കാത്തിരിപ്പ് അധികം നീളില്ല, എസ്‌യുവികളുടെ വല്യേട്ടനായ പുത്തൻ Toyota Land Cruiser ഓഗസ്റ്റിൽ ഇന്ത്യയിലേക്ക്
ലാൻഡ് ക്രൂയിസറിന്റെ പുതുതലമുറ മോഡലിനെ കാത്തിരിക്കുകയാണ് ഇന്ത്യയും വാഹന പ്രേമികളും. ലാൻഡ് ക്രൂയിസർ LC300 ഇതിനകം തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ കമ്പനി അവതരിപ്പിച്ച് ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

പുറത്തിറക്കിയ എല്ലായിടത്തും ലാൻഡ് ക്രൂയിസറിനായി അനുവദിച്ച ബാച്ചുകളെല്ലാം പൂർണമായും ടൊയോട്ട വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ എസ്‌യുവികളുടെ വല്യേട്ടനെ സ്വന്തമാക്കണേൽ 4 വർഷം വരെ കാത്തിരിക്കേണ്ടിയും വരുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഏറ്റവും പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ ഫെബ്രുവരിയിൽ ടൊയോട്ട ഡീലർമാർ V6 ഡീസൽ വേരിയന്റിനായുള്ള ബുക്കിംഗ് എടുത്തിരുന്നു. ആദ്യ ബാച്ച് വിറ്റുതീർക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. സെമികണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമവും വാഹന വ്യവസായത്തെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങളും കാരണം ബുക്കിംഗുകൾ ഇപ്പോൾ താത്ക്കാലികമായി ബ്രാൻഡ് നിർത്തിവെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണികളിൽ ലാൻഡ് ക്രൂയിസർ LC300 പതിപ്പിന് 3.5 ലിറ്റർ V6 ടർബോ പെട്രോളും 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനുമാണ് തുടിപ്പേകുന്നത്. എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ പരമാവധി 415 bhp പവറിൽ 650 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസയം മറുവശത്ത് വാഹനത്തിലെ ഡീസൽ എഞ്ചിൻ 30 bhp കരുത്തിൽ 700 Nm torque വരെയാണ് നൽകുന്നത്.

രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. വിശാലമായ ഗിയർ അനുപാതങ്ങളും ചെറിയ ഗിയർ സ്റ്റെപ്പുകളും സുഗമമായ റൈഡുകൾ, മെച്ചപ്പെട്ട പ്രാരംഭ ആക്സിലറേഷൻ, ഉയർന്ന വേഗതയിൽ മികച്ച ഇന്ധനക്ഷമത, മെച്ചപ്പെട്ട ഓഫ്-റോഡ് പ്രകടനം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പരുക്കൻ ശൈലി എടുത്തുപറയുന്ന രൂപം തന്നെയാണ് ലാൻഡ് ക്രൂയിസർ LC300-ൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. തിരശ്ചീന സ്ലാറ്റുകളുള്ള മുൻവശത്തെ ഗ്രിൽ, സംയോജിത ഡിആർഎല്ലുകളുള്ള ഹൈ മൗണ്ടഡ് ഹെഡ്‌ലാമ്പുകൾ, ടോ ഹുക്കുകൾ, ചിസൽഡ് ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ എന്നിവ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

പിൻഭാഗത്തിന് റാപ്പ്റൗണ്ട് ടെയിൽലാമ്പുകളും ചങ്കി ബമ്പറും ഉള്ള ഫ്ലാറ്റ് ഡിസൈനാണ് ലാൻഡ് ക്രൂയിസറിന്റെ മറ്റൊരു ആകർഷണം. വിപുലമായ ആക്സസറികൾ ഉപയോഗിച്ച് എസ്‌യുവിയെ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നതും വലിയൊരു നേട്ടമാണ്. പുറത്ത് പരുക്കൻ ശൈലിയാണ് മുന്നോട്ടു കൊണ്ടുപോവുന്നതെങ്കിലും അകത്ത് കൂടുതൽ സുഖ-ആഡംബര സൌകര്യങ്ങളോടു കൂടിയാണ് ടൊയോട്ട എസ്‌യുവിയെ നിർമിച്ചിരിക്കുന്നത്.

സ്പേസിന്റെ കാര്യത്തിലും സമ്പന്നമാണ് പുതുതലമുറ ലാൻഡ് ക്രൂയിസർ. വലിയ മൂൺറൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 14 സ്പീക്കർ JBL പ്രീമിയം ഓഡിയോ സിസ്റ്റം, 4 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാമാണ് വാഹനത്തിന്റെ ഇന്റീരിയറിൽ ജാപ്പനീസ് നിർമാതാക്കൾ സമ്മാനിച്ചിരിക്കുന്നത്.

സ്‌ക്രീനിൽ 7 ഇഞ്ച് എംഐഡിയും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്ന രീതിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സവിശേഷതകളിൽ ചിലത് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതുതലമുറ ആവർത്തനത്തിൽ എസ്‌യുവി അതിന്റെ പുതിയ ലാഡർ ഫ്രെയിം ഷാസി പോലുള്ള ചില പ്രധാന നവീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

GA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഷാസി ഉയർന്ന കാഠിന്യം പ്രദാനം ചെയ്യുന്നതു കൂടാതെ അതിന്റെ മുൻഗാമിയേക്കാൾ 200 കിലോ ഭാരം കുറവാണ് പുത്തൻ ലാൻഡ് ക്രൂയിസർ LC300 പതിപ്പിന്. ഈ പരിഷ്ക്കാരങ്ങളെല്ലാം സുഗമവും ശാന്തവുമായ റൈഡിംഗ് ഗുണനിലവാരം, കൂട്ടിയിടി ഉണ്ടാകുമ്പോൾ മെച്ചപ്പെടുത്തിയ സുരക്ഷ എന്നിവ പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

ലാൻഡ് ക്രൂയിസർ LC300 സുരക്ഷാ കഴിവുകൾ തെളിയിക്കുന്നതിനായി ഈ വർഷമാദ്യം ANCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിൽ എസ്‌യുവിക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചതും. മുതിർന്നവരുടെ സുരക്ഷയിൽ 89 ശതമാനവും കുട്ടികളുടെ സംരക്ഷണത്തിന് 88 ശതമാനവും സ്കോർ ചെയ്തു.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിവേഴ്‌സിംഗ് ക്യാമറയും സെൻസറുകളും, മൾട്ടി-ടെറൈൻ മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, പ്രീ-കൊളിഷൻ സിസ്റ്റം എന്നിങ്ങനെ സമഗ്രമായ സുരക്ഷാ ഫീച്ചറുകളാണ് 2022 ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

ലാൻഡ് ക്രൂയിസർ LC300 മോഡലിനുള്ള മറ്റ് അപ്‌ഡേറ്റുകളിൽ പുതുതായി വികസിപ്പിച്ച സസ്പെൻഷൻ സിസ്റ്റം ഉപയോഗിച്ച് റൈഡ് സുഖവും സ്റ്റിയറിംഗ് നിയന്ത്രണവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

'ടൊയോട്ട കണക്റ്റഡ് സർവീസസ്' പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണി ആക്‌സസ് ചെയ്യാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. മോഷ്ടിച്ച വാഹന ട്രാക്കിംഗ്, ഓട്ടോമാറ്റിക് കൂട്ടിയിടി അറിയിപ്പ്, SOS എമർജൻസി കോൾ എന്നിവയും എസ്‌യുവിയുടെ ചില പ്രധാന കണക്റ്റിവിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








