പുതിയ Scorpio N എസ്‌യുവിയുവിക്കായുള്ള ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും
പുതിയ സ്കോർപിയോ N എസ്‌യുവിയുവിക്കായുള്ള ബുക്കിംഗ് നാളെ ജൂലൈ 30 മുതൽ ആരംഭിക്കുമെന്ന് അറിയിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി രണ്ടാംതലമുറ സ്കോർപിയോ ബുക്ക് ചെയ്യാം.

കഴിഞ്ഞ മാസം പുറത്തിറക്കിയ മഹീന്ദ്ര സ്കോർപിയോ N സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഡെലിവറി ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബർ 26 മുതൽ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ സ്കോർപിയോ N എസ്‌യുവിയുടെ ഓട്ടോമാറ്റിക്, ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളുടെ വില മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെയാണ് വെളിപ്പെടുത്തിയത്.

AWD ഉള്ള പുത്തൻ സ്കോർപിയോയുടെ ടോപ്പ് എൻഡ് Z8L വേരിയന്റിന് 23.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഓൺ റോഡ് വില 30 ലക്ഷത്തിനും മുകളിൽ പോവുമെന്ന് ചുരുക്കം. നാളെ രാവിലെ 11 മണി മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സ്‌കോർപിയോ N മോഡലിനായുള്ള ബുക്കിംഗ് നടത്താം.

പുതിയ സ്കോർപിയോ N ബുക്കിംഗ് ആദ്യം ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും കാർ നിർമാതാവ് അറിയിച്ചു. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ചിരിക്കും ഡെലിവറി തീയതി എന്നതും പ്രത്യേകം ഓർമിക്കണമെന്നും മഹീന്ദ്ര പറയുന്നു.

വരുന്ന 2022 ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ ഉപഭോക്താക്കൾക്ക് വേരിയന്റോ നിറമോ മാറ്റി അവരുടെ ബുക്കിംഗുകൾ പരിഷ്ക്കരിക്കാൻ കഴിയുമെന്നും മഹീന്ദ്ര അറിയിച്ചു. ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മഹീന്ദ്ര സ്കോർപിയോ N പതിപ്പിനായി നിശ്ചയിച്ചിരുന്ന പ്രാരംഭ വിലയുടെ ആനുകൂല്യം ലഭിക്കും.

മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത് 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ്. വേരിയന്റിനെ അനുസരിച്ച് കൃത്യമായി പറഞ്ഞാൽ വാഹനത്തിന്റെ Z8 L ഡീസൽ MT വേരിയന്റിന് 19.49 ലക്ഷം രൂപ വരെയാണ് വില.

Z2 ഡീസൽ MT വേരിയന്റിന് 12.49 ലക്ഷം, Z4 പെട്രോൾ MT 13.49 ലക്ഷം, Z4 ഡീസൽ MT 13.99 ലക്ഷം, Z6 ഡീസൽ MT 14.99 ലക്ഷം, Z8 പെട്രോൾ MT 16.99 ലക്ഷം, Z8 ഡീസൽ MT 17.49 ലക്ഷം രൂപയും Z8 L പെട്രോൾ MT 18.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

FinN-ന്റെ പങ്കാളിത്തത്തോടെ മഹീന്ദ്ര സ്‌കോർപ്പിയോ N-ന് വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌ത ആകർഷകമായ ഫിനാൻസ് സ്‌കീമും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മികച്ച ഫിനാൻസ് പങ്കാളികളിൽ നിന്നുള്ള അനുയോജ്യമായ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗിന് പുറമെ, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ആക്‌സസറികൾ, ഷീൽഡ്, എഎംസി, ലോൺ പ്രൊട്ടക്ഷൻ എന്നിവയ്‌ക്കൊപ്പം 6.99 ശതമാനം മുതൽ 7 വർഷം, 8 വർഷം, 10 വർഷം വരെ കാലാവധി ഓപ്‌ഷനും ധനസഹായം നൽകാം.

പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന അഞ്ച് വേരിയന്റുകളിലാഇ വ്യാപിച്ചുകിടക്കുന്ന എസ്‌യുവി അതിന്റെ വേരിയന്റുകളിലുടനീളം ടൂ-വീൽ ഡ്രൈവ് കൂടാതെ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. മഹീന്ദ്ര സ്കോർപിയോ N മോഡലിന് 200 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ കഴിയുന്ന ഒരു mStallion പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഡീസൽ പ്രേമികൾക്കായി 175 bhp പവറിൽ 400 Nm torque നൽകുന്ന mHawk ഡീസൽ എഞ്ചിനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. പഴയ മഹീന്ദ്ര സ്കോർപിയോയെ അപേക്ഷിച്ച് N പതിപ്പിന്റെ ക്യാബിൻ പ്രീമിയവും വിശാലവുമാണ്. 3D സറൗണ്ട് സിസ്റ്റമുള്ള 12-സ്പീക്കർ സോണി സിസ്റ്റം വരെ മോഡലിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര പറയുന്നത്.

ഇതോടൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യത, 20.32 സെ.മീ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സെഗ്‌മെന്റിലെ ഏറ്റവും വീതിയേറിയ സൺറൂഫ്, റിച്ച് കോഫി ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ആറ്-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 70+ കണക്റ്റഡ് കാർ ടെക് എന്നിവ പോലുള്ള ആധുനിക സവിശേഷതകളും ഇതിന് ലഭിക്കുന്നുണ്ട്.

കൂടാതെ മൊത്തത്തിലുള്ള ഡ്രൈവ് അനുഭവം വർധിപ്പിക്കുന്നതിനായി എസ്‌യുവിക്ക് വ്യത്യസ്ത ടെറൈൻ അല്ലെങ്കിൽ ട്രാക്ഷൻ മോഡുകളും മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. സ്‌കോർപിയോയുടെ മുൻമോഡലിന് ഒപ്പം തന്നെ പുത്തൻ മോഡലും വിൽപ്പനയ്ക്ക് എത്തും.

ഇന്ത്യൻ വിപണിയിൽ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിയോടൊപ്പമായിരിക്കും പുത്തൻ സ്കോർപിയോ N മത്സരിക്കാൻ എത്തുക. 6,7 സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന മേൽകൈയും എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വാഹനത്തെ കൂടുതൽ പ്രാപ്‌തമാക്കും.


Click it and Unblock the Notifications