7 വേരിയന്റ്, പുതിയ 6 നിറങ്ങൾ; അടിമുടി പുത്തൻ കാറായി Maruti Baleno വിപണിയിലേക്ക്
മുഖംമിനുക്കിയെത്തുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് പ്രഖ്യാപിച്ച മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ്.

വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ടീസർ വീഡിയോ കൂടി പുറത്തുവിട്ട മാരുതി സുസുക്കി പുതിയ ബലേനോയ്ക്കായുള്ള ബുക്കിംഗും ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി നെക്‌സ വെബ്‌സൈറ്റിലോ അംഗീകൃത നെക്‌സ ഡീലർഷിപ്പിലോ പുതിയ ബലേനോയ്‌ക്കുള്ള ബുക്കിംഗ് നടത്താം.

"ന്യൂ ഏയ്‌ജ് ബലേനോ" എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ സാങ്കേതികമായി നൂതനമായ പ്രീമിയം ഹാച്ച്ബാക്ക് ആയാണ് കണക്കാക്കപ്പെടുന്നത്. പുത്തൻ ബലേനോയുടെ മുമ്പത്തെ ഒന്നിലധികം സ്പൈ ചിത്രങ്ങൾ കാറിന്റെ പുറംഭാഗത്ത് കാര്യമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾക്ക് വിധേയമായതായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഹാച്ച്ബാക്കിന്റെ മുൻവശം കമ്പനി പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിൽ പുതിയ മെഷ് ഗ്രില്ലും സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്വെപ്റ്റ്ബാക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമാകും ഇത്തവണ ഉൾക്കൊള്ളിക്കുക. ഫ്രണ്ട് ബമ്പർ റീപ്രൊഫൈൽ ചെയ്‌തിട്ടുണ്ടെന്നതും മിഴിവ് വർധിപ്പിക്കും. കൂടാതെ ബ്ലാക്ക്-ഔട്ട് ബെസലുകളും റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പ് എൻകേസിംഗുകളുമുള്ള വിശാലമായ എയർ ഡാമും ഉണ്ട്.

ബോണറ്റും മാരുതി സുസുക്കി നവീകരിക്കാൻ തയാറായിട്ടുണ്ട്. മാത്രമല്ല അതിന്റെ ക്ലാംഷെൽ ഡിസൈൻ നിലനിറുത്തിയിട്ടുണ്ടെങ്കിലും ഇത്തവണ അത് പരന്നതായി തോന്നുന്നു. പിൻഭാഗത്ത് പുതിയ ബലേനോയ്ക്ക് പുതുക്കിയ ടെയിൽഗേറ്റ് ഡിസൈനും പുതിയ എൽഇഡി ഇന്റേണലുകളോട് കൂടിയ എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പ് ക്ലസ്റ്ററുകളുമുണ്ട്.

പുനർരൂപകൽപ്പന ചെയ്ത ഹെഡും ടെയിൽ ലാമ്പുകളും ഉൾക്കൊള്ളുന്ന ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഒഴികെയുള്ള ഭാഗങ്ങളെല്ലാം മുൻഗാമിക്ക് സമാനമായിരിക്കും. വശക്കാഴ്ച്ചയിൽ അലോയ് വീൽ ഡിസൈനിൽ മാത്രമായിരിക്കും പരിഷ്ക്കാരം കാണാനാവുക.

മാരുതി കാറിന്റെ അടിത്തട്ടിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നും പറയപ്പെടുന്നു. പ്രത്യക്ഷത്തിൽ മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റിയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിന്റെ അൽപ്പം കർക്കശമായ ആവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് പുതിയ ബലേനോ.

