മാറ്റങ്ങളോടെ പുത്തൻ Maruti Brezza എത്തുന്നു, അവതരണം ജൂൺ 30-ന്
ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറയിലേക്ക് ചേക്കേറുന്ന മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയിൽ നിന്നുള്ള ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നു കൂടിയാണ് ഈ പുതിയ കോംപാക്‌ട് എസ്‌യുവിയുടേത്.

2022 ജൂൺ 30-ന് മാരുതി സുസുക്കി ബ്രെസ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. എന്നാൽ മുഖംമിനുക്കിയെത്തുന്ന ബ്രെസയുടെ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ചില ഡീലർമാർ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിറ്റാര ബ്രെസ എന്ന പേരുമാറ്റി ബ്രെസ എന്നു പുനർനാമം ചെയ്‌താവും എസ്‌യുവി വിപണിയിലേക്ക് എത്തുക. അതുപോലെ തന്നെ നിരവധി മാറ്റങ്ങളും വാഹനത്തിലുണ്ടാവും. എങ്കിലും നിലവിലുള്ള മോഡലിൽ നിന്നും പല ഘകങ്ങളും മാരുതി സുസുക്കി അതുപോലെ തന്നെ മുന്നോട്ടുകൊണ്ടുപോവും.

പുതിയ എസ്‌യുവിയിലൂടെ 2016 മുതൽ തകർപ്പൻ ഹിറ്റായ ഒറിജിനൽ വിറ്റാര ബ്രെസയുടെ വിൽപ്പന വിജയം ആവർത്തിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. 2020 ജനുവരിയിൽ 5 ലക്ഷം വിൽപ്പന നാഴികക്കല്ലും 2021 നവംബറിൽ 7 ലക്ഷം വിൽപ്പന നാഴികക്കല്ലും വിറ്റാര ബ്രെസ മറികടന്നിരുന്നു.

2020-ൽ ഡീസൽ മാത്രമുള്ള മോഡലിൽ നിന്ന് പെട്രോൾ മാത്രമുള്ള മോഡലിലേക്ക് മാറിയപ്പോൾ വിൽപ്പന മികച്ചതായി തുടർന്നതും മാരുതിക്ക് ആശ്വാസമായി. 2020-21 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഏകദേശം ഒരു ലക്ഷം യൂണിറ്റ് ബ്രെസയാണ് വിറ്റഴിച്ചത്. എങ്കിലും സെഗ്മെന്റിലെത്തിയ ആധുനിക എതിരാളികൾക്കിടയിൽ ബ്രെസ അൽപം പിന്നോട്ടു പോയതും ശ്രദ്ധേമായിട്ടുണ്ട്.

അടുത്ത തലമുറ ബ്രെസയ്ക്ക് ഇതിനായി ധാരാളം മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ കിയ സോനെറ്റും ഹ്യുണ്ടായി വെന്യുവും പോലുള്ള പുതിയ എതിരാളികളാൽ നിറഞ്ഞിരിക്കുന്നതിനാൽ മാരുതി സുസുക്കിക്ക് എത്രമാത്രം മുന്നോട്ടുപോവാനാകുമെന്ന് കണ്ടറിയണം.

ബ്രെസയുടെ അവതരണത്തിന് മുന്നെ ഹ്യുണ്ടായി വെന്യുവും നിരവധി മാറ്റങ്ങളുമായി വിപണിയിലേക്ക് എത്താനിരിക്കുകയാണ്. മാത്രമല്ല ശക്തമായ വളർച്ച കാണിക്കുന്ന ടാറ്റ നെക്‌സോണുമായി ഏറ്റുമുട്ടാനുമുണ്ട് പുത്തൻ ബ്രെസയ്ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹ്യുണ്ടായി ക്രെറ്റയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായും നെക്സോൺ മാറികഴിഞ്ഞിട്ടുണ്ട്.

