Scorpio N എസ്‌യുവിയുടെ ഓൺ-റോഡ് വില 30 ലക്ഷത്തിന് മുകളിലോ?
ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിലെത്തിച്ച വാഹനമാണ് സ്കോർപിയോ N എന്ന രണ്ടാംതലമുറ മോഡൽ. ഈ മിഡ്-സൈസ് എത്തിയതു മുതൽ ആളുകൾക്കിടയിൽ ഒരു സംസാര വിഷയമായി മാറാനും സാധിച്ചു.

6, 7 സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന പുത്തൻ സ്കോർപിോ N നിലവിലുണ്ടായിരുന്ന മോഡലിനൊപ്പം തന്നെയാണ് വിൽപ്പന തുടരുന്നത്. ഇറ്റലിയിലെ പിനിൻഫരിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലും (MIDS) രൂപകൽപ്പന ചെയ്‌തതും ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്ര റിസർച്ച് വാലി (MRV), യുഎസ്‌എയിലെ മഹീന്ദ്ര നോർത്ത് അമേരിക്കൻ ടെക്‌നിക്കൽ സെന്റർ (MNATC) എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ് ചെയ്‌തതുമാണ് പുത്തൻ സ്കോർപിയോ.

രണ്ട് കാര്യങ്ങളിലാണ് 2022 മഹീന്ദ്ര സ്‌കോർപ്പിയോ N പ്രത്യേകതകളാൽ സമ്പന്നമാവുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മറ്റൊന്നുമല്ല ഡിസൈനും ഇന്റീരയറും ഫീച്ചറുകളുമാണ് എസ്‌യുവിയെ പിൻഗാമിയിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഇന്നുവരെയുള്ള നിർമിച്ചിട്ടുള്ളതിൽവെച്ച് സ്കോർപിയോയുടെ ഏറ്റവും വലുതും മികച്ചതുമായ പതിപ്പാണിതെന്നും മാറ്റേകുന്നുണ്ട്.

സ്കോർപിയോയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പതിപ്പ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ? കഴിഞ്ഞ ദിവസമാണ് സ്കോർപിയോയുടെ ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില മഹീന്ദ്ര പ്രഖ്യാപിക്കുന്നത്. 11.99 ലക്ഷം മുതൽ 23.9 ലക്ഷം രൂപ വരെയാണ് N എസ്‌യുവിക്കായി ചെലവഴിക്കേണ്ട എക്സ്ഷോറൂം വില.

ഓൺറോഡ് വില തേടുന്നവർ ആ വില കേട്ടാൽ ചിലപ്പോൾ ഒന്നു ഞെട്ടിയേക്കും കേട്ടോ. മഹീന്ദ്ര സ്കോർപിയോ ഓൺ റോഡ് വിലകൾ, പ്രാദേശിക നികുതികളെ ആശ്രയിച്ച് വ്യത്യസ്‌ത നഗരങ്ങൾ തോറും വില വ്യത്യാസപ്പെടും. ഏകദേശം 13.50 ലക്ഷം രൂപ (അഹമ്മദാബാദ്) മുതൽ 30 ലക്ഷം രൂപ (കൊച്ചി) വരെയാണ് സ്കോർപിയോ N മോഡലിനായി ചെലവാക്കേണ്ടി വരുന്ന ഓൺ-റോഡ് വില.

2002-ലാണ് മഹീന്ദ്ര സ്കോർപിയോ ഇന്ത്യൻ വിപണിയിലെ യാത്ര തുടങ്ങിയത്. അക്കാലത്ത് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് മോഡലിനായി 10 ലക്ഷം രൂപയിൽ താഴെയാണ് ഓൺറോഡ് വിലയായി നൽകേണ്ടി വന്നത്. എന്നാൽ ഇന്ന് 20 വർഷങ്ങൾ പിന്നിടുമ്പോൾ ഏറ്റവും പുതിയ പതിപ്പായ സ്‌കോർപിയോ N തലമുറക്കായി 30 ലക്ഷം രൂപയ്ക്ക് മുകളിൽ മുടക്കേണ്ടി വരുമെന്ന് മാത്രം.