4 മാനുവൽ, 3 എഎംടി ഓട്ടോമാറ്റിക് എന്നിങ്ങനെ 7 വേരിയന്റുകളിൽ പുതിയ മാരുതി സുസുക്കി ബലേനോ വാഗ്ദാനം ചെയ്യും. പുതിയ മോഡലിന് സിവിടി ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കില്ലെന്നത് നിരാശയുളവാക്കിയേക്കാം. പകരം താങ്ങാനാവുന്ന എഎംടി ഓപ്ഷൻ ലഭിക്കും. പെട്രോൾ എഞ്ചിൻ ഓപ്‌ഷൻ മാത്രമേ ഓഫറിൽ ഉണ്ടാവൂ.

2022 മാരുതി ബലേനോ മാനുവൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ തെരഞ്ഞെടുക്കാം. ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയ്‌ക്കൊപ്പമാണ് പുതിയ ബലേനോ എഎംടി എത്തുന്നത്. മുൻനിര വകഭേദങ്ങൾക്ക് HUD, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. അതേസമയം മിഡ് വേരിയന്റുകൾക്ക് 7 ഇഞ്ച് സിസ്റ്റമായിരിക്കും കമ്പനി സമ്മാനിക്കുക.

ആറ് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും ഫെയ്‌സ്‌ലിഫ്റ്റ് ബലേനോ വിപണിയിൽ ഇടംപിടിക്കുക. പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ്. വൈറ്റ് ഒഴികെ മറ്റെല്ലാം 2022 ബലേനോയിലെ പുതിയ കളർ ഓപ്ഷനുകളാണ്. എല്ലാം മെറ്റാലിക് ഷേഡിലാണ് ഒരുങ്ങിയിരിക്കുന്നതും.

ക്യാബിനിനുള്ളിൽ വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും റീസ്റ്റൈൽ ചെയ്ത വി-ആകൃതിയിലുള്ള എയർ-കോൺ വെന്റുകളും ഫീച്ചർ ചെയ്യുന്ന പരിഷ്‌ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടിനൊപ്പം ഗണ്യമായ മാറ്റങ്ങളായിരിക്കും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാവുക.

ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടാകും. ഫ്ലാറ്റ്-ബോട്ടം, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പരിഷ്കരിച്ച ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും ശ്രദ്ധേയമായ മറ്റ് നവീകരണങ്ങളിൽ ഉൾപ്പെടുന്നു.

സ്പീഡോമീറ്റർ, ക്ലൈമറ്റ് കൺട്രോൾ മുതലായവയിൽ നിന്നുള്ള പ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പുതിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) ആണ് അകത്തളത്തിസെ ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ എന്നുപറയാം. എൽഇഡി ലൈറ്റിംഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റോപ്പ്/സ്റ്റാർട്ട്, കീലെസ് എൻട്രി എന്നിവയായിരിക്കും കാറിലെ മറ്റ് സുഖസൗകര്യങ്ങൾ.

പുതിയ ബലേനോയ്ക്ക് ക്ലാസ് ലീഡിംഗ് സുരക്ഷ ലഭിക്കുമെന്നും മാരുതി അവകാശപ്പെടുന്നു. ഗ്ലോബൽ എൻക്യാപിൽ നിന്ന് 5 സ്റ്റാർ റേറ്റിംഗുള്ള സെഗ്‌മെന്റിലെ സുരക്ഷയുടെ കാര്യത്തിൽ നിലവിൽ ടാറ്റ ആൾട്രോസാണ് മുൻനിരയിലുള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു വലിയ അവകാശവാദമാണ്.

2022 ബലേനോ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.6 എയർബാഗുകളുമായാണ് മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിൽ എത്തുന്നത്. 1.2 ലിറ്റർ പെട്രോൾ യൂണിറ്റിന്റെ രൂപത്തിൽ നിലവിലുള്ള ബലേനോയുടെ എഞ്ചിൻ തന്നെയായിരിക്കും പുത്തൻ മോഡലിലും കാണാനാവുക. നിലവിൽ ഈ എഞ്ചിൻ VVT യൂണിറ്റ് അല്ലെങ്കിൽ 12V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡ്യുവൽജെറ്റ് എന്നിവയ്‌ക്കൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








