12-ൽ അധികം സുരക്ഷാ ഫീച്ചറുകൾ, കൂടുതൽ തികവോടെ മുഖംമിനുക്കി Maruti WagonR വിപണിയിലേക്ക്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഈ വർഷം പുറത്തിറക്കാൻ കാത്തിരിക്കുന്ന മോഡലുകളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്.

പുതുപുത്തൻ ബലേനോയ്ക്ക് പിന്നാലെ മാരുതി തങ്ങളുടെ ജനപ്രിയ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആറിനെയും മിനുക്കി ഇറക്കാൻ തയാറെടുത്തു കഴിഞ്ഞു. കാറിന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി 2022 മാരുതി വാഗൺആറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ലുക്ക്, പ്രകടനം, സുഖം, സുരക്ഷ എന്നിവയിൽ കൂടുതൽ മികവോടെയും തികവോടെയുമാകും വാഹനം നിരത്തിലെത്തുക.

തീരുന്നില്ല, പുതിയ 2022 വാഗൺആർ അത്യാധുനിക സാങ്കേതികവിദ്യകളാലും സമ്പന്നമായിരിക്കും. ബ്ലാക്ക് റൂഫും ഒആർവിഎമ്മുകളുമുള്ള ഗാലന്റ് റെഡ്, ബ്ലാക്ക് റൂഫ്, ഒആർവിഎം എന്നിവയുള്ള മാഗ്മ ഗ്രേ എന്നീ സ്‌പോർട്‌സ് ഡ്യുവൽ ടോൺ കളർ സ്‌കീമുകളും ടോൾബോയ് ഹാച്ചിന് ഇത്തവണയുണ്ടാകും.

പുതിയ വാഗൺആറിന് ഫ്ലോട്ടിംഗ് റൂഫ് ഡിസൈനും പുതിയ അലോയ് വീലുകളും ലഭിക്കുന്നു. കാറിന്റെ അളവുകൾ അതിന്റെ നിലവിലെ പ്രതിരൂപത്തിന് തുല്യമായിരിക്കും. ഇതിന്റെ ഇന്റീരിയർ സൗകര്യങ്ങളിൽ കൂടുതൽ വിശാലമായ ക്യാബിനും ബൂട്ടും ഡ്യുവൽ ടോൺ ഗ്രേ മെലാഞ്ച് ഫാബ്രിക്കും ഉൾപ്പെടുമെന്ന് മാത്രം.

വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് 17.78 സെന്റീമീറ്റർ സ്‌മാർട്ട്‌പ്ലേ സ്റ്റുഡിയോ സംവിധാനവും സ്‌മാർട്ട്‌ഫോൺ നാവിഗേഷനുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. 4 സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഓട്ടോ ഗിയർ ഷിഫ്റ്റ് ടെക്നോളജി എന്നിവയുള്ള പ്രീമിയം സൗണ്ട് സിസ്റ്റവും ഫെയ്‌സ്‌ലിഫ്റ്റ് വാഗൺആറിന്റെ ഭാഗമാവും.

ഇത്തവണ സുരക്ഷയിൽ മാരുതി സുസുക്കി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹിൽ ഹോൾഡ് അസിസ്റ്റ്, ബേസ് വേരിയന്റ് മുതൽ നൽകുന്ന ഇരട്ട എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും ഫോഴ്‌സ് ലിമിറ്ററും, ബസറോടുകൂടിയ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, എന്നിങ്ങനെ 12+ സുരക്ഷാ ഫീച്ചറുകളുടെ ഒരു ലിസ്റ്റ് പുതിയ വാഗൺആറിനുണ്ട്.

സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്കിംഗ് സൗകര്യങ്ങളും പിൻ പാർക്കിംഗ് സെൻസറുകളും കാറിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യും. സെൻട്രൽ ലോക്കിംഗ് ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, സെക്യൂരിറ്റി അലാറം, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയും സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. ഇതിനു പുറമെ പുത്തൻ വാഗൺആറിൽ എബിഎസും ഇബിഡിയും സ്റ്റാൻഡേർഡായി നൽകുമെന്നതും മാരുതി സുസുക്കി പറഞ്ഞിട്ടുണ്ട്.

നിലവിൽ രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഗൺആറിന് കരുത്തേകുന്നത്. അതിലെ ആദ്യത്തെ 1.0 ലിറ്റർ K10B യൂണിറ്റ് 5,500 rpm-ൽ 67 bhp പവറും 3,500 rpm-ൽ 90 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തെ 1.2 ലിറ്റർ K12M എഞ്ചിൻ 6,000 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ 113 Nm torque ഉം വികസിപ്പിക്കും.

രണ്ട് പെട്രോൾ എഞ്ചിനുകളും 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 2022 മാരുതി സുസുക്കി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന് K10C 1.0 ലിറ്ററും K12N 1.2 ലിറ്റർ എഞ്ചിനും ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിക്കും.

ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയിലേക്കാണ് നയിക്കുക. അങ്ങനെ ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജ് വാഹനം നൽകുന്നു. K12N 1.2 ലിറ്റർ മോട്ടോർ പുതുതായി പുറത്തിറക്കിയ ബലേനോയിൽ കാണുന്നത് പോലെ തന്നെയായിരിക്കും. ഇത് പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ നൽകും. സിഎൻജി ഓപ്ഷൻ പിന്നീട് ലോഞ്ച് ചെയ്യാനും ബ്രാൻഡ് പദ്ധതിയിട്ടിട്ടുണ്ട്.

മാരുതി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗോ എന്നിവയ്‌ക്ക് എതിരാളിയായി തുടരും. മെച്ചപ്പെടുത്തിയ ഫീച്ചറുകളും മെച്ചപ്പെട്ട സുരക്ഷയും ഉള്ളതിനാൽ നിലവിലെ വിലയേക്കാൾ 10,000 രൂപ മുതൽ 15,000 രൂപ വരെയുള്ള നേരിയ വർധനവും കാറിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ പുറത്തിറങ്ങുന്ന വാഗൺആറിന് 5.18 ലക്ഷം മുതൽ 6.58 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതുക്കിയ വാഗൺആർ ഹാച്ച്ബാക്ക് 2022 മാർച്ച് അവസാനത്തോടെ ഷോറൂമുകളിൽ എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം 2022 മോഡൽ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കിയ മാരുതി സുസുക്കി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഉടനടി എർട്ടിഗ, XL6, എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകളും വിപണിയിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട്. കൂടാതെ ഈ വർഷം അവസാനത്തോടെ ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മിഡ് സൈസ് എസ്‌യുവിയും വിപണിയിൽ എത്തും.


Click it and Unblock the Notifications