ഇനി പറപറക്കാം, Venue കോംപാക്‌ട് എസ്‌യുവിയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റ് ഇന്ത്യയിലേക്ക്
കോംപാക്‌ട് എസ്‌യുവി നിരയിലെ ജനപ്രിയ മോഡലായ ഹ്യുണ്ടായി വെന്യുവിന് ഒരു പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിലേക്ക് വരികയാണ്. ഇതിനോടകം നിരത്തുകളിൽ പരീക്ഷണത്തിന് വിധേയമാക്കിയ പുത്തൻ വെന്യു അധികം വൈകാതെ തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന.

പുതിയ വരവിൽ ധാരാളം പരിഷ്ക്കരണങ്ങളും പുതുമകളുമായാകും ഹ്യുണ്ടായി വെന്യു ഇന്ത്യയിലെത്തുക. മാത്രമല്ല കൂടൂതൽ സ്പോർട്ടിയറായ എസ്‌യുവിയുടെ N-ലൈൻ വേരിയന്റും കമ്പനി ആഭ്യന്തര വിപണിക്കായി സമ്മാനിക്കും എന്നതാണ് സന്തോഷകരമായ വസ്‌തുത. അത് വരാനിരിക്കുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇന്ത്യയിൽ ലഭ്യമായ ഹ്യുണ്ടായി i20 N-ലൈൻ പോലെ വെന്യു N-ലൈനും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ സഹായിക്കുന്ന നിരവധി കോസ്മെറ്റിക് നവീകരണങ്ങൾ നേടും.

ഫ്രണ്ട് ഫെൻഡറിൽ N-ലൈൻ ബാഡ്‌ജിംഗ്, താഴത്തെ ഭാഗങ്ങളിൽ ചുവന്ന ആക്‌സന്റുകൾ ഉള്ള പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, റൂഫ് റെയിലുകളിൽ ചുവന്ന ഇൻസെർട്ടുകൾ, പുതിയ അലോയ് വീൽ ഡിസൈൻ, ഡ്യുവൽ ടിപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ എസ്‌യുവിയുടെ സ്പോർട്ടി വേരിയന്റിന്റെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നുള്ള ചില ഡിസൈൻ മാറ്റങ്ങൾ N-ലൈൻ മോഡലിലേക്കും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൊണ്ടുപോകും. അതായത് ട്യൂസോണിന് സമാനമായ 'പാരാമെട്രിക്' ഗ്രിൽ ഡിസൈനോടുകൂടിയ പുതിയ ഫ്രണ്ട്-എൻഡ് സ്റ്റൈലിംഗ്, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകൾ, സ്ലീക്കർ ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം മിനുങ്ങിയെത്തുന്ന വെന്യു എസ്‌യുവിയുടെ ഭാഗമാകും.

ഉള്ളിൽ വെന്യു N-ലൈൻ നിലവിലെ മോഡലിന്റെ അതേ ഡിസൈനും ലേഔട്ടും മുന്നോട്ട് കൊണ്ടുപോകുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാൽ ഇത് ചുവപ്പ് ആക്‌സന്റുകളും ക്യാബിന് ചുറ്റും 'N' ലോഗോകളും ഉള്ള ഒരു കറുത്ത ഇന്റീരിയർ തീം ആയിരിക്കും അകത്തളത്തിൽ ഒരുക്കുകയെന്നു മാത്രം. അതായത് മറ്റ് N-ലൈൻ മോഡലുകളിൽ കാണുന്നതിന് സമാനമാണെന്ന് സാരം.

വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവോടെ ഉപകരണ നിലകളും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും അതിന്റെ ലോഞ്ചിനോട് അടുത്ത് മാത്രമായിരിക്കും പുതിയ ഫീച്ചറുകൾ എന്തേലും വാഹനത്തിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവൂ. ഇതിന് ഫീച്ചർ അപ്‌ഗ്രേഡുകളും മെച്ചപ്പെട്ട സുരക്ഷയും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജർ, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പുതിയ ഇന്റീരിയർ തീം, അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ഇത് വരാൻ സാധ്യതയുണ്ട്.

ഇനി കോംപാക്‌ട് എസ്‌യുവിയുടെ മെക്കാനിക്കൽ പരിഷ്ക്കരണങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യയിലെത്തുന്ന i20 N-ലൈനിലെ പോലെ തന്നെ 120 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമായ 1.0 ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെ ഹ്യുണ്ടായി വെന്യു N-ലൈനിൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് നോക്കിയാൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക്, 6 സ്പീഡ് iMT യൂണിറ്റ് എന്നിവയായിരിക്കും ഹ്യുണ്ടായി അണിനിരത്തുക. എന്നിരുന്നാലും സ്റ്റാൻഡേർഡ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും കോംപാക്‌ട് എസ്‌യുവിയിൽ നിലവിൽ ലഭ്യമായ 1.5 ലിറ്റർ ഡീസലും ഉപയോഗിക്കുന്നത് തുടരും.

എല്ലാ ഹ്യുണ്ടായി വെന്യു മോഡലുകളിലും ഡ്യുവൽ എയർബാഗുകൾ, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് വാണിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ അവശ്യ ഘടകങ്ങളെല്ലാം ലഭിക്കുന്നുമുണ്ട്. N-ലൈനിലും ഇവയെല്ലാം ഇടംപിടിക്കും.

വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വരും മാസങ്ങളിൽ ഹ്യുണ്ടായി പുതിയ വെന്യു N-ലൈൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എതിരാളികളുടെ കാര്യത്തിൽ മോഡലിന്റെ സ്പോർട്ടിയർ വേരിയന്റ് കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയുമായാകും നേരിട്ട് ഏറ്റുമുട്ടുക. ടൊയോട്ട അർബൻ ക്രൂയിസർ, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവയുടെ പുതുക്കിയ പതിപ്പുകളുടെ വരവ് ഈ സെഗ്‌മെന്റിലെ മത്സരം കൂട്ടും.

2019 മെയ് 21-നാണ് ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിൽ അവതരിക്കുന്നത്. ഇന്ത്യയിൽ 2,50,000 യൂണിറ്റ് വിൽപ്പന പിന്നിട്ട സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 6.99 ലക്ഷം മുതൽ 11.87 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മോഡലുകളുടെ ഒന്നിലധികം പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റുകളും ഹ്യുണ്ടായി ഒരുക്കുന്നുണ്ട്. അടുത്ത 1-2 വർഷത്തിനുള്ളിൽ കമ്പനി പുതിയ തലമുറയിലുള്ള ട്യൂസോൺ, വെന്യു ഫെയ്‌സ്‌ലിഫ്റ്റ്, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, പുതുക്കിയ കോന ഇവി, പുതിയ അയോണിക് 5 ഇവി എന്നിവ പുറത്തിറക്കും.


Click it and Unblock the Notifications