കൊച്ചിയിൽ നിന്നും സ്കോർപിയോയുടെ ടോപ്പ് എൻഡ് വേരിയന്റ് വാങ്ങാൻ തീരുമാനിച്ചാൽ 30.51 ലക്ഷം രൂപയാണ് നൽകേണ്ടി വരിക. ഇന്ത്യയിലെ ചില നഗരങ്ങളിലെ പുതിയ മഹീന്ദ്ര സ്കോർപിയോ N-ന്റെ ഓൺ റോഡ് വിലകൾ ഒന്നു പരിശോധിച്ചാലോ?

| Cities | Mahindra Scorpio-N On-road Price, Lakh |
| Mumbai | ₹14.46 - ₹29.17 |
| Delhi | ₹14.23 - ₹28.54 |
| Bangalore | ₹15.26 - ₹29.83 |
| Hyderabad | ₹15.11 - ₹29.82 |
| Ahmedabad | ₹13.47 - ₹26.95 |
| Chennai | ₹14.80 - ₹29.12 |
| Kolkata | ₹14.19 - ₹27.91 |
| Surat | ₹13.45 - ₹26.92 |
| Pune | ₹14.46 - ₹29.17 |
| Jaipur | ₹14.17 - ₹28.36 |
| Lucknow | ₹13.81 - ₹27.16 |
| Patna | ₹14.17 - ₹28.36 |
| Kochi | ₹14.53 - ₹30.51 |

ഇവ പ്രാരംഭ വിലകളാണെന്നും ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമേ ഈ വിലകൾ സാധുതയുള്ളൂവെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. XUV700, ഥാർ എന്നിവയുടെ കാര്യത്തിൽ നമ്മൾ കണ്ടതുപോലെ, വരും മാസങ്ങളിൽ വില 5 മുതൽ 10 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.

ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ 6/7 സീറ്റ് ഓപ്ഷനുള്ള ബോഡി ഓൺ ഫ്രെയിം 4WD നൽകുന്ന എസ്‌യുവികളിൽ ഏറ്റവും കുറഞ്ഞ വില നൽകേണ്ട മോഡലാണ് മഹീന്ദ്രയുടെ ഈ വാഹനം എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര സ്‌കോർപിയോ N പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. TGDi എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവിധി 380 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. അതേസമയം എംഹോക്ക് ഡീസൽ 175 bhp പവറിൽ 400 Nm torque ആണ് നൽകുന്നത്.

രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം തെരഞ്ഞെടുക്കാം. അതേസമയം 4X4 ഓപ്ഷൻ സ്കോർപിയോ N ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാവുക. 4XPLOR ഉള്ള എസ്‌യുവിയെ 2WD മോഡിൽ നിന്ന് ഉയർന്ന ശേഷിയുള്ള 4WD-ലേക്ക് മാറ്റുന്ന ഇലക്ട്രിക് ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4 വീൽ ഡ്രൈവ് സിസ്റ്റം ഉള്ള ഫസ്റ്റ്-ഇൻ-ക്ലാസ് ഇന്റലിജന്റ് ടെറൈൻ മാനേജ്‌മെന്റ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഇതിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കനത്ത ട്രാഫിക് സാഹചര്യങ്ങൾക്കിടയിൽ സുഗമമായ യാത്ര സിപ് മോഡ് ഉറപ്പാക്കുന്നു. സൂം റൈഡ് നിലവാരം ഉയർത്തുമ്പോൾ സാപ്പ് അതിന്റെ എസ്‌യുവി പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന മോഡാണ്.

പൂനെയ്ക്കടുത്തുള്ള ചകാനിലുള്ള കമ്പനിയുടെ പ്ലാന്റിൽ പുതിയ സ്കോർപിയോ N നിർമിക്കുന്നതോടെ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ എന്നിവയോട് മത്സരിക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ് രണ്ടാംതലമുറ ആവർത്തനം പ്രവേശിക്കുന്നത്.

സെപ്റ്റംബർ 26 മുതൽ വാഹനത്തിനായുള്ള ഡെലിവറി ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഈ വർഷം 20,000 യൂണിറ്റ് പുതിയ സ്കോർപിയോ നിർമിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതും.


Click it and Unblock the Notifications








