളോട് കമ്പനി രൂക്ഷമായി പ്രതികരിക്കുകയും ഹോണ്ട ഇന്ത്യയിൽ നിന്നും പിൻമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു രംഗത്തെത്തുകയും ചെയ്‌തു.

ഇത്തരം ആശയക്കുഴപ്പൾക്കുള്ള ഉത്തരം കണ്ടെത്താനാണ് 2020 നവംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സിറ്റി ഹൈബ്രിഡിനെ ജാപ്പനീസ് ബ്രാൻഡ് നമ്മുടെ വിപണിയിലേക്ക് കൊണ്ടുവരുന്നത്. പോയ വർഷം തന്നെ രാജ്യത്ത് അവതരിപ്പിക്കാനിരുന്നതാണെങ്കിലും കൊവിഡ്-19 മൂലമുണ്ടായ പല പ്രതിസന്ധികളും പദ്ധതി വൈകിപ്പിക്കാൻ കാരണമാവുകയായിരുന്നു.

ഏപ്രിൽ 14-ന് ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിൽ എത്തുമെങ്കിലും ഡെലിവറികൾ 2022 മെയ് മുതൽ മാത്രേമ ആരംഭിക്കുകയുള്ളൂ. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിൽ നിർമിക്കുന്ന ശരിയായ ഹൈബ്രിഡ് കാറുകളിൽ ഒന്നായിരിക്കും സിറ്റി ഹൈബ്രിഡ് എന്നതും ശ്രദ്ധേയമാകും. ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി-മോഡ് ഡ്രൈവ് (i-MMD) ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഏറ്റവും ചെറിയ പതിപ്പാണ് അന്താരാഷ്ട്ര വിപണിയിലെ സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കുന്നത്.

ഒരു പെട്രോൾ എഞ്ചിന്റെയും രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെയും സംയോജനത്തിൽ നിന്നാണ് ഈ സജ്ജീകരണം പ്രവർത്തിക്കുന്നത്. ഒരു മോട്ടോർ പെട്രോൾ എഞ്ചിനുള്ളിൽ സംയോജിപ്പിച്ച് ഒരു സ്റ്റാർട്ടർ-ജനറേറ്ററായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. മറ്റൊന്ന് നിശ്ചിത അനുപാതത്തിലുള്ള ഗിയർബോക്‌സ് വഴി ഫ്രണ്ട് വീലിലേക്ക് പവർ അയക്കും.

ഈ എഞ്ചിനിൽ 98 bhp കരുത്തും 127 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ മോട്ടോറാണ് ഉൾപ്പെടുന്നത്. മറുവശത്ത്, കാറിന്റെ ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്ന് സ്വതന്ത്ര ഇലക്ട്രിക് മോട്ടോർ ഊർജ്ജം വലിച്ചെടുക്കുന്നു. ഈ യൂണിറ്റ് പരമാവധി 109 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇത് മികച്ച പ്രകടനവും മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകുന്നു. കൂടാതെ ഇലക്ട്രിക്-മാത്രം, പെട്രോൾ-മാത്രം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സിറ്റി ഹൈബ്രിഡിൽ ഹോണ്ട ലഭ്യമാക്കും. പെട്രോൾ ഒൺലി മോഡിൽ ഒരു ലോക്ക്-അപ്പ് ക്ലച്ച് സിംഗിൾ-സ്പീഡ് ഗിയർബോക്‌സ് വഴി എഞ്ചിനെ നേരിട്ട് വീലുകളുമായി ബന്ധിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

സിറ്റി ഹൈബ്രിഡിന്റെ തായ്‌ലൻഡ്, മലേഷ്യൻ പതിപ്പുകൾ യഥാക്രമം 27.8 കിലോമീറ്റർ, 27.7 കിലോമീറ്റർ എന്നിങ്ങനെയാണ് വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കാം. ഇതേ കണക്കുകളുമായാണ് ഹോണ്ട പ്രീമിയം സെഡാന്റെ പുതിയ വേരിന്റ് ആഭ്യന്തര വിപണിയിലും കാലെടുത്തുവെക്കുക.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് സെഡാന്റെ ടോപ്പ്-എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നതിനാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആമസോൺ അലക്‌സാ റിമോട്ട് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റുചെയ്‌തിരിക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ തുടങ്ങിയ എല്ലാ ഗുണങ്ങളാലും ഇത് നിറഞ്ഞിരിക്കും.

ബാറ്ററി പായ്ക്ക് സ്ഥാപിച്ചതിനാൽ ബൂട്ട് സ്പേസ് 90 ലിറ്റർ കുറഞ്ഞ് 410 ലിറ്ററായി. സ്റ്റാൻഡേർഡ് പെട്രോൾ കൗണ്ടർപാർട്ടിനേക്കാൾ 110 കിലോഗ്രാം ഭാരമുള്ളതായിരിക്കും ഹോണ്ട സിറ്റി ഹൈബ്രിഡ്. ഈ മോഡലിൽ പിൻ ഡിസ്‌ക് ബ്രേക്കുകളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളും കമ്പനി സജ്ജീകരിച്ചിരിക്കുകയും ചെയ്യും. മൈലേജ് മാത്രമല്ല ഹൈബ്രിഡിൽ അത്രുഗ്രൻ സുരക്ഷയുമുണ്ടെന്ന് ഹോണ്ട പറയുന്നു.

അതായത് പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് നിരവധി ഡ്രൈവർ അസിസ്റ്റൻസും കൂട്ടിയിടി ഒഴിവാക്കൽ സാങ്കേതികവിദ്യകളും ഉൾപ്പെടുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ട് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്ന് സാരം.


Click it and Unblock the Notifications