ഇലക്‌ട്രിക് മാത്രമല്ല, Avenger എസ്‌യുവിക്ക് ടർബോ പെട്രോൾ എഞ്ചിനും ഉണ്ടാവുമെന്ന് Jeep
യൂറോപ്പിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ബ്രാൻഡിന്റെ എൻട്രി ലെവൽ എസ്‌യുവിയായി അവഞ്ചർ എന്ന മോഡലിനെ ജീപ്പ് പ്രദർശിപ്പിച്ചത് അടുത്തിടെയായിരുന്നു. ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയ വാഹനത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ജീപ്പ് അവഞ്ചറിനെ ഇപ്പോൾ യൂറോപ്പിലെ ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയതോടെയാണ് ഏവരെയും അമ്പരപ്പിക്കുന്ന ഒരു വാർത്ത പുറംലോകം അറിയുന്നത്. ഇലക്‌ട്രിക് എസ്‌യുവിയായി പരിചയപ്പെടുത്തിയ അവഞ്ചറിന് ഒരു ടർബോ പെട്രോൾ വേരിയന്റ് കൂടിയുണ്ടാവുമെന്നതാണ് ആ വാർത്ത.

അവഞ്ചർ ഇവി, ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വകഭേദങ്ങളിൽ വരുമെന്ന സ്ഥിരീകരണമാണ് ഇത് പറഞ്ഞുവെക്കുന്നത്. കോംപാക്‌ട് എസ്‌യുവി രൂപത്തിൽ ലോക വിപണി തന്നെ കീഴടക്കാൻ പുത്തൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം പ്രാപ്‌തമാണെന്ന് ഇതോടെ ഉറപ്പായി.

ജീപ്പ് അവഞ്ചറിൽ 100 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ജിഎസ്ഇ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിക്കുമെന്നാണ് അമേരിക്കൻ ബ്രാൻഡ് പറയുന്നത്. അർബൻ സൈക്കിളിൽ 550 കിലോമീറ്റർ റേഞ്ചുള്ള ഒരു ഇലക്ട്രിക് പതിപ്പും അവഞ്ചറിന്റെ പ്രത്യേകതയാണ്.

പെട്രോൾ എഞ്ചിൻ മോഡൽ ആദ്യ ഘട്ടത്തിൽ മാനുവൽ ഗിയർബോക്‌സിനൊപ്പം നൽകും. എന്നാൽ പിന്നീട് ഓട്ടോമാറ്റിക് ഗിയർബോക്‌സും എസ്‌യുവിയിലേക്ക് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് പതിപ്പ് ഒരു പ്രീമിയം മോഡലായി സ്ഥാപിക്കും.

അതേസമയം ഇന്റേണൽ കമ്പഷൻ എഞ്ചൻ പതിപ്പ് വിശാലമായ പ്രേക്ഷകരെ ആകർഷിക്കാനാവും വിപണിയിലെത്തുക. 4.08 മീറ്റർ നീളമുള്ള ജീപ്പ് അവഞ്ചർ രൂപകല്പന ചെയ്തതും വികസിപ്പിച്ചതും പ്യൂഷോ 2008, DS ക്രോസ്ബാക്ക്, ഒപെൽ മോക്ക എന്നിവയ്ക്ക് അടിസ്ഥാനമായിരിക്കുന്ന മോഡുലാർ CMP പ്ലാറ്റ്ഫോമിലാണ് എന്നതാണ് മറ്റൊരു വസ്‌തുത.

വാസ്തവത്തിൽ സിട്രൺ C3 ഹാച്ച്ബാക്കും CMP പ്ലാറ്റ്ഫോമിന്റെ കനത്ത പ്രാദേശികവൽക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്യൻ വിപണികൾക്കായി, ജീപ്പ് അവഞ്ചർ ബ്രാൻഡിന്റെ പോളണ്ടിലെ ടൈച്ചി പ്ലാന്റിലാവും നിർമിക്കുക. ജീപ്പ് അവഞ്ചറും ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ മോഡലിന് ഏകദേശം 4 മീറ്റർ നീളമുണ്ടാകാനാണ് സാധ്യത. ജീപ്പിന്റെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ എസ്‌യുവി പ്രാദേശികമായി നിർമ്മിക്കും. റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളുടെ കയറ്റുമതി ഉത്പാദന കേന്ദ്രമായും പ്ലാന്റിന് പ്രവർത്തിക്കാനാകും.

കൂടാതെ അവഞ്ചറിന്റെ പ്ലാറ്റ്‌ഫോമും 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും C3 പ്രീമിയം സ്റ്റൈൽ ഹാച്ച്ബാക്കിനായി സിട്രൺ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്. ഇക്കാരണത്താൽ തന്നെ അമേരിക്കൻ വാഹന നിർമാതാക്കൾക്കും ഇത് അനായാസം ഉപയോഗിക്കാനാവും.

ഇനി അവഞ്ചറിന്റെ ഇലക്ട്രിക് മോഡലിലേക്ക് നോക്കിയാൽ ജീപ്പിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവ് അടയാളപ്പെടുത്തുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇവിയാണിത്. ആദ്യത്തെ ഇലക്ട്രിക് മോഡൽ ആണെങ്കിലും, ജീപ്പ് തങ്ങളുടെ പരമ്പരാദത ഡിസൈനിൽ തന്നെ വാഹനത്തെ നിലനിർത്താൻ തീരുമാനിച്ചത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

ജീപ്പ് അവഞ്ചറിൽ പുതിയ 54 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് പ്രവർത്തിക്കുന്നത്. ഇത് 156 bhp കരുത്തിൽ 260 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും. WLTP സൈക്കിൾ അനുസരിച്ച് അവഞ്ചർ ഇലക്ട്രിക് എസ്‌യുവി 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് ജീപ്പ് അവകാശപ്പെടുന്നു. അതേസമയം സിറ്റി സാഹചര്യങ്ങളിൽ ഈ റേഞ്ച് 500 കിലോമീറ്ററിലധികം ഉയരുമെന്നും കമ്പനി പറയുന്നുണ്ട്.


Click it and Unblock the Notifications








