കരുത്തൻ എഞ്ചിനുമായി Jeep Compass Trailhawk ഒരുങ്ങി, കൂടുതൽ വിശദാംശങ്ങൾ പുറത്ത്
കോമ്പസ് ട്രെയിൽഹോക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. നിലവിൽ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകളും.

അമേരിക്കൻ എസ്‌യുവി ബ്രാൻഡ് ഈ കലണ്ടർ വർഷത്തിന്റെ മധ്യത്തോടെ കോമ്പസിന്റെ സെവൻ സീറ്റർ പതിപ്പായ മെറിഡിയൻ പുറത്തിറക്കാനുള്ള ശ്രമത്തിനു മുന്നോടിയായാണ് ഈ നീക്കം. അതേസമയം ഒരു കോംപാക്‌ട് എസ്‌യുവിയും ഈ വർഷം തന്നെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി 2022 ജീപ്പ് കോമ്പസ് ട്രെയ്ൽഹോക്കിന്റെ വിശദാംശങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഇതോടൊപ്പം തന്നെ അഞ്ച് സീറ്റർ ഓഫ്-റോഡ് അധിഷ്ഠിത എസ്‌യുവിയുടെ ടീസർ വീഡിയോകളും കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു.

വാഹനത്തിന്റെ പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് II ടർബോ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും കോമ്പസ് ട്രെയിൽഹോക്കിൽ ജീപ്പ് ഉപയോഗിക്കുക. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമായിരിക്കും.

ഫോർ വീൽ ഡ്രൈവ് ഓപ്ഷനായ കോമ്പസ് ട്രെയിൽഹോക്കിന്റെ എഞ്ചിൻ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന മെറിഡിയനിൽ ഏകദേശം 200 bhp പവർ വികസിപ്പിക്കാൻ ഇതേ എഞ്ചിൻ ട്യൂൺ ചെയ്യപ്പെടും. കൂടാതെ സാധാരണ കോമ്പസിൽ നിന്ന് വ്യത്യസ്തമാക്കാൻ മുൻവശത്ത് ദൃശ്യപരമായ മാറ്റങ്ങളും നീളമുള്ള വീൽബേസും പുതുക്കിയ പിൻഭാഗവും 7 സീറ്റർ പതിപ്പിന് ഉണ്ടായിരിക്കും.

2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന് 4,400 മില്ലീമീറ്റർ നീളവും 1,818 മില്ലീമീറ്റർ വീതിയും 1,657 മില്ലീമീറ്റർ ഉയരവും 2,636 മില്ലീമീറ്റർ നീളമുള്ള വീൽബേസും ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ 1,798 കിലോഗ്രാം കെർബ് ഭാരമുള്ള എസ്‌യുവിക്ക് 60 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്.

ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് സസ്‌പെൻഷൻ, ഡൈനാമിക് ടോർക്ക് സ്റ്റിയറിംഗ്, സെലക്-ടെറൈൻ വിത്ത് റോക്ക് മോഡ്, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയവയാണ് വാഹനത്തിലെ ഓഫ്-റോഡ് അധിഷ്ഠിത ഫീച്ചറുകളിൽ ചിലത്.

പുറംമോടിയിലേക്ക് നോക്കിയാൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പനോരമിക് സൺറൂഫ്, റെഡ്-പെയിന്റഡ് റിയർ ടോ ഹുക്ക്, പവർഡ് ടെയിൽഗേറ്റ്, ഓൾ-ടെറൈൻ ടയറുകൾ, ടു-ടോൺ കളർ സ്കീം എന്നിവയാണ് ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിൽ സജ്ജീകരിച്ചിരിക്കുന്നു.

ക്യാബിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ക്ലസ്റ്ററും ലഭിക്കുന്നു. ലെതർ പൊതിഞ്ഞ മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, റെഡ് സ്റ്റിച്ചിംഗ് ഉള്ള കറുത്ത ലെതർ ഇന്റീരിയർ, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, റിമോട്ട് കീലെസ് എൻട്രി, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയാണ് വരാനിരിക്കുന്ന എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.

ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഒമ്പത് സ്പീക്കർ ഓഡിയോ, എന്നിവയാണ് ഉപകരണ ലിസ്റ്റിലുള്ളത്. വയർലെസ് ചാർജിംഗ് സൗകര്യം, ടു-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, TPMS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, EBD ഉള്ള എബിഎസ്, ഇലക്ട്രിക്കലി ഫോൾഡബിൾ വിംഗ് മിററുകൾ, ചുറ്റും വ്യൂ ക്യാമറ തുടങ്ങിയവയാണ് 2022 മോഡൽ ജീപ്പ് കോമ്പസിന്റെ പുതിയ ട്രെയിൽഹോക്ക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സുരക്ഷാ സന്നാഹങ്ങളിൽ ലഭ്യമാവുക.

കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പ്രാദേശികമായി അസംബിൾ ചെയ്ത റാംഗ്‌ലറും ഉപയോഗിച്ച് കമ്പനി കഴിഞ്ഞ വർഷം 12,136 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ച് ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരുന്നു. അതിനാൽ ഈ വർഷം പുതുപുത്തൻ മോഡലുകളെ എത്തുന്നതോടെ ബ്രാൻഡ് കൂടുതൽ ശക്തിയാർജിക്കും.


Click it and Unblock the Notifications