നിലവിലെ എസ്‌യുവിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ മാരുതി ബ്രെസയ്ക്ക് പുറത്തും അകത്തും സ്റ്റൈലിംഗ് ഗണ്യമായ പരിഷ്ക്കാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ അധിക സാങ്കേതികവിദ്യയും സവിശേഷതകളും കൂടുതൽ ഇന്ധനക്ഷമതയുള്ള ഡ്യുവൽ ജെറ്റ് കെ-സീരീസ് എഞ്ചിനും കൂടിയെത്തുമ്പോൾ കോംപാക്‌ട് എസ്‌യുവി വേറെ തലമായിരിക്കും സമ്മാനിക്കുക.

ഒരു സൺറൂഫും കൂടി ബ്രെസയിലേക്ക് എത്തിയാൽ കാര്യങ്ങൾ വേറെ ലെവലാവും. ഇത് വാഹനത്തിന് ലഭിക്കുന്ന നിരവധി പുതിയ ഫീച്ചറുകളിൽ ഒന്നുമാത്രമായിരിക്കും. ബ്രെസയെ കമ്പനിയുടെ പ്രാദേശികമായി നിർമിച്ച ആദ്യത്തെ മോഡലാക്കി മാറ്റുകയും ചെയ്യും.

ഡിസൈനിലേക്ക് നോക്കിയാൽ 2022 ആവർത്തനത്തിന് പുതിയ ഫ്രണ്ട് ഫെൻഡറുകളും ബോണറ്റും ലഭിക്കുന്നുണ്ട്. കട്ടുകളും ക്രീസുകളും ഇല്ലാത്ത വളരെ പരന്ന രൂപകൽപ്പനയോടെയാണ് മാരുതി ബ്രെസയ്ക്ക് നൽകിയിരിക്കുന്നത്. ഇതിന്റെ പുതിയ സ്റ്റൈലിഷ് ഹെഡ്‌ലാമ്പുകൾ ഗ്രില്ലിൽ വൃത്തിയായി ലയിപ്പിച്ച് ഒറ്റ യൂണിറ്റ് പോലെ സമന്വയിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

കൂടാതെ ഇത് ഇരട്ട സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ (ഡിആർഎൽ) സഹിതമായിരിക്കും വരിക. ഗ്രില്ലിന് അൽപം വലിപ്പം കൂടുതലായിരിക്കുമെന്നാണ് പുറത്തുവന്ന സ്പൈ ചിത്രങ്ങളെല്ലാം സൂചന നൽകുന്നത്. ബ്ലാക്ക് ക്ലാഡിംഗും എസ്‌യുവിയുടെ വശങ്ങളിലുടനീളം കാണാനാവും. ഇത് 2022 മോഡലിന് തികച്ചും ഒരു പരുക്കൻ രൂപം തന്നെ നൽകും. പിൻഭാഗത്ത് പുതിയ ബ്രെസയിൽ ടെയിൽഗേറ്റിലേക്ക് നീളുന്ന മെലിഞ്ഞ റാപ്പ്റൗണ്ട് ടെയിൽ-ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

അകത്തളത്തിൽ എസ്‌യുവിക്ക് പുതിയ ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് പാഡിൽ ഷിഫ്റ്ററുകൾ, റീ-സ്റ്റൈൽ ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് എന്നിവയും ലഭിക്കും. ബലെനോയിൽ നിന്നുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക് എന്നിവ ഉൾപ്പെടുന്ന പുതിയ സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇന്റർഫേസ് ഇവയെല്ലാം മാരുതി സുസുക്കി നൽകിയേക്കും.

എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ച പുതിയ 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് എഞ്ചിൻ നിലവിലെ K15B എഞ്ചിന് പകരമായി പുതിയ മാരുതി ബ്രെസയിൽ പ്രവർത്തിക്കും. ഇത് 103 bhp കരുത്തിൽ പരമാവധി 136 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റായിരിക്കും. ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ ഉള്ളതിനാൽ വാഹനം മുമ്പത്തേതിനേക്കാൾ കാര്യക്ഷമമാകും.

ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഒരു പുതിയ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കും. കൂടാതെ സുസുക്കിയുടെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഓഫറിലുണ്ടാകും. മാരുതിയുടെ ഡീസൽ എഞ്ചിൻ തിരികെ വരാത്തതിനാൽ ഇത്തവണ മാരുതി ഒരു സിഎൻജി ഓപ്ഷനും ബ്രെസയിൽ ലഭ്യമാക്കിയേക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








